National
ക്രിമിനല്‍ നിയമം പാവപ്പെട്ടവര്‍ക്ക് മാത്രം; ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി
ഐ എ എസ് ഉദ്യോഗസ്ഥരായ കെഎസ് കന്ദസാമി, കെ വിജയ കാര്‍ത്തികേയന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് അനുമതി നല്‍കിയത്
ചെന്നൈ | രാജ്യത്തെ ക്രിമിനല്‍ നിയമം സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരെ അതിവേഗം ചലിക്കുമ്പോള്‍, സ്വാധീനമുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തേണ്ടിവരുന്നുവെന്ന് രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ തദ്ദേശ റോഡ് നിര്‍മ്മാണ ടെന്‍ഡര്‍ ക്രമക്കേട് കേസില്‍ മുതിര്‍ന്ന രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോഴാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചത്.
ഐ എ എസ് ഉദ്യോഗസ്ഥരായ കെഎസ് കന്ദസാമി, കെ വിജയ കാര്‍ത്തികേയന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് അനുമതി നല്‍കിയത്. അന്വേഷണ ഏജന്‍സി ഈ അനുമതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കോടതിയെ അറിയിച്ചു.
കേന്ദ്രം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ വിവരം അറിയിച്ചപ്പോഴാണ് ജഡ്ജി കോടതിയില്‍ വാക്കാല്‍ സുപ്രധാന നിരീക്ഷണം നടത്തിയത്. രാജ്യത്ത് ക്രിമിനല്‍ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എത്രയോ ആളുകള്‍ ഇതിനായി എത്രമാത്രം പ്രയത്‌നിച്ചു എന്ന് നോക്കൂ, പാവപ്പെട്ടവര്‍ക്കെതിരെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ നീങ്ങും, എന്നാല്‍ സ്വാധീനമുള്ളവരാകുമ്പോള്‍ നമ്മള്‍ നിരന്തരം തള്ളിക്കൊണ്ടേയിരിക്കേണ്ടി വരുന്നു, ഒടുവില്‍ നമ്മള്‍ ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നു,” എന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസ് പി വേലുമണി, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ ടെന്‍ഡര്‍ ക്രമക്കേട് കേസില്‍ നടപടികള്‍ വൈകുന്നതിനെതിരെ ‘അറപ്പോര്‍ ഇയക്കം’ എന്ന എന്‍ ജി ഒ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചെന്നൈ, കോയമ്പത്തൂര്‍ കോര്‍പ്പറേഷനുകളിലെ റോഡ് നിര്‍മ്മാണ കരാറുകള്‍ സ്വന്തം ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും അനധികൃതമായി നല്‍കിയെന്നാണ് വേലുമണിക്കെതിരായ ആരോപണം. എന്‍ ജി ഒ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(2), 13(1)(സി), 13(1)(ഡി), ഐ പി സി സെക്ഷന്‍ 120 ബി, 420, 409 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.




