National
വിവാഹം കഴിഞ്ഞതിനാലോ ജോലിയുള്ളതിനാലോ വാഹനാപകട നഷ്ടപരിഹാരം നിഷേധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി
മരിച്ചയാളെ സാമ്പത്തികമായി പൂര്‍ണ്ണമായി ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് മാത്രമായി മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള നഷ്ടപരിഹാരം ചുരുക്കാനാവില്ലെന്ന് ജസ്റ്റിസ് അനീഷ് ദയാല്‍
ന്യൂഡല്‍ഹി | വിവാഹം കഴിഞ്ഞതിനാലോ ജോലിയുള്ളതിനാലോ കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്നതിനാലോ വാഹനാപകട നഷ്ടപരിഹാരം നിഷേധിക്കാനാവില്ലന്ന് ഡല്‍ഹി ഹൈക്കോടതി. മരിച്ചയാളെ സാമ്പത്തികമായി പൂര്‍ണ്ണമായി ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് മാത്രമായി മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള നഷ്ടപരിഹാരം ചുരുക്കാനാവില്ലെന്ന് ജസ്റ്റിസ് അനീഷ് ദയാല്‍ പറഞ്ഞു.
കുടുംബാംഗങ്ങള്‍ക്കിടയിലെ സാമ്പത്തിക സഹായങ്ങളും ഇന്ത്യന്‍ കുടുംബ വ്യവസ്ഥയുടെ പശ്ചാത്തലവും കണക്കിലെടുത്താണ് ആശ്രിതത്വം വിലയിരുത്തേണ്ടതെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞാലും വിത്യസ്ത വീടുകളില്‍ താമസിച്ചാലും പരസ്പരം സാമ്പത്തിക സഹായങ്ങള്‍ പങ്കുവെക്കുന്ന രീതി നിലനില്‍ക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിത്യജീവിതച്ചെലവുകള്‍ക്ക് മരിച്ചയാളെ ആശ്രയിച്ചിരുന്നില്ല എന്നതുകൊണ്ട് മാത്രം ഒരാള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന് അര്‍ത്ഥമില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹിതരും സ്വന്തമായി വരുമാനമുള്ളവരുമായ മക്കള്‍, പങ്കാളി അല്ലെങ്കില്‍ സഹോദരങ്ങള്‍ എന്നിവരെ നഷ്ടപരിഹാരത്തില്‍നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ലന്നും പൂര്‍ണ്ണ ആശ്രിതര്‍ക്ക് കൂടുതല്‍ വിഹിതവും ഭാഗിക ആശ്രിതര്‍ക്ക് അതിനനുസരിച്ചുള്ള വിഹിതവുമാണ് ലഭ്യമാകുക.
2015 ഓഗസ്റ്റ് 31നുണ്ടായ വാഹനാപകടത്തില്‍ ചമന്‍ലാല്‍ എന്നവരും അവിവാഹിതയായ മകള്‍ മീനു എന്നിവരും മരണപ്പെട്ടിരുന്നു. ഇവരുടെ മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മീനുവിന്റെ സഹോദരിയായ ചമന്‍ലാലിന്റെ മറ്റൊരു മകള്‍ സവിത ക്ലെയിം ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ മീനുവിന്റെ മരണത്തിന് 9,27,100 രൂപയും ചമന്‍ലാലിന്റെ മരണത്തിന് 13,15,600 രൂപയും നഷ്ടപരിഹാരം വിധിച്ചെങ്കിലും സവിത വിവാഹിതയായതിനാല്‍ പിതാവിനെ സാമ്പത്തികമായി ആശ്രയിച്ചിരുന്നില്ലെന്ന് പറഞ്ഞ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഈ ഉത്തരവിനെ ചോദ്യം ചെയ്തു. താനും സഹോദരിയും പരസ്പരം സാമ്പത്തികമായി സഹായിച്ചിരുന്നതിനാല്‍ നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന് സവിത ആവശ്യപ്പെട്ടിരുന്നു.
സവിത ആശ്രയിച്ചിരുന്ന വ്യക്തിയായി പരിഗണിച്ച ഹൈക്കോടതി നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ചു. മീനുവിന്റെ മരണത്തിനുള്ള നഷ്ടപരിഹാരം 14,38,054 രൂപയും ചമന്‍ലാലിന്റെ മരണത്തിനുള്ള നഷ്ടപരിഹാരം 20,20,871.50 രൂപയുമാക്കി വര്‍ദ്ധിപ്പിക്കുകയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്‌നേഹവാത്സല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നതിന് 40,000 രൂപ വീതവും അനുവദിച്ചു.






