International
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കണം; അമേരിക്കയോട് ആവശ്യപ്പെട്ട് ഇറാന്
തര്‍ക്കങ്ങള്‍ സൈനിക നടപടികളിലൂടെയോ സാമ്പത്തിക ഉപരോധങ്ങള്‍ കടുപ്പിക്കുന്നതിലൂടെയോ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
തെഹ്റാന് | എട്ടുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്. സമാധാന ചര്‍ച്ചകളില്‍ അനുകൂലമായ പുരോഗതിയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ നയതന്ത്ര നീക്കം. ഖത്വര്‍, പാകിസ്താന് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
തര്‍ക്കങ്ങള്‍ സൈനിക നടപടികളിലൂടെയോ സാമ്പത്തിക ഉപരോധങ്ങള്‍ കടുപ്പിക്കുന്നതിലൂടെയോ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ബഹുമാനത്തോടെയുള്ള നയതന്ത്ര ചര്‍ച്ചകളിലൂടെയും ഇറാന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് അദ്ദേഹം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’യോട് പറഞ്ഞു,
തങ്ങളുടെ ഏഴ് പ്രധാന നിബന്ധനകള്‍ അംഗീകരിച്ചാല്‍ 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്ക് വഴി പൂര്‍ണമായ നാവിക ഗതാഗതം പുനഃസ്ഥാപിക്കാന്‍ തയ്യാറാണെന്ന് ഇറാന് വ്യക്തമാക്കി. നയതന്ത്ര ചര്‍ച്ചകളില്‍ മാറ്റമില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, എണ്ണ ഉപരോധം പിന്‍വലിക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന് മുന്നോട്ടുവെച്ച പ്രധാന നിബന്ധനകള്‍.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതില്‍ അനുകൂലമായ പുരോഗതിയുണ്ടെന്നും എന്നാല്‍ അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ എന്നും വൈറ്റ് ഹൗസില്‍ ഖത്വര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. 2026 ഫെബ്രുവരിയില്‍ യു എസ്-ഇസ്റാഈല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന യുദ്ധം ആരംഭിച്ചത്.
Content Highlights: Iran has demanded that the United States accept its specific conditions to reopen the strategic Strait of Hormuz. The passage is crucial for international maritime trade and global crude oil transport. This development marks a sharp escalation in ongoing geopolitical tensions in the region.



