Articles
എന്തുകൊണ്ട് അവര്‍ നാടുവിടുന്നു?
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടുമ്പോഴും, അതിനനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ പ്രാദേശികമായി ലഭ്യമാകാത്തത് യുവാക്കളില്‍ നിരാശയുണ്ടാക്കുന്നു. ഉന്നത വിദ്യാഭ്യാസം പലപ്പോഴും ഈ പ്രതിസന്ധിയെ താത്കാലികമായി നീട്ടിവെക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കേരളത്തിന്റെ വ്യവസായ- തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണതകള്‍ കാരണം വിദ്യാസമ്പന്നര്‍ക്ക് അനുയോജ്യമായ തൊഴില്‍ വിപണി വികസിച്ചിട്ടില്ല.
കേരളീയ സമൂഹത്തില്‍, വിശിഷ്യാ മലബാറില്‍ ഒരു കൗമാരക്കാരന്റെ പ്ലസ്ടു പഠനത്തിന് ശേഷം പ്രധാനമായും രണ്ട് വഴികളാണുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്യാമ്പസ് ജീവിതവും തൊഴില്‍ സാധ്യതകളുമുള്ള പരമ്പരാഗത വഴിയാണൊന്ന്. മറുവശത്ത്, പ്രവാസത്തിന്റെ മറ്റൊരു വഴി തെളിഞ്ഞുവരുന്നു. തലമുറകളായി ഗള്‍ഫ് കുടിയേറ്റ പാരമ്പര്യമുള്ള കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ക്ക്, സ്വന്തം നാട്ടില്‍ ലഭ്യമാകാത്ത സാമ്പത്തിക ഭദ്രതയും സാമൂഹിക പദവിയും ഉറപ്പുനല്‍കുന്ന ഒന്നായാണ് പ്രവാസി ജീവിതം ഇന്നും അനുഭവപ്പെടുന്നത്.
എന്നിരുന്നാലും, ‘ഗള്‍ഫ് സ്വപ്നം’ എന്ന ജനകീയ സങ്കല്‍പ്പത്തിന് പിന്നില്‍ സങ്കീര്‍ണമായ സാമൂഹിക- സാമ്പത്തിക യാഥാര്‍ഥ്യങ്ങളുണ്ട്. കുടുംബപരമായ വേര്‍പാടുകള്‍, റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴിയുണ്ടാകുന്ന കടബാധ്യതകള്‍, തൊഴില്‍ അനിശ്ചിതത്വങ്ങള്‍, വൈകാരികമായ ഒറ്റപ്പെടല്‍ എന്നിവ ഇതിന്റെ മറുവശമാണ്.
കേരളത്തില്‍ നിന്നുള്ള ആകെ കുടിയേറ്റക്കാരുടെ എണ്ണം 2018ലെ 2.1 ദശലക്ഷത്തില്‍ നിന്ന് 2023ല്‍ 2.2 ദശലക്ഷമായി വര്‍ധിച്ചതായി കേരള മൈഗ്രേഷന്‍ സര്‍വേ വ്യക്തമാക്കുന്നു. ജി സി സി രാജ്യങ്ങള്‍ പ്രധാന ലക്ഷ്യസ്ഥാനമായി തുടരുമ്പോഴും, ആകെ പ്രവാസികളില്‍ അവരുടെ വിഹിതം 2018ലെ 89.2 ശതമാനത്തില്‍ നിന്ന് 2023ല്‍ 80.5 ശതമാനമായി നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥി കുടിയേറ്റം 2018ലെ 1,29,763ല്‍ നിന്ന് 2023ല്‍ ഏകദേശം 2.5 ലക്ഷമായി ഇരട്ടിച്ചു. നിലവില്‍ ആകെ കുടിയേറ്റക്കാരുടെ 11.3 ശതമാനവും വിദ്യാര്‍ഥികളാണ്.
വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കിടയിലെ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് പലരെയും പ്രവാസത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടുമ്പോഴും, അതിനനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ പ്രാദേശികമായി ലഭ്യമാകാത്തത് യുവാക്കളില്‍ നിരാശയുണ്ടാക്കുന്നു. ഉന്നത വിദ്യാഭ്യാസം പലപ്പോഴും ഈ പ്രതിസന്ധിയെ താത്കാലികമായി നീട്ടിവെക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കേരളത്തിന്റെ വ്യവസായ- തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണതകള്‍ കാരണം വിദ്യാസമ്പന്നര്‍ക്ക് അനുയോജ്യമായ തൊഴില്‍ വിപണി വികസിച്ചിട്ടില്ല. ഈ അവസ്ഥയെയാണ് വിദഗ്ധര്‍ കേരളത്തിന്റെ ‘രണ്ടാം തലമുറ വികസന പ്രതിസന്ധി’ എന്ന് വിശേഷിപ്പിക്കുന്നത്.
