Connect with us

Ongoing News

ഹോർമുസിൽ വീണ്ടും തീക്കളി; 40 ലക്ഷം ബാരൽ എണ്ണയുമായി പോയ രണ്ട് സൂപ്പർ ടാങ്കറുകളിൽ വൻ സ്‌ഫോടനം

ട്രാഫിക് കണ്‍ട്രോള്‍ സെന്ററിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കപ്പലുകള്‍ നിരോധിത മേഖലയിലൂടെ കടന്നുപോയത്.

Published

|

Last Updated

ഖത്തര്‍ /മനാമ| ഹോര്‍മുസ് കടലിടുക്കില്‍ 40 ലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലുമായി പോയ രണ്ട് സൂപ്പര്‍ ടാങ്കറുകളില്‍ വന്‍ സ്ഫോടനവും തീപിടിത്തവും ഉണ്ടായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നാവികസേന. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ഇറാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ച് കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള അനധികൃത പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചപ്പോഴാണ് കപ്പലുകള്‍ അപകടത്തില്‍പ്പെട്ടതെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു

ട്രാഫിക് കണ്‍ട്രോള്‍ സെന്ററിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കപ്പലുകള്‍ നിരോധിത മേഖലയിലൂടെ കടന്നുപോയത്. സ്ഫോടനത്തെത്തുടര്‍ന്ന് കപ്പലുകളുടെ എഞ്ചിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും അവ പൂര്‍ണ്ണമായും തീപിടിക്കുകയും ചെയ്തു.

അപകടത്തില്‍പ്പെട്ട കപ്പലുകളുടെ പേരുകളോ അവ ഏത് രാജ്യത്തിന്റേതാണെന്നോ ഇറാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സഊദി അറേബ്യയുടെയും ലൈബീരിയയുടെയും ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലൈബീരിയന്‍ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.

സ്ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. അനധികൃത പാതകളില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകളില്‍ തട്ടിയാണ് കപ്പലുകള്‍ പൊട്ടിത്തെറിക്കുന്നതെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യത്തിനെതിരെ രൂക്ഷവിമര്‍ശനവും കപ്പലുകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. നാവിഗേഷന്‍ സംവിധാനങ്ങളും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഓഫ് ചെയ്ത് അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ രഹസ്യമായി കടന്നുപോകാനാണ് കപ്പലുകള്‍ ശ്രമിച്ചതെന്ന് ഇറാന്റെ ആരോപണം

അക്രമകാരികളായ അമേരിക്കന്‍ സൈന്യത്തില്‍ അന്ധമായി വിശ്വാസമര്‍പ്പിച്ചതിന്റെ ഫലമാണ് ഈ കപ്പലുകള്‍ അനുഭവിക്കുന്നതെന്നും, പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും സഞ്ചരിക്കുന്ന ഏതൊരു കപ്പലും നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓഫാക്കി അനധികൃത പാതയിലൂടെ സഞ്ചരിച്ചാല്‍ ഇതേ ഗതി തന്നെയായിരിക്കുമെന്നും താക്കീത് നല്‍കി. 2026 ഫെബ്രുവരി അവസാനം പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ നിരവധി എണ്ണക്കപ്പലുകള്‍ക്ക് കടലിടുക്കില്‍ തീപിടിച്ചിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്ക, ചരക്കുകപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാന്‍ സൈനിക സുരക്ഷ നല്‍കുന്നുണ്ട്. കടലിടുക്കിലെ എല്ലാ കടല്‍ ബോംബുകളും നീക്കം ചെയ്തതായി അമേരിക്കന്‍ സൈന്യം അടുത്തിടെ അവകാശപ്പെട്ടിരുന്നെങ്കിലും സ്ഫോടനങ്ങള്‍ തുടരുന്നത് ആഗോള എണ്ണ വിപണിയിലും സമുദ്ര ഗതാഗതത്തിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

തുടര്‍ച്ചയായ കപ്പല്‍ ആക്രമണങ്ങളും എണ്ണച്ചോര്‍ച്ചയും മേഖലയില്‍ കടുത്ത പരിസ്ഥിതി ആഘാതത്തിനും കാരണമായിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും ഏകദേശം 20,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എണ്ണപ്പാടകള്‍ വ്യാപിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മേഖലയിലെ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കം അതീവ ദുഷ്‌കരമായി മാറിയിരിക്കുകയാണ്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ചരക്ക് വിതരണ പാതകളിലൊന്നും ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളിലെ പ്രധാന വിഷയവുമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെച്ചൊല്ലി ഇറാനും യുഎസും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.

Content Highlights: Two supertankers carrying over four million barrels of crude oil suffered massive explosions and caught fire in the Strait of Hormuz. Iran’s IRGC Navy reported the vessels ignored warnings and entered restricted waters with navigation systems turned off. The incident escalates Iran-US tensions and threatens global energy supplies and marine ecosystems.

---- facebook comment plugin here -----

Latest