Connect with us

National

കെജ്‌രിവാളിനും മകള്‍ക്കും വധഭീഷണി; അപലപിച്ച് എ എ പി

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് എ എ പി നേതാക്കള്‍. ഇത്തരം ഭീഷണികള്‍ കണ്ട് ഭയപ്പെടുകയോ, ജനകീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയോ ചെയ്യില്ല.

Published

|

Last Updated

ചണ്ഡീഗഡ് | ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ എ പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകള്‍ ഹര്‍ഷിത കെജ്‌രിവാളിനും വധഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളാണ് ഏഴുകോടി രൂപ നല്‍കിയില്ലെങ്കില്‍ രണ്ടുപേരെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ പഞ്ചാബ് പോലീസ് കേസെടുത്തു.

ഡല്‍ഹിയിലെ തിലക് നഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ എ പി. എം എല്‍ എ. ജര്‍നൈല്‍ സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എസ് എ എസ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിന് ജര്‍നൈല്‍ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിത (ആചട), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിനാണ് അന്വേഷണച്ചുമതല.

ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട കോള്‍ വിവരങ്ങള്‍, ഐ പി ലോഗുകള്‍, ലൊക്കേഷന്‍ ഡാറ്റ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിലൂടെ വിളിച്ചയാളെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍, കെജ്‌രിവാളിനും കുടുംബത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ജര്‍നൈല്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പഞ്ചാബ് പോലീസ് വിപുലമായ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് ഈ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ‘ആന്റി-ഗാംഗ്സ്റ്റര്‍ ടാസ്‌ക് ഫോഴ്സുമായി’ (അഏഠഎ) സഹകരിച്ച് സംസ്ഥാനത്തുടനീളം നടത്തിയ ഓപറേഷനില്‍, പോലീസ് 406 റെയ്ഡുകള്‍ നടത്തുകയും 87 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പിടികിട്ടാപ്പുള്ളികളെ പിടികൂടുകയും ചെയ്തു. ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 83,529 ആണെന്ന് പോലീസ് അറിയിച്ചു.

ലോറന്‍സ് ബിഷ്‌ണോയി സംഘം പലതവണ പ്രമുഖരായ സെലിബ്രിറ്റികളെയും ഗായകരെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടിട്ടുണ്ട്. മുംബൈയില്‍ വെച്ച് നടന്‍ ടൈഗര്‍ ഷ്രോഫിന്റെ കാറിനു നേരെ മൂന്ന് അക്രമികള്‍ വെടിയുതിര്‍ത്ത സംഭവത്തിന് പിന്നാലെ, ഈ സംഘത്തിന്റെ അന്താരാഷ്ട്ര ശൃംഖല കഴിഞ്ഞ മാസം വീണ്ടും ചര്‍ച്ചാവിഷയമായിരുന്നു. സാമൂഹിക മാധ്യമ പോസ്റ്റുകളിലൂടെ, ഈ സംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ 2019-ലും കെജ്‌രിവാളിന് വധഭീഷണി ലഭിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഇമെയിലുകള്‍ വരികയും, തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ബി ജെ പി ബന്ധം ആരോപിച്ച് എ എ പി
ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി മുഴക്കുകയും ഏഴുകോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തെ ശക്തമായി അപലപിച്ച് ആം ആദ്മി പാര്‍ട്ടി (എ എ പി). സംഭവത്തില്‍ ബി ജെ പിക്ക് ബന്ധമുണ്ടെന്നും പാര്‍ട്ടി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് എ എ പി നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം ഭീഷണികള്‍ കണ്ട് ഭയപ്പെടുകയോ, ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയോ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു.

ഭീഷണി മുഴക്കിയ വ്യക്തി ഹരിയാന സ്വദേശിയാണെന്നും, ഇയാള്‍ക്ക് ബി ജെ പിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ സൂചന ലഭിച്ചതായി മുതിര്‍ന്ന എ എ പി നേതാവും മന്ത്രിയുമായ ഹര്‍പാല്‍ സിംഗ് ചീമ അറിയിച്ചു. ‘പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും, സംസ്ഥാനത്ത് ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യം സൃഷ്ടിക്കാനുമാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ചീമ ആരോപിച്ചു.

‘സമാധാനകാംക്ഷികളായ ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഭീകരത പരത്താനും വര്‍ഗീയ സൗഹാര്‍ദം തകര്‍ക്കാനുമുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ഒരു രാഷ്ട്രീയ നേതാവിന്റെ ജീവന് ഭീഷണി ഉയര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനുമുള്ള ഏത് നീക്കവും അനുവദിക്കില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Arvind Kejriwal and his daughter have received death threats, sparking serious security concerns. The Aam Aadmi Party strongly condemned the incident and demanded immediate police action. Party leaders urged authorities to ensure the safety of Kejriwal and his family.

 

Latest