Aksharam Education
നമുക്കും പക്ഷി നിരീക്ഷകരാകാം
ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം
കൂട്ടുകാരെ, വീട്ടുവളപ്പിലും പാടത്തും പറമ്പിലും നിരവധി പക്ഷികളെ നമ്മൾ കാണാറുണ്ട്. നിങ്ങളെപ്പോഴെങ്കിലും ഒരു പക്ഷിയെ നന്നായി ശ്രദ്ധിച്ചിട്ടുണ്ടോ? അതിന്റെ വലിപ്പവും നിറവും ഭംഗിയും ചിറകടിയും കളകൂജനവും ആസ്വദിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒരു പക്ഷി നിരീക്ഷകനാണ്! എല്ലാ വർഷവും നവംബർ 12 നമ്മൾ ദേശീയ പക്ഷി നിരീക്ഷണ ദിനം ആഘോഷിക്കുന്നു. ഈ ദിവസം നമ്മുടെ രാജ്യത്തെ പക്ഷികളെക്കുറിച്ച് പഠിക്കാനും അവയെ സംരക്ഷിക്കാനും ഉള്ള ഒരു ഓർമപ്പെടുത്തലാണ്.
എന്തുകൊണ്ട് നവംബർ 12
“ഇന്ത്യയുടെ പക്ഷിമനുഷ്യൻ’ ഡോ സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. 1896ൽ ജനിച്ച അദ്ദേഹം ലോകപ്രശസ്തനായ പക്ഷി നിരീക്ഷകനായിരുന്നു. കൃത്യവും വ്യക്തവുമായ പക്ഷി നിരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമിട്ട അദ്ദേഹത്തിന്റെ ഓർമക്കായാണ് ഈ ദിനം ആചരിക്കുന്നത്. അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ (1958), പത്മവിഭൂഷൺ (1976) എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ രാജ്യാന്തര പ്രകൃതിസംരക്ഷണ യൂനിയന്റെ “ഗോൾഡ് ആർക്ക്’ അവാർഡ്, ബ്രിട്ടീഷ് ഓർണിത്തോളജി യൂനിയന്റെ സ്വർണ മെഡൽ, മൂന്ന് ഡോക്ടറേറ്റുകൾ, യു എസ് എ ഇന്റർനാഷനൽ കൺസർവേഷൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ദ് ഫാൾ ഓഫ് എ സ്പാരോ (ഒരു കുരുവിയുടെ പതനം) ആണ് അദ്ദേഹത്തിന്റെ ആത്മകഥ. 1987 ജൂൺ 20ന് അന്തരിച്ചു.
പക്ഷി നിരീക്ഷണം എന്തുകൊണ്ട് രസകരം
പക്ഷി നിരീക്ഷണം ഒരു മികച്ച ഹോബിയാണ്. ഇത് നമ്മുടെ ചുറ്റുപാടിനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്നു, വംശനാശഭീഷണി നേരിടുന്ന പക്ഷികളെ തിരിച്ചറിയാനും സംരക്ഷിക്കാനും പ്രചോദനം നൽകുന്നു. പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂടൻ അദ്ദേഹത്തിന്റെ പക്ഷികളും മനുഷ്യരും എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. “ഹോബി’ എന്നു വിളിക്കാവുന്ന വിനോദങ്ങൾ അനവധിയുണ്ട്. ഇവയിൽ അപൂർവം ചിലതു മാത്രമേ ഏതൊരാൾക്കും ഏതു വയസ്സിലും എവിടെ, എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാൻ സാധിക്കുകയുള്ളൂ. ഇവയിൽത്തന്നെ വിനോദത്തോടൊപ്പം വിജ്ഞാനവും നൽകാൻ കഴിവുള്ളവ വളരെ അപൂർവമാണ്. ബസ്സ് ടിക്കറ്റുകൾ, തീപ്പെട്ടിച്ചിത്രങ്ങൾ, സിനിമാതാരങ്ങളുടെ പടങ്ങൾ എന്നിവ ശേഖരിക്കുന്നത് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട വിനോദമാണ്. എന്നാൽ, വിജ്ഞാനമോ വിവേകമോ വളർത്തുന്നതിൽ ഇതിന് യാതൊരു പങ്കുമില്ല. മാത്രമല്ല, കൗമാരം കഴിയുന്നതിന് മുമ്പുതന്നെ മിക്കവരും ഇത്തരം വിനോദങ്ങളോടു വിട പറയുന്നു.
