Connect with us

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

അന്വേഷണം അവസാനിപ്പിക്കുന്നതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജഹാനാണ് ഹര്‍ജി നല്‍കിയത്

Published

|

Last Updated

 

കൊച്ചി | മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരില്‍ എം എല്‍ എ എന്ന നിലയില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിജിലന്‍സ് ക്ലോഷര്‍ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ആദ്യത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സി ബി ഐ അന്വേഷണം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു.

ഈ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജഹാനാണ് ഹര്‍ജി നല്‍കിയത്. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വി.ഡി.സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കായി ആവിഷ്‌കരിച്ച ‘പുനര്‍ജനി’ പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്നാണു പരാതി. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്നതടക്കമുള്ള കാര്യങ്ങളിലാണ് ആരോപണം ഉയര്‍ന്നത്. പറവൂരില്‍ പ്രളയത്തില്‍ വീടു തകര്‍ന്ന 280 പേര്‍ക്ക് ഇതിനകം ‘പുനര്‍ജനി’ പദ്ധതിയില്‍ വീടു നിര്‍മിച്ചു നല്‍കി. ഇതില്‍ 37 വീടുകള്‍ വിദേശ മലയാളികളുടെ സ്പോണ്‍സര്‍ഷിപ് മുഖേന നിര്‍മിച്ചവയാണ്.

ദുബൈലും യുകെയിലും നടത്തിയ സന്ദര്‍ശനത്തില്‍ പദ്ധതിക്കായി സതീശന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. വിദേശത്തു പണപ്പിരിവ് നടത്തിയെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ആരോപണം ഉയര്‍ന്നു. പുനര്‍ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെ പണമിടപാട് നടന്നതായും കണ്ടെത്തി.

പദ്ധതിക്കായി 1.27 കോടി രൂപയാണു പിരിച്ചത്. പുനര്‍ജനി സ്പെഷല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ, കറന്റ് അക്കൗണ്ടുകള്‍ വഴിയുമാണു പണം സ്വീകരിച്ചത്. എം എല്‍ എ എന്ന നിലയില്‍ വി ഡി സതീശന്‍ വിദേശയാത്രയ്ക്ക് ആവശ്യമായ അനുമതി വാങ്ങിയിരുന്നില്ലെന്നും വിദേശത്തുനിന്ന് ഫണ്ട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിലവിലുള്ള നിയമം അനുവദിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Content Highlights: A plea in the Kerala High Court seeks to quash the Vigilance closure report on CM VD Satheesan’s Punarjani project. Petitioner KM Shajahan demands a central agency probe into alleged FCRA violations and foreign fundraising via Manappat Foundation. The project collected Rs 1.27 crore for Paravur flood relief.

 

 

Latest