Kerala
ഓപ്പറേഷന്‍ സൈ ഹണ്ട്: പത്തനംതിട്ട ജില്ലയില്‍ 10 കേസുകള്‍;അഞ്ചുപേര്‍ അറസ്റ്റില്‍
ഒരു മാസത്തിനുള്ളില്‍ അക്കൗണ്ടിലൂടെ നിരവധി തുകകള്‍ വന്നുപോയതിനെത്തുടര്‍ന്ന് സംശയം തോന്നിയ ബേങ്ക് അധികൃതര്‍ അര്‍ജുനെ വിവരമറിയിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു
പത്തനംതിട്ട | ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്ിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പത്തനംതിട്ട ജില്ലയില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ടയില്‍ മൂന്ന് കേസുകളും ആറന്മുളയില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. അടൂര്‍, കൂടല്‍, തണ്ണിത്തോട്, ചിറ്റാര്‍, റാന്നി, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തു.
ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കിടങ്ങന്നൂര്‍ സ്വദേശി ര്‍ജുന്‍ പി ഗോപി(23), സുഹൃത്ത് വല്ലന അലീഫ് മന്‍സില്‍ അലീഫ് ഖാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. അര്‍ജുന്റെ പേരിലുള്ള ഗ്രാമീണ്‍ ബേങ്ക് അക്കൗണ്ട് സാമ്പത്തിക ഇടപാടുകള്‍ക്കായി മറ്റൊരാള്‍ക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2015ല്‍ ആരംഭിച്ച അക്കൗണ്ട് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഒരു മാസം മുന്‍പ് സുഹൃത്തായ അലീഫ് ഖാന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളത്ത് യൂബര്‍ ടാക്സി ഓടിക്കുന്ന ഇടുക്കി സ്വദേശിയായ ഒരാള്‍ക്ക് ഉപയോഗിക്കാനായി അക്കൗണ്ടിന്റെ പാസ് ബുക്ക്, എ.ടി.എം. കാര്‍ഡ്, പുതിയ സിം കാര്‍ഡ് എന്നിവ കൈമാറിയെന്നാണ് കണ്ടെത്തല്‍.
തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ അക്കൗണ്ടിലൂടെ നിരവധി തുകകള്‍ വന്നുപോയതിനെത്തുടര്‍ന്ന് സംശയം തോന്നിയ ബേങ്ക് അധികൃതര്‍ അര്‍ജുനെ വിവരമറിയിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പണം മ്യൂള്‍ അക്കൗണ്ടുകള്‍ മുഖേന കൈമാറുന്നവരെയും നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തുന്നവരെയും കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവി നടത്തിയ രഹസ്യവിവര ശേഖരണത്തിലൂടെ 14 നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. സൈബര്‍ പോലീസ് സ്റ്റേഷന്റെയും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.
Content Highlights: Pathanamthitta police registered 10 cases and arrested five individuals under Operation Cy-Hunt targeting illegal money transfers via mule bank accounts. In Aranmula, two youths were held for handing over a dormant bank account, ATM card, and SIM for illicit transactions. Joint cyber police teams led the district-wide crackdown.





