Kerala
പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരെ സമരരംഗത്തിറക്കിയവര് ഇപ്പോള്‍ വഞ്ചിക്കുന്നു: പി രാജീവ്
അധികാരത്തിലേറിയ ഉടന്‍ എല്ലാ പി എസ് സി ലിസ്റ്റുകളുടെയും കാലാവധി നീട്ടുമെന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് എല്ലാം റദ്ദാക്കി.
കൊച്ചി | പത്ത് മിനുട്ട് കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് വാഗ്ദാനം നല്കി പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരെ സമരരംഗത്തേക്ക് ഇറക്കിയവര്‍ ഇപ്പോള്‍ അവരെ വഞ്ചിക്കുകയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി രാജീവ്. അധികാരത്തിലേറിയ ഉടന്‍ എല്ലാ പി എസ് സി ലിസ്റ്റുകളുടെയും കാലാവധി നീട്ടുമെന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് എല്ലാം റദ്ദാക്കി. ഇത്തരത്തില്‍ ജനങ്ങളെ പറഞ്ഞ് പറ്റിച്ച് അധികാരത്തിലിരിക്കുന്ന മറ്റൊരു സര്‍ക്കാര്‍ ലോകചരിത്രത്തില്‍ ഉണ്ടാകില്ലെന്നും, പൂര്‍ണമായും ജനാധിപത്യ വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്ന എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്സിനെ നീക്കം ചെയ്യാന്‍ ഏത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി പോലീസിനെ ഉപയോഗിച്ചതെന്ന് അദ്ദേഹം ചോദിച്ചു. വളര്‍മതിയെ അറസ്റ്റ് ചെയ്തതിലും സമരപ്പന്തല്‍ പൊളിച്ചുനീക്കിയതിലും കോടതി വിധിയുണ്ടെന്നാണ് ആഭ്യന്തര മന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍, യു ഡി എഫ് അധികാരത്തില്‍ വന്നശേഷം ഏത് പുതിയ കോടതി വിധിയാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് പോലീസ് വകുപ്പ് യഥാര്‍ഥത്തില്‍ ആരാണ് ഭരിക്കുന്നതെന്നും പി രാജീവ് ചോദിച്ചു. പോലീസ് വകുപ്പില്‍ നടക്കുന്നത് പോലീസ് മന്ത്രിയും വൈദ്യുതി വകുപ്പില്‍ നടക്കുന്നത് വൈദ്യുതി മന്ത്രിയും അറിയുന്നില്ല. എല്ലാം അറിയുന്നത് മുഖ്യമന്ത്രി മാത്രമാണെന്നും, മോദിയേക്കാള്‍ മോശമായി വി ഡി മാറിയെന്നും രാജീവ് കുറ്റപ്പെടുത്തി.
ഒരുവശത്ത് കിഫ്ബിയെ അധിക്ഷേപിക്കുകയും, മറുവശത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികളുടെ പരസ്യം നല്‍കുകയും ഉദ്ഘാടനം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സര്‍ക്കാരിന്റേത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഇതിന് ഉദാഹരണമാണ്. ബി ജെ പിയും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സഖ്യസര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ട മറ്റൊരു സര്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala Minister P Rajeev has strongly criticized the groups that instigated PSC rank holders to stage protests. He accused those leaders of betraying the job aspirants after pushing them into agitation. The minister addressed the political motives behind the ongoing employment controversy in Kerala.


