Ongoing News
വിലക്കയറ്റത്തില്‍ വിറങ്ങലിച്ച് വിപണി: ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഇടിവ്
ദീപാവലി വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞെന്ന് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍
ന്യൂഡല്‍ഹി | വിലക്കയറ്റത്തെത്തുടര്‍ന്ന് ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ വീണ്ടും കനത്ത ഇടിവ്. ദീപാവലി വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞെന്ന് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെയും ഓംഡിയയുടേയും കണക്കുകളനുസരിച്ച് 2026 ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ 20 മുതല്‍ 26 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഈ സമയങ്ങളില്‍ ആകെ 3.58 കോടി യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. ഇത് 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പന നിരക്കാണ്.
സ്മാര്‍ട്ട് ഫോണുകളോടുള്ള താല്പര്യം കുറഞ്ഞതല്ലന്നും പുതിയ ഫോണുകളുടെ വില കുത്തനെ കൂടിയതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൈവശമുള്ള ഫോണുകള്‍ തന്നെ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ തീരുമാനിക്കുന്നതാണ് വില്‍പ്പന കുറയാനുള്ള പ്രധാന കാരണം. നിര്‍മാണ സാധനങ്ങളുടെ വില വര്‍ധിച്ചതാണ് ഫോണ്‍ വില ഉയരാനുള്ള പ്രധാന കാരണം. ആഗോളതലത്തില്‍ എ ഐ ഡാറ്റാ സെന്ററുകള്‍ വന്‍തോതില്‍ മെമ്മറി ചിപ്പുകള്‍ വാങ്ങിക്കൂട്ടുന്നതിനാല്‍ റാം, സ്റ്റോറേജ് എന്നിവയുടെ ചെലവ് സര്‍വകാല റെക്കോര്‍ഡിലാണ്. ഇതിനുപുറമെ ചെങ്കടലിലെയും ഹോര്‍മുസ് കടലിടുക്കിലെയും ചരക്കുനീക്കങ്ങളിലെ പ്രതിസന്ധിയും ചെലവിനെ ബാധിച്ചു.
സാധാരണക്കാര്‍ ആശ്രയിക്കുന്ന ബജറ്റ് ഫോണ്‍ വിപണിയാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 20,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ കയറ്റുമതിയില്‍ 47 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില ബ്രാന്‍ഡുകള്‍ ഫീച്ചറുകള്‍ വെട്ടിക്കുറക്കുകയും 4 ജി മോഡലുകള്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 15,000 രൂപയില്‍ താഴെയുള്ള ഫോണുകളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുന്നത്.
ഉയര്‍ന്ന വില നല്‍കി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കളുള്ളതിനാല്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ നേട്ടമുണ്ടാക്കുന്നതിനാല്‍ 17 ശതമാനം വിപണി വിഹിതവുമായി സാംസങ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മുന്‍നിര അഞ്ച് ബ്രാന്‍ഡുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക കമ്പനിയും സാംസങ്ങാണ്. 20,000 രൂപക്ക് മുകളിലുള്ള വിഭാഗത്തില്‍ ഒപ്പോ വന്‍ വളര്‍ച്ച കൈവരിക്കുകയും ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ 18 പ്രോ സീരീസ് മുന്‍ മോഡലിനേക്കാള്‍ 20 ശതമാനത്തോളം ഉയര്‍ന്ന ആരംഭ വില്‍പ്പന നേടി. ഉത്സവ സീസണ്‍ കഴിഞ്ഞതോടെ ഫോണുകള്‍ക്ക് ഇനിയും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.




