Connect with us

Uae

ആഗോള സൈനിക-സിവില്‍ മെഡിക്കല്‍ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിര്‍ദേശിച്ച് ഡോ. ഷംഷീര്‍ വയലില്‍

'ആവശ്യഘട്ടങ്ങളില്‍ സജ്ജം, പരീക്ഷണങ്ങളില്‍ കരുത്തുറ്റത്' എന്ന പ്രമേയത്തില്‍ യുഎഇ പ്രതിരോധ മന്ത്രാലയവും അഡ്നെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള സൈനിക, സിവില്‍ ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.

Published

|

Last Updated

അബുദാബി |  സങ്കീര്‍ണമാകുന്ന യുദ്ധ സാഹചര്യങ്ങളെയും സാങ്കേതിക വെല്ലുവിളികളെയും നേരിടാന്‍ സൈനിക സിവില്‍ മെഡിക്കല്‍ മേഖലകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ഗള്‍ഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. യുഎഇ ആദ്യമായി ആതിഥ്യമരുളുന്ന ലോക സൈനിക മെഡിക്കല്‍ കോണ്‍ഗ്രസിലാണ് രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളും മാനുഷിക ആരോഗ്യ പരിരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ‘ആഗോള സൈനിക-സിവില്‍ മെഡിക്കല്‍ പങ്കാളിത്തം’ എന്ന പുതിയൊരു മാതൃക ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ മുന്നോട്ടുവച്ചത്.

ഒരുമിച്ചുള്ള തയ്യാറെടുപ്പിലൂടെയും നവീകരണത്തിലൂടെയും സുസ്ഥിരമായ ശേഷി കെട്ടിപ്പടുക്കാനുള്ള ലക്ഷ്യത്തിലൂന്നിയ പ്രായോഗിക കര്‍മപദ്ധതിയാണ് കോണ്‍ഗ്രസിന്റെ 46-ാം പതിപ്പിലെ മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ‘ആവശ്യഘട്ടങ്ങളില്‍ സജ്ജം, പരീക്ഷണങ്ങളില്‍ കരുത്തുറ്റത്’ എന്ന പ്രമേയത്തില്‍ യുഎഇ പ്രതിരോധ മന്ത്രാലയവും അഡ്നെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള സൈനിക, സിവില്‍ ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.

 

യുദ്ധരീതികളിലുണ്ടായ മാറ്റം, ഡ്രോണ്‍ നിരീക്ഷണം, സൈബര്‍ ആക്രമണങ്ങള്‍, മെഡിക്കല്‍ സപ്ലൈ ചെയിനിലെ വെല്ലുവിളികള്‍ എന്നിവ യുദ്ധക്കളത്തിലെ പരുക്കുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ സൈനിക വൈദ്യശാസ്ത്രത്തെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഡോ. ഷംഷീര്‍ ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ ഈ സംയുക്ത പങ്കാളിത്തം അനിവാര്യമാണ്. നൂതന ചികിത്സാ സൗകര്യങ്ങള്‍, സാങ്കേതികവിദ്യയും നവീകരണവും, അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, ദേശീയതലത്തിലുള്ള തയാറെടുപ്പുകള്‍ എന്നീ നാല് മേഖലകളില്‍ സ്വകാര്യ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഗാസയില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനായി അല്‍ അരിഷില്‍ പ്രവര്‍ത്തിക്കുന്ന യുഎഇയുടെ ഫ്‌ലോട്ടിങ് ആശുപത്രി സൈനിക-സിവില്‍ മെഡിക്കല്‍ സഹകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

അഡ്നെക് സെന്ററില്‍ നടക്കുന്ന കോണ്‍ഗ്രസ് നവംബര്‍ 13-ന് സമാപിക്കും. സമ്മേളനത്തിന്റെ തന്ത്രപ്രധാന പങ്കാളി കൂടിയാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

Content Highlights: Burjeel Holdings Chairman Dr. Shamshir Vayalil proposed a global military-civilian medical partnership model at the World Congress in Abu Dhabi. He stressed joint readiness to address modern warfare and supply challenges, highlighting UAE’s floating hospital for Gaza as a prime example.

---- facebook comment plugin here -----

Latest