From the print
വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും സംഘ്പരിവാര്‍ നിയമനം
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലാണ് നിയമനം.
തിരുവനന്തപുരം | വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും സംഘ്പരിവാര്‍ നിയമനം. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളുടെ സംഘത്തിലാണ് സംഘ്പരിവാര്‍ അധ്യാപക സംഘടനാ നേതാവിനെ നിയമിച്ചത്. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ബി ജെ പി അധ്യാപക സംഘടനാ പ്രതിനിധി ഫൗണ്ടേഷനില്‍ അംഗമാകുന്നത്. എല്‍ ഡി എഫ് കാലത്ത് അഞ്ച് പേരില്‍ ഒരാള്‍ യു ഡി എഫ് അധ്യാപക സംഘടനാ പ്രതിനിധിയായിരുന്നു. മുസ്ലിം ലീഗ് ഭരിക്കുന്ന വകുപ്പിലാണ് സംഘ്പരിവാര്‍ നിയമനമെന്നതാണ് ശ്രദ്ധേയം.
കരിക്കുലം കമ്മിറ്റിയില്‍ ബി ജെ പി പ്രതിനിധിയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് അധ്യാപക ക്ഷേമ ഫൗണ്ടേഷനിലും സംഘ്പരിവാര്‍ സംഘടനാ നേതാവിന് അംഗത്വം നല്‍കിയത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട സമിതിയിലാണ് ആദ്യമായി ബി ജെ പി പ്രതിനിധിയെ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ അധ്യാപകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സംവിധാനത്തിലും ബി ജെ പി അനുകൂല സംഘടനക്ക് ഔദ്യോഗിക പ്രാതിനിധ്യം ലഭിച്ചു. രണ്ട് നിയമനങ്ങളും മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലാണ് നടന്നത്.
അതേസമയം, അധ്യാപക സംഘടനകള്‍ നിര്‍ദേശിക്കുന്ന പ്രതിനിധികളെയാണ് ഇത്തരം സമിതികളില്‍ ഉള്‍പ്പെടുത്താറുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ബി ജെ പി അനുകൂല അധ്യാപക സംഘടനാ നേതാക്കളെ വിവിധ കമ്മിറ്റികളില്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കരിക്കുലം കമ്മിറ്റി, ക്യു ഐ പി, എന്‍ എസ് ക്യു എഫ് തുടങ്ങിയ സമിതികളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യാപക സംഘടനാ പ്രതിനിധികള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണയും ബി ജെ പി അനുകൂല അധ്യാപക സംഘടനയില്‍ നിന്നുള്ളവര്‍ കരിക്കുലം കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: Allegations of fresh Sangh Parivar appointments within the education department have sparked a major political row. Opposition leaders and student organizations are questioning the recruitment process. The controversy highlights ongoing debates over political influence in public institutions.




