National
റെയിൽവേ സ്റ്റേഷനുകളിൽ ഇനി സ്മാർട്ട് ചവറ്റുകുട്ടകൾ; മാലിന്യം നിറഞ്ഞാൽ ഉടൻ മെസ്സേജ് എത്തും, അറിയേണ്ടതെല്ലാം
യാത്രക്കാരുടെ തിരക്കേറിയ സ്റ്റേഷനുകളിലാണ് ഈ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക.
ന്യൂഡൽഹി | റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യ സംസ്കരണം സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സെൻസറുകൾ ഘടിപ്പിച്ച ഐ ഒ ടി സ്മാർട്ട് ഡസ്റ്റ്ബിന്നുകൾ (IoT Smart Dustbin) സ്ഥാപിക്കുന്നു. ഇന്റർനെറ്റ് ഓഫ് തിങ്സ് (Internet of Things), ജി പി എസ് ട്രാക്കിംഗ് (GPS Tracking), മാലിന്യം കംപ്രസ് ചെയ്യാനുള്ള പ്രത്യേക സംവിധാനം എന്നിവ ഉൾപ്പെടുത്തിയ നൂതന ചവറ്റുകുട്ടകളാണ് തിരഞ്ഞെടുക്കപ്പെട്ട എൻ എസ് ജി 2 കാറ്റഗറി സ്റ്റേഷനുകളിൽ റെയിൽവേ സജ്ജമാക്കുന്നത്. 240 ലിറ്റർ ശേഷിയുള്ള ഈ ചവറ്റുകുട്ടകളിൽ മാലിന്യത്തിന്റെ അളവ് തത്സമയം നിരീക്ഷിക്കാനും അവ നിറഞ്ഞൊഴുകുന്നതിന് മുമ്പ് തന്നെ മാറ്റാനും അധികൃതരെ സഹായിക്കും.
യാത്രക്കാരുടെ തിരക്കേറിയ സ്റ്റേഷനുകളിലാണ് ഈ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക. ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവ് നിരന്തരം നിരീക്ഷിക്കാൻ നൂതന സെൻസറുകൾ ഉപയോഗിക്കുമെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അമിത് സുദർശൻ വ്യക്തമാക്കി. ചവറ്റുകുട്ട നിറയാറാകുമ്പോൾ സിസ്റ്റം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അലർട്ട് നൽകും. അതിനാൽ പൂർണ്ണമായും നിറയുന്നതിന് മുമ്പ് തന്നെ മാലിന്യം നീക്കം ചെയ്യാൻ ശുചീകരണ തൊഴിലാളികൾക്ക് സാധിക്കും. മുൻകൂട്ടി നിശ്ചയിച്ച പരിധിയിൽ മാലിന്യം എത്തുമ്പോഴാണ് സെൻസറുകൾ അലർട്ട് നൽകുന്നത്. ഇത് പ്ലാറ്റ്ഫോമുകളിലും മറ്റ് പ്രദേശങ്ങളിലും മാലിന്യം ചിതറിക്കിടക്കുന്നത് പൂർണ്ണമായും തടയാൻ സഹായിക്കും.
ഐ ഒ ടി അധിഷ്ഠിത പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ചവറ്റുകുട്ടയുടെ പ്രവർത്തന വിവരങ്ങൾ റിമോട്ട് ആയി നിരീക്ഷിക്കാൻ കഴിയും. ഏത് ചവറ്റുകുട്ടയാണ് ആദ്യം വൃത്തിയാക്കേണ്ടത് എന്ന് തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. കൂടാതെ ഡസ്റ്റ്ബിന്നിനുള്ളിൽ മാലിന്യം അമർത്തി വെക്കാനുള്ള പ്രത്യേക കംപാക്റ്റർ സംവിധാനവും ഇതിലുണ്ട്. ഇത് മാലിന്യത്തിന്റെ വ്യാപ്തി കുറയ്ക്കുകയും ലഭ്യമായ സ്ഥലത്ത് കൂടുതൽ മാലിന്യം ഉൾക്കൊള്ളാൻ സഹായിക്കുകയും ചെയ്യും. സാധാരണ ഡസ്റ്റ്ബിന്നുകളെ അപേക്ഷിച്ച് 58 മടങ്ങ് കൂടുതൽ സംഭരണ ശേഷിയാണ് ഈ സാങ്കേതികവിദ്യ നൽകുന്നത്.
ജി പി എസ് ട്രാക്കിംഗ് സംവിധാനവും ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്ന രൂപകൽപ്പനയും ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. ചവറ്റുകുട്ടയുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാൻ ജി പി എസ് സഹായിക്കും. സെൻസർ അധിഷ്ഠിത നിരീക്ഷണം, റിമോട്ട് കണക്റ്റിവിറ്റി, വേസ്റ്റ് കംപാക്ഷൻ എന്നിവ ഒരൊറ്റ സിസ്റ്റത്തിൽ സംയോജിപ്പിക്കുന്നതിലൂടെ റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യ സംസ്കരണം കൂടുതൽ സുഗമമാകും. യാത്രക്കാർക്ക് കൂടുതൽ വൃത്തിയുള്ള സ്റ്റേഷൻ പരിസരം ഉറപ്പാക്കുക എന്നതാണ് റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights:
Railways deployed IoT-enabled smart dustbins at key stations. Sensors track waste levels and alert officials before overflow. Compaction tech increases capacity by 58 times.


