National
തെലങ്കാനയില്‍ ജലസേചന വകുപ്പ് എന്‍ജിനീയറുടെ വീട്ടില്‍ റെയ്ഡ്; കോടികളുടെ ആസ്തികള്‍ കണ്ടെത്തി
ഇറിഗേഷന്‍ ആന്‍ഡ് കമാന്‍ഡ് ഏരിയ ഡെവലപ്മെന്റ് വകുപ്പ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര് സത്യനാരായണനെതിരെ എ സി ബി കേസെടുത്തു.
ഹൈദരാബാദ് | തെലങ്കാനയിലെ നാഗര്‍കര്‍ണൂല്‍ ജില്ലയില്‍ ജലസേചന വകുപ്പ് ഓഫീസിലെ എന്‍ജിനീയറുടെ വീട്ടില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (ACB) നടത്തിയ റെയ്ഡില്‍ 7.32 കോടി രൂപയുടെ ആസ്തികള്‍ കണ്ടെത്തി. സംഭവത്തില്‍ ഇറിഗേഷന്‍ ആന്‍ഡ് കമാന്‍ഡ് ഏരിയ ഡെവലപ്മെന്റ് (CAD) വകുപ്പ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര് സത്യനാരായണനെതിരെ എ സി ബി കേസെടുത്തു. സത്യനാരായണന് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
ഹൈദരാബാദിലെ സത്യനാരായണന്റെ വസതിക്കു പുറമെ, വനപര്‍ത്തി ജില്ലയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഷാപൂര്‍, കൂടാതെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ‘ബെനാമി’ ഇടപാടുകാര്‍, സഹായികള്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടന്നു. ഔദ്യോഗിക സേവനത്തിലിരിക്കെ, അഴിമതിയിലൂടെയും സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയും തന്റെ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് അദ്ദേഹം സമ്പാദിച്ചതായി എ