Kozhikode
മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്: ഫ്യൂച്ചർ എജ്യുക്കേഷൻ കോൺക്ലേവ് സമാപിച്ചു
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കോണ്‍ക്ലേവ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്| ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്(എം ജി എസ്) സംഘടിപ്പിച്ച രണ്ടാമത് ഫ്യൂച്ചര്‍ എജ്യുക്കേഷന്‍ കോണ്‍ക്ലേവ് 2026 സമാപിച്ചു. ‘ഉത്തരവാദിത്ത എ ഐ’ എന്ന പ്രമേയത്തില്‍ നടന്ന കോണ്‍ക്ലേവ് വിദ്യാഭ്യാസ രംഗത്തെ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍, ഉത്തരവാദിത്വപരമായ ഉപയോഗം, ധാര്‍മികത, ഭാവി വിദ്യാഭ്യാസത്തിന്റെ ദിശകള്‍ എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും വിദ്യാര്‍ഥികളുടെ അക്കാദമിക മികവ് പ്രകടിപ്പിക്കുന്നതിനുമുള്ള വേദിയായി.
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കോണ്‍ക്ലേവ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എം ജി എസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വിഎം റഷീദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് വിഭാവനം ചെയ്ത ‘ഉത്തരവാദിത്ത എഐ’ പ്രോജക്ട് പരിചയപ്പെടുത്തി മര്‍കസ് റെക്ടര്‍ ഡോ റോഷന് നൂറാനി സംസാരിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസ്തഫ പി എറയ്ക്കല്‍, എം ജി എസ് അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് ഷാഫി, കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് ഇര്‍ഫാനി, കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന് കെ പി വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി.
വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണമായിരുന്നു കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണം. കേവലം പാഠപുസ്തക അറിവില്‍ ഒതുങ്ങാതെ, പുതിയ ആശയങ്ങള്‍ കണ്ടെത്താനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും ശാസ്ത്രീയമായ നിഗമനങ്ങളില്‍ എത്തിച്ചേരാനുമുള്ള വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രകടമാക്കുന്നതായിരുന്നു അവതരണങ്ങള്‍. ഗവേഷണപ്രബന്ധങ്ങള്‍ സമാഹരിച്ചുള്ള പ്രസിദ്ധീകരണവും ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കി. ഗവേഷണത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ സജീവ ഭാഗമാക്കുകയും ഭാവിയിലെ ഗവേഷകരെയും ചിന്തകരെയും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പായി ഈ സെഷന് മാറി.
എം ജി എസ് ഡയറക്ടറേറ്റ് അംഗങ്ങളായ അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അന്‍വര്‍ സഖാഫി, ഫാരിസ് ഫാറൂഖ്, മര്‍കസ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍, അധ്യാപകര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Content Highlights: The second Future Education Conclave 2026, organized by Markaz Group of Schools at Markaz Knowledge City, has successfully concluded under the theme of responsible AI. The event featured insightful discussions on artificial intelligence in education, ethical practices, and student-led research paper presentations. Dignitaries including C Muhammad Faizi and Dr. Roshan Noorani addressed the sessions, highlighting the importance of fostering early research skills among students.






