Connect with us

Ongoing News

ഹാര്‍ദിക് മുംബൈയില്‍ നിന്ന് പഞ്ചാബിലേക്ക്; അര്‍ഷ്ദീപ് തിരിച്ചും; കൈമാറ്റം ഉടന്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, ഇരു ടീമുകളും താത്പര്യപത്രം കൈമാറിക്കഴിഞ്ഞു.

Published

|

Last Updated

മുംബൈ | ഐ പി എലില്‍ ഹാര്‍ദിക് പാണ്ഡ്യയെയും അര്‍ഷ്ദീപ് സിങ്ങിനെയും ഉള്‍പ്പെടുത്തി മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും തമ്മില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കൈമാറ്റം ഉടന്‍ പൂര്‍ത്തിയാകും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, ഇരു ടീമുകളും താത്പര്യപത്രം കൈമാറിക്കഴിഞ്ഞു. തീരുമാനമെടുക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൈമാറ്റങ്ങളില്‍ ചെറിയ കാലതാമസം നേരിട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും പഞ്ചാബ് കിങ്സിലേക്ക് മാറാന്‍ ഹാര്‍ദിക് സമ്മതിച്ചതായും സൂചനയുണ്ട്.

സാമ്പത്തിക വ്യവസ്ഥകളില്‍ (പ്രതിഫലം) ധാരണയായാല്‍, കരാറുകള്‍ കൈമാറുകയാണ് അടുത്ത ഘട്ടം. ബി സി സി ഐ ഉടന്‍ തന്നെ കൈമാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചേക്കും. ഇന്ത്യയിലെ ആഘോഷങ്ങളും അവധി ദിവസങ്ങളും കാരണം ഔദ്യോഗിക പ്രഖ്യാപനത്തില്‍ കാലതാമസം ഉണ്ടായേക്കാം.

ജസ്പ്രീത് ബുംറക്ക് മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്ന ഒരു ബൗളറെ മുംബൈ ഇന്ത്യന്‍സ് അന്വേഷിച്ചുവരികയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഐ പി എല്ലില്‍ ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍ എന്നിവരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതോടെ പുതിയ പന്തില്‍ നന്നായി എറിയാന്‍ കഴിവുള്ള ഒരു ബൗളറെ കണ്ടെത്തേണ്ടത് മുംബൈക്ക് അനിവാര്യമായിരുന്നു. ബുംറ കഴിഞ്ഞാല്‍, പുതിയ പന്തിലും ഡെത്ത് ഓവറുകളിലും നന്നായി പന്തെറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് അര്‍ഷ്ദീപ് കണക്കാക്കപ്പെടുന്നത്.

പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം, ഈ മാറ്റം കഴിഞ്ഞ അഞ്ച് വര്‍ഷമായി വഹിച്ചിരുന്ന നേതൃസ്ഥാനം ഒഴിയുക എന്നതാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് സീസണുകളിലും, തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷം മുംബൈ ഇന്ത്യന്‍സിനെയും താരം നയിച്ചു. എന്നാല്‍ പഞ്ചാബ് കിംഗ്‌സില്‍ ഹാര്‍ദികിന് അത്തരമൊരു ഉത്തരവാദിത്തം ലഭിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ രണ്ട് സീസണുകളിലായി ശ്രേയസ് അയ്യര്‍ ടീമിന്റെ നായകനായി ഉറച്ചുനില്‍ക്കുകയാണ്. മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കും ശ്രേയസിനെ എത്തിച്ചു.

ഇങ്ങനെയാണ് സാഹചര്യമെങ്കിലും ‘ടീം പ്ലെയര്‍’ എന്ന നിലയില്‍ ഹാര്‍ദികിന് നല്ല പേരുണ്ട്. യുവതാരങ്ങളില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. 19 വര്‍ഷത്തെ ചരിത്രത്തില്‍ 2014-ലും 2025-ലും മാത്രമാണ് പഞ്ചാബ് കിംഗ്‌സ് ഫൈനലിലെത്തിയത്. ഇതുവരെ ഐ പി എല്‍ കിരീടം നേടാന്‍ കഴിയാത്ത പഞ്ചാബിന്, ഹാര്‍ദികിന്റെ അനുഭവസമ്പത്തും ഓള്‍റൗണ്ട് മികവും വലിയ മുതല്‍ക്കൂട്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Indian all-rounder Hardik Pandya is expected to move from Mumbai Indians to Punjab Kings in an upcoming IPL trade deal. Left-arm pacer Arshdeep Singh will move in the opposite direction to join Mumbai. The franchise swap deal between the two teams is likely to be finalized and announced officially soon.

 

---- facebook comment plugin here -----

Latest