Connect with us

National

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

വ്യാജ രേഖകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ അറസ്റ്റ് ഇരകൾ എന്ന പേരിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിർദേശം.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളും മറ്റ് സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ വാട്സാപ്പ് ഉൾപ്പെടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് സുപ്രീം കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച നിർദേശങ്ങൾ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന് (Indian Cybercrime Coordination Centre) സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

വ്യാജ രേഖകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ അറസ്റ്റ് ഇരകൾ എന്ന പേരിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിർദേശം. കഴിഞ്ഞ മാസം 29 ന് നടന്ന വാദം കേൾക്കലിന്റെ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് ഈ മാസം 23 ന് കേസ് വീണ്ടും പരിഗണിക്കും.

തട്ടിപ്പുകൾ തടയാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനകം 9400 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തതായും വാട്സാപ്പ് കോടതിയെ അറിയിച്ചിരുന്നു. സ്വീകരിച്ച നടപടികൾ വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്നും പ്ലാറ്റ്ഫോം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കും മറ്റ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും സാമ്പത്തിക സ്ഥാപനങ്ങളെയും ഉത്തരവാദികളാക്കണമെന്ന് ഒക്ടോബർ 29 ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെയോ സ്ഥാപനത്തിന്റെയോ ജാഗ്രതക്കുറവ് മൂലമാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ, ഇരകൾക്കുണ്ടായ നഷ്ടം നികത്താൻ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്നും കോടതി ഊന്നിപ്പറഞ്ഞു.

ഇതിന് പുറമെ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ വിവരങ്ങളെക്കുറിച്ചും അവയിലെ അന്വേഷണ പുരോഗതിയെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമപാലകർക്കും ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.

Content Highlights:
The Supreme Court of India has directed WhatsApp to detail preventive measures against digital arrest scams and cybercrimes to the I4C. The bench emphasized cyber security, noting that banks must compensate victims if fraud results from their negligence. Next hearing is on November 23.

Latest