Articles
അറബ് പാർട്ടികളും ഇസ്റാഈലിലെ മുസ്്ലിംകളും
വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരയോഗ്യമായ റോഡുകളും മുസ്്ലിം പ്രദേശങ്ങളില്‍ കുറവാണ്. അറബ് മുസ്്ലിം കുടുംബങ്ങളില്‍ പകുതിയിലധികവും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. മുസ്്ലിംകള്‍ ജനസംഖ്യയുടെ 20 ശതമാനമാണെങ്കിലും അവരുടെ കൈവശമുള്ള ഭൂമി മൂന്ന് ശതമാനമാണ്. മുസ്്ലിം സമൂഹങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വികസന ഫണ്ടുകള്‍ ഓരോ വര്‍ഷവും കുറച്ചുകൊണ്ടിരിക്കുന്നു.
അടുത്ത ഇസ്‌റാഈല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ യാഷ് പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിനെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഔദ്യോഗികമായി ക്ഷണിച്ചു. 120 അംഗ നെസറ്റില്‍ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഉള്‍പ്പെട്ട ഭരണ മുന്നണി സഖ്യം 53 സീറ്റുകള്‍ നേടിയപ്പോള്‍ ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 48 സീറ്റുകളാണ്. കൂടുതല്‍ സീറ്റുകള്‍ ലഭിച്ച നെതന്യാഹുവിനെ ക്ഷണിക്കാതെ സീറ്റുകള്‍ കുറഞ്ഞ പ്രതിപക്ഷ നേതാവു കൂടിയായ ഗഡി ഐസന്‍കോട്ടിനെ പ്രസിഡന്റ് ക്ഷണിച്ചത് 19 സീറ്റുകള്‍ ലഭിച്ച അറബ് പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു. എന്നാല്‍ അറബ് പാര്‍ട്ടികളെ തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ ഐസന്‍കോട്ട് തീരുമാനമെടുത്തിട്ടില്ല. ഒരുപക്ഷേ അറബ് പാര്‍ട്ടികളെ മാറ്റിനിര്‍ത്തുന്നതിന് വേണ്ടി ബദ്ധശത്രുക്കളായ നെതന്യാഹുവും ഐസന്‍കോട്ടും കൈകോര്‍ത്ത് ഐക്യ സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ അത്ഭുതപ്പെടാനില്ല.
അറബ് പാര്‍ട്ടികളെ കൂടെ ചേര്‍ക്കുന്നതില്‍ ജൂത പാര്‍ട്ടികളില്‍ കടുത്ത എതിര്‍പ്പുണ്ട്. ജൂത പാര്‍ട്ടികളുടെ സര്‍ക്കാറിനെ പിന്തുണക്കുന്നതില്‍ അറബ് പാര്‍ട്ടികളിലും എതിര്‍പ്പുണ്ട്. തങ്ങളെ അംഗീകരിക്കാത്ത ഒരു സര്‍ക്കാറിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അറബ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അത് അവരുടെ രാഷ്ട്രീയ അടിത്തറ ഇളക്കുന്ന തീരുമാനമായിരിക്കും. അതേസമയം, അറബ് പാര്‍ട്ടികള്‍ ഐസന്‍കോട്ടിനെ പിന്തുണക്കുന്നത് നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണെന്ന് കരുതുന്നവരുമുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 28 ദിവസത്തെ സമയമാണ് ഐസന്‍കോട്ടിനുള്ളത്. 14 ദിവസം കൂടി സമയം നീട്ടിനല്‍കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ആദ്യത്തെയാള്‍ക്ക് സര്‍ക്കാര്‍ രൂപവത്കരണം അസാധ്യമായാല്‍ രണ്ടാമത്തെയാളെ ക്ഷണിക്കാം.
ബെഞ്ചമിന്‍ നെതന്യാഹുവിനു പകരം ഐസന്‍കോട്ട് പ്രധാനമന്ത്രിപദം ഏറ്റെടുത്തതുകൊണ്ട് ഇസ്‌റാഈല്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതെങ്കിലും ഫലസ്തീനികളുടെ ദുരിതത്തിന് അറുതി വരാനും പോകുന്നില്ല. ഫലസ്തീന്‍, ഗസ്സ, വെസ്റ്റ് ബാങ്ക്, ഹമാസ് തുടങ്ങിയ വിഷയങ്ങളില്‍ നെതന്യാഹുവും ഐസന്‍കോട്ടും സമാന നിലപാടുകാരാണ്. നെതന്യാഹു മാറിയാല്‍ ഫലസ്തീനികള്‍ക്കെതിരെ തുടരുന്ന യുദ്ധം അവസാനിപ്പിക്കുമെന്നോ ഇസ്‌റാഈല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നോ കരുതേണ്ടതില്ല. ഭരണമാറ്റം കൊണ്ട് അറബി പാര്‍ട്ടികള്‍ക്ക് നെതന്യാഹുവിനെ പുറത്താക്കി എന്നാശ്വസിക്കാം എന്ന് മാത്രം. മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റമഅ പാര്‍ട്ടിയും യൂസുഫ് ജബ്‌രീന്റെ നേതൃത്വത്തിലുള്ള ജോയിന്റ് ലിസ്റ്റും ഇത്തവണ നേടിയത് ചരിത്ര വിജയമാണ്. ഹദാശ്, താല്‍, ബലദ് എന്നീ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ജോയിന്റ് ലിസ്റ്റ്. റമഅയെ യാഥാസ്ഥിതിക പാര്‍ട്ടിയായി വിലയിരുത്തുമ്പോള്‍ ജോയിന്റ് ലിസ്റ്റിനെ ഇടതുപക്ഷ പാര്‍ട്ടിയെന്നാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ റമഅ ജോയിന്റ് ലിസ്റ്റ് സഖ്യത്തില്‍ അംഗമായിരുന്നു. അറബ് പാര്‍ട്ടികളിലെ വോട്ടര്‍മാരില്‍ 99 ശതമാനവും മുസ്‌ലിംകളാണ്.