കേരളത്തിന്റെ ആഭ്യന്തര സമ്പദ്്വ്യവസ്ഥയുടെ സുപ്രധാന മാര്‍ഗം വൈദേശിക ധനപ്രവാഹമാണ്. 2023ല്‍ വിദേശത്തുള്ള മലയാളി പ്രവാസികളില്‍ നിന്ന് 2,16,893 കോടി രൂപയാണ് സംസ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 154.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് സംഭവിച്ചത്. ഇത് സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉത്പാദനത്തിന്റെ 23.2 ശതമാനത്തിന് തുല്യവും, സര്‍ക്കാറിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 1.7 ഇരട്ടിയുമാണ്.
കേരളത്തിലെ 73.3 ശതമാനം പ്രവാസി കുടുംബങ്ങളിലേക്കും പ്രതിമാസ ധനസഹായം എത്തുന്നുണ്ടെന്ന് കേരള മൈഗ്രേഷന്‍ സര്‍വേ വ്യക്തമാക്കുന്നു. പാര്‍പ്പിട നിര്‍മാണം, കടാശ്വാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പ്രാദേശിക വ്യാപാരം എന്നിവയിലത്രയും ഈ ധനപ്രവാഹത്തിന്റെ സ്വാധീനം ദൃശ്യമാണ്. ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ആകെ കുടുംബങ്ങളില്‍ പകുതിയിലധികവും അവിടുത്തെ 3.5 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ വരുമാനത്തെ നേരിട്ട് ആശ്രയിച്ചാണ് കഴിയുന്നത്.
എന്നാല്‍, വിദേശ വിപണികളിലെ മാറ്റങ്ങള്‍, എണ്ണവില വ്യതിയാനങ്ങള്‍, സ്വദേശിവത്കരണ നയങ്ങള്‍, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ എന്നിവ പ്രവാസി കുടുംബങ്ങളുടെ ജീവിത സുരക്ഷിതത്വത്തെ ബാധിക്കുന്നുണ്ട്. കൊവിഡിന് ശേഷമുള്ള ഘട്ടത്തില്‍ മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 2018ല്‍ 1.2 ദശലക്ഷമായിരുന്ന മടങ്ങി വന്നവരുടെ എണ്ണം 2023ല്‍ 1.8 ദശലക്ഷമായി ഉയര്‍ന്നു.
മടങ്ങിവരവുകള്‍ എപ്പോഴും പ്രവാസത്തിന്റെ അന്ത്യത്തെ കുറിക്കുന്നില്ലെന്ന് സമീപകാല ഫീല്‍ഡ് പഠനങ്ങള്‍ തെളിയിക്കുന്നു. മലപ്പുറം നിവാസികളായ 40 പ്രവാസി തിരിച്ചുവരവുകാരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്, നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിച്ച് മടങ്ങിയെത്തിയ പലരും സാമ്പത്തിക സമ്മര്‍ദങ്ങളും കടബാധ്യതകളും കാരണം വീണ്ടും വിദേശത്തേക്ക് തന്നെ മടങ്ങാന്‍ നിര്‍ബന്ധിതരായി എന്നാണ്. പ്രവാസത്തിന് ആവശ്യമായ പ്രാരംഭ ചെലവുകള്‍ ഉയര്‍ന്നതാണ്. ‘കേരള റിക്രൂട്ട്മെന്റ് കോസ്റ്റ് സര്‍വേ’ പ്രകാരം ഒരു തൊഴിലാളിക്ക് പ്രവാസത്തിനായി ശരാശരി 61,156 ചെലവാകുന്നുണ്ട്. ഇതിന്റെ ‘റിക്രൂട്ട്മെന്റ് കോസ്റ്റ് ഇന്‍ഡക്സ്’ 2.11 ആണ്; അതായത് വിദേശത്ത് എത്തിച്ചേരാന്‍ ചെലവായ തുക തിരിച്ചുപിടിക്കാന്‍ മാത്രം ഒരു തൊഴിലാളിക്ക് രണ്ട് മാസത്തിലധികം ജോലി ചെയ്യേണ്ടി വരുന്നു. പണയം വെച്ചും ബേങ്ക് വായ്പകളെ ആശ്രയിച്ചുമാണ് പല കുടുംബങ്ങളും ഈ തുക കണ്ടെത്തുന്നത്. തൊഴില്‍ നഷ്ടപ്പെടുകയോ കരാറുകള്‍ ലംഘിക്കപ്പെടുകയോ ചെയ്യുമ്പോള്‍ കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലാകുന്നു. തൊഴില്‍ നഷ്ടം,
കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ അന്തരീക്ഷം, രോഗങ്ങള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവയാണ് മടങ്ങിവരവിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുടിയേറ്റം തടയപ്പെടേണ്ട ഒന്നല്ല; മറിച്ച് അതിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ, അതൊരു നിര്‍ബന്ധിത സാഹചര്യമല്ല, മറിച്ച് സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് എന്ന് ഉറപ്പുവരുത്തുകയാണ് വികസന നയങ്ങളുടെ ലക്ഷ്യം. ഇതിനായി ശക്തമായ പുനരധിവാസ നയങ്ങള്‍, വിജ്ഞാനാനുസൃത തൊഴിലവസരങ്ങളുടെ നിര്‍മിതി, സുരക്ഷിതമായ റിക്രൂട്ട്മെന്റ്‌സംവിധാനങ്ങള്‍ എന്നിവ അത്യന്താപേക്ഷിതമാണ്.




