International
പശ്ചിമേഷ്യ സമാധാനത്തിന്റെ പുതിയ പുലരിയിലേക്ക്; കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്കൊടുവില്‍ ഇന്ത്യക്ക് നയതന്ത്ര മുന്നേറ്റം
ഇന്ത്യന്‍ വിപണി തിരിച്ചുവരവിന്റെ പാതയില്‍.
ദമാം | എട്ടുമാസമായി നീണ്ടുനിന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് അന്ത്യമാകുന്നു എന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്ന ഇറാന്റെ ഉറപ്പും ഇന്ത്യക്ക് പുതിയ പ്രതീക്ഷ നല്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും പ്രവാസി ആശങ്കകള്‍ക്കും ഒടുവില്‍ രാജ്യം വലിയൊരു നയതന്ത്ര വിജയമാണ് ഈ നീക്കത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ആവശ്യത്തിനുള്ള അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും പാചകവാതകത്തിന്റെ (LPG/LNG) 90 ശതമാനത്തോളവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായതിനാല്‍ ഈ യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും രാജ്യത്തിന്റെ ഊര്‍ജ-സാമ്പത്തിക മേഖലകളെ സാരമായി ബാധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നത് ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില വര്ധനവിക്കും വിപണിയില്‍ കടുത്ത നാണയപ്പെരുപ്പത്തിനും കാരണമായി.
കൂടാതെ, ഖത്വറില്‍ നിന്നുള്ള എല്‍ എന്‍ ജി വിതരണം തടസ്സപ്പെട്ടത് രാജ്യത്ത് വലിയ വളം ക്ഷാമം സൃഷ്ടിക്കുകയും കാര്‍ഷിക ചെലവുകള്‍ വര്‍ധിച്ച് കര്‍ഷകര്‍ ദുരിതത്തിലാകുകയും ചെയ്തു. എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയര്‍ന്നതോടെ യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്കാണ് കൂപ്പുകുത്തിയത്. ഗള്‍ഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ സുരക്ഷയും തൊഴിലും ഇക്കാലയളവില്‍ വലിയ അനിശ്ചിതത്വത്തിലായിരുന്നു.
എന്നാല്‍, വിജയകരമായ നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി നവംബര്‍ ആദ്യവാരം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന് പ്രത്യേക ഇളവ് അനുവദിച്ചത് വഴിത്തിരിവായി. യുദ്ധം സൈനികമായി അവസാനിക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്നുനല്‍കുമെന്ന ഇറാന്റെ ഉറപ്പ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വന്‍ ഉണര്‍വ് സമ്മാനിക്കും. യുദ്ധം വരുത്തിവെച്ച കനത്ത സാമ്പത്തിക-സാമൂഹിക ആഘാതങ്ങളില്‍ നിന്ന് രാജ്യം എത്രയും വേഗം പൂര്‍ണമായി കരകയറുമെന്ന വലിയ പ്രതീക്ഷയിലാണ് ഇപ്പോള്‍ ജനങ്ങളും പ്രവാസി സമൂഹവും.
Content Highlights:India has achieved a historic diplomatic milestone in West Asia following severe economic challenges in the region. The strategic breakthrough brings new hope for long-term peace, energy security, and trade stability. This victory strengthens India’s international relations while safeguarding the interests of millions of Indian expatriates.