ഇസ്‌റാഈല്‍ ജൂത രാജ്യമാണ്. പിന്നെ എങ്ങനെയാണ് അവിടെ ഇത്രയധികം മുസ്‌ലിംകളുണ്ടായി എന്ന ചോദ്യം സ്വാഭാവികമാണ്. ഇസ്‌റാഈല്‍ പഴയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. 1948ല്‍ ഇസ്‌റാഈല്‍ ജൂത രാജ്യമായി രൂപംകൊണ്ടപ്പോള്‍ തദ്ദേശീയരായ ദശലക്ഷക്കണക്കിന് അറബ് ജനതക്ക്, അതായത് മുസ്‌ലിംകള്‍ക്ക്, തങ്ങളുടെ വീടും വസ്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. എന്നാല്‍ കുറെ പേര്‍ ജനിച്ച മണ്ണിനെ മാറോടുചേര്‍ത്ത് അവിടെ തുടര്‍ന്നു. പിന്നീട് അവര്‍ക്ക് ഇസ്‌റാഈല്‍ പൗരത്വം നല്‍കി. ഇപ്പോള്‍ അവര്‍ അറബ് മുസ്‌ലിംകള്‍ എന്നറിയപ്പെടുന്നു. ജനസംഖ്യയില്‍ 20 ശതമാനം മുസ്‌ലിംകളാണ്.
മുസ്‌ലിംകള്‍ രണ്ടാംതരം പൗരന്മാരാണ്. സൈനിക സേവനത്തില്‍ നിന്ന് മുസ്‌ലിംകള്‍ പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. ആഭ്യന്തര അന്വേഷണത്തിലും അന്താരാഷ്ട്ര റിപോര്‍ട്ടുകളിലും ചൂണ്ടിക്കാട്ടുന്നത് മുസ്‌ലിംകളോടുള്ള വിവേചനങ്ങളെക്കുറിച്ചാണ്.
2003ല്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ഓര്‍ കമ്മീഷനും അറബ് സമൂഹത്തോടുള്ള സര്‍ക്കാറിന്റെ സമീപനം വിവേചനപരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2000 ഒക്ടോബറില്‍ അറബ് വംശജരും ഇസ്‌റാഈല്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സുപ്രീം കോടതി ജഡ്ജിയായിരുന്ന തിയോഡോര്‍ ഓര്‍ അധ്യക്ഷനായി കമ്മീഷനെ ഇസ്‌റാഈല്‍ സര്‍ക്കാര്‍ നിയോഗിച്ചത്. വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരയോഗ്യമായ റോഡുകളും മുസ്‌ലിം പ്രദേശങ്ങളില്‍ കുറവാണ്. അറബ് മുസ്‌ലിം കുടുംബങ്ങളില്‍ പകുതിയിലധികവും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. മുസ്‌ലിംകള്‍ ജനസംഖ്യയുടെ 20 ശതമാനമാണെങ്കിലും അവരുടെ കൈവശമുള്ള ഭൂമി മൂന്ന് ശതമാനമാണ്. മുസ്‌ലിം സമൂഹങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വികസന ഫണ്ടുകള്‍ ഓരോ വര്‍ഷവും കുറച്ചുകൊണ്ടിരിക്കുന്നു.
അറബ് പാര്‍ട്ടികളുടെ പിന്തുണയില്‍ ഒരു സര്‍ക്കാര്‍ രൂപവത്കരിച്ചതുകൊണ്ട് ഇസ്‌റാഈലിലെ മുസ്‌ലിംകളുടെ ദുരവസ്ഥക്ക് മാറ്റം വരണമെന്നില്ല. 1993ല്‍ ഇസ്ഹാക് റാബിന്റെയും 2021ല്‍ നഫ്താലി ബെന്നറ്റിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത് അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു. എന്നിട്ടും അവിടെയുള്ള അറബ് മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല എന്ന സത്യം മുമ്പിലുണ്ട്.






