Connect with us

Kerala

ചരക്ക് നികുതി വെട്ടിപ്പ് കേസ്; മുന്‍ ജൂനിയര്‍ സൂപ്രണ്ടടക്കം മൂന്ന് പ്രതികള്‍ക്ക് കഠിന തടവും പിഴയും

നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസിലെ മുന്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന എല്‍ പുഷ്പറാണി, കന്യാകുമാരി സ്വദേശിയും വ്യാപാരിയുമായ കെ ഫ്രാന്‍സിസ്, വ്യാപാരികളുടെ ഏജന്റായി പ്രവര്‍ത്തിച്ച പാറശാല സ്വദേശി സതീഷ് കുമാര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനുള്ള മുന്‍കൂര്‍ നികുതി അടച്ചതില്‍ ക്രമക്കേട് നടത്തിയ കേസില്‍ നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസിലെ മുന്‍ ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് 32 വര്‍ഷം കഠിനതടവും 11,36,193 രുപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.തിരുവനന്തപുരം നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസിലെ മുന്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന എല്‍ പുഷ്പറാണി, കന്യാകുമാരി സ്വദേശിയും വ്യാപാരിയുമായ കെ ഫ്രാന്‍സിസ്, വ്യാപാരികളുടെ ഏജന്റായി പ്രവര്‍ത്തിച്ച പാറശാല സ്വദേശി സതീഷ് കുമാര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പുഷ്പറാണി വ്യാപാരിയും ഏജന്റുമായ പ്രതികളുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തി, ട്രഷറിയില്‍ അടച്ച മുന്‍കൂര്‍ നികുതിയുടെ ചെല്ലാനുകളില്‍ യഥാര്‍ത്ഥത്തില്‍ അടച്ച തുകയേക്കാള്‍ ഉയര്‍ന്ന തുക രേഖപ്പെടുത്തിയ വ്യാജ ചെല്ലാനുകള്‍ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നികുതി വെട്ടിപ്പ് നടത്താന്‍ സഹായിച്ചതിലൂടെ സര്‍ക്കാരിന് 26,58,595 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് വിജിലന്‍സ് കോടതിയുടെ നടപടി.

പുഷ്പറാണിയെയും സതീഷ് കുമാറിനെയും 32 വര്‍ഷം വീതം കഠിനതടവിനും 11,36,193 രൂപ വീതം പിഴ ഒടുക്കുന്നതിനും, ഫ്രാന്‍സിസ് കെ യെ 8 വര്‍ഷം കഠിന തടവിനും 6,11,560 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.അന്തര്‍സംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ട് സംസ്ഥാന വാണിജ്യ നികുതി വകുപ്പില്‍ വ്യാപാരികള്‍ അടയ്ക്കേണ്ട മുന്‍കൂര്‍ നികുതിയില്‍ 2007-2008 കാലഘട്ടത്തില്‍ വ്യാപാരികള്‍ ട്രഷറിയില്‍ യഥാര്‍ത്ഥത്തില്‍ അടച്ച തുകയേക്കാള്‍ ഉയര്‍ന്ന തുക ചെല്ലാനുകളുടെ ഡ്യൂപ്ലിക്കേറ്റ്, ട്രിപ്ലിക്കേറ്റ് പകര്‍പ്പുകളില്‍ രേഖപ്പെടുത്തി കൃത്രിമം നടത്തുകയും, ട്രഷറിയില്‍ അടച്ച നികുതി തുക പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതലയുണ്ടായിരുന്ന നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസിലെ അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് പുഷ്പറാണി ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

Content Highlights: A Thiruvananthapuram Vigilance Court sentenced three people including a former commercial tax junior superintendent in an interstate tax evasion case. The accused forged treasury challans causing a loss of over 26 lakh rupees. Rigorous imprisonment and hefty fines were imposed.

---- facebook comment plugin here -----

Latest