Connect with us

From the print

നക്ഷത്രപദവിയില്ലാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കും

നിലപാട് ഹൈക്കോടതിയെ അറിയിക്കും.

Published

|

Last Updated

തിരുവനന്തപുരം | നക്ഷത്രപദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. നക്ഷത്രപദവിക്കായി അപേക്ഷ നല്‍കിയ 290 ഹോട്ടലുകളില്‍ പരിശോധനയില്‍ യോഗ്യത നേടാത്ത 32 ഹോട്ടലുകള്‍ക്കാണ് പദവി നിഷേധിച്ചത്. ഈ ഹോട്ടലുകളിലെ ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നക്ഷത്രപദവിക്കായി അപേക്ഷ നല്‍കിയ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് 32 എണ്ണത്തിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഈ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് തുടരാന്‍ അര്‍ഹതയുണ്ടോയെന്ന കാര്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, നക്ഷത്രപദവി നിഷേധിക്കപ്പെട്ടിട്ടും ഇവിടങ്ങളിലെ ബാറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസ്സിഫിക്കേഷന്‍ അപേക്ഷ കേന്ദ്രം തള്ളിയിട്ടുണ്ടെങ്കില്‍ അവിടെ ബാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു നേരത്തേ വ്യക്തമാക്കിയിരുന്നു.

നികുതിവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഹോട്ടലുകളുടെ പട്ടിക കൈമാറിയത്. കേന്ദ്രത്തിന്റെ സ്റ്റാര്‍ ക്ലാസ്സിഫിക്കേഷന്‍ അടിസ്ഥാനമാക്കി ബാര്‍ ലൈസന്‍സ് നല്‍കാനാണ് കേരള വിദേശമദ്യചട്ടം വ്യവസ്ഥ ചെയ്യുന്നത്. ക്ലാസ്സിഫിക്കേഷന്‍ പുതുക്കാത്ത ഹോട്ടലുകള്‍ക്കു ബാര്‍ നല്‍കിയതിനെതിരെയുള്ള കേസ് ഹൈക്കോടതിയിലെത്തിയപ്പോഴാണു മന്ത്രിയുടെ നിര്‍ദേശപ്രകാരം ടൂറിസം മന്ത്രാലയത്തോട് റിപോര്‍ട്ട് തേടിയത്. നിലവില്‍ മാര്‍ച്ച് 30 വരെയാണ് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ളത്. അതിനാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. നക്ഷത്രപദവി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Content Highlights: Authorities have decided to revoke the bar licenses of hotels that do not hold valid star ratings. The strict move targets establishments operating without mandatory hospitality classifications. This enforcement aims to regulate liquor distribution and ensure strict compliance with state excise laws.

Latest