വിജ്ഞാനം വർധിപ്പിക്കുന്നതിൽ സ്റ്റാന്പ് ശേഖരണത്തിനും പക്ഷിനിരീക്ഷണത്തിനും തമ്മിൽ സാരമായ സാദൃശ്യമുണ്ട്. നമ്മുടെ ശ്രദ്ധയും ഉത്സാഹവും കൂടുന്തോറും രണ്ടിലൂടെയും നമ്മുടെ അറിവും വളരുന്നു. പക്ഷേ, എത്ര ഭംഗിയും നിറപ്പകിട്ടുമുള്ളതായാലും സ്റ്റാമ്പുകൾക്ക് ജീവനില്ലല്ലോ! പക്ഷികളാകട്ടെ അവയുടെ അഴകുകൊണ്ടും വർണങ്ങൾകൊണ്ടും മാത്രമല്ല, അസൂയാവഹമായ ചലനചാതുര്യംകൊണ്ടും വൈവിധ്യം നിറഞ്ഞ ജീവിതരീതികൾകൊണ്ടും മിക്ക ജന്തുവർഗങ്ങൾക്കുമില്ലാത്ത ശബ്ദമാധുരികൊണ്ടും നമ്മെ ആകർഷിക്കുന്നു.
പക്ഷിനിരീക്ഷണം ഭൂമി ശാസ്ത്രം മാതമല്ല, ജീവശാസ്ത്രവും ലോകത്തിലുള്ള എല്ലാ ജീവികളുടെയും ഉത്പത്തി മുതലുള്ള ചരിത്രവും പഠിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു.
വീട്ടുമുറ്റത്തോ സ്കൂൾ പരിസരത്തോ വരുന്ന പക്ഷികളെ നിരീക്ഷിച്ച് നമുക്കും തുടങ്ങാം. നിറം, പുറപ്പെടുവിക്കുന്ന ശബ്ദം (രേഖപ്പെടുത്താൻ സാധിക്കുന്നവ), വലുപ്പം, കൊക്കിന്റെയും വാലിന്റെയും ആകൃതി, ഭക്ഷണ രീതി എന്നിവ എഴുതിവെക്കാം. പക്ഷികളെ സ്നേഹിക്കാം. പ്രകൃതിയെ സംരക്ഷിക്കാം.
പക്ഷി നിരീക്ഷണ ദിനത്തിൽ കുട്ടികൾക്ക് വായിച്ചു തുടങ്ങാവുന്ന പുസ്തകങ്ങൾ
- പക്ഷി നിരീക്ഷണം അറിവും വിനോദവും – ഡോ. അബ്ദുല്ല പാലേരി, ഒലിവ് ബുക്സ്
- ഇന്ദുചൂടനും പക്ഷികളും – സുരേഷ് ഇളമൻ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- പക്ഷികളും മനുഷ്യരും- ഇന്ദു ചൂടൻ, കറന്റ്ബുക്സ്
- പറുദീസ കിളിയും കൂട്ടുകാരും – ഡോ. എം എ സിദ്ദീഖ്, മൈത്രി ബുക്സ്
- വീട്ടുവളപ്പിലെ പക്ഷി നിരീക്ഷണം – പി വി പത്മനാഭൻ, ഗ്രീൻ ബുക്സ്
- കിളിമൊഴി- സാലിം അലി, വി സി ബുക്സ്
ഓർമിക്കാം ഇവ
- പക്ഷികളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ: ഓർണിത്തോളജി
- കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്: കെ കെ നീലകണ്ഠൻ (ഇന്ദു ചൂഡൻ)
- ഇലകൾ തുന്നിച്ചേർത്ത് കൂടുണ്ടാക്കുന്ന പക്ഷി ഏത്: തുന്നാരൻ പക്ഷി
- “കുപ്പി’യുടെ ആകൃതിയിൽ കൂടുണ്ടാക്കുന്ന പക്ഷി: ആറ്റക്കുരുവി
- പിന്നോട്ട് പറക്കാൻ കഴിവുള്ള പക്ഷി: ഹമ്മിംഗ് ബേർഡ്
- 80 ഡിഗ്രി ചുറ്റളവിൽ കഴുത്തും തലയും തിരിക്കാൻ പറ്റുന്ന പക്ഷി: മൂങ്ങ
- പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം: കാലിയോളജി
Content Highlights: National Bird Watching Day is observed on November 12 to mark the birth anniversary of Dr. Salim Ali, India’s renowned birdman. The article highlights bird watching as an educational hobby that fosters environmental awareness and conservation. It also suggests informative books and key facts about avian species for students.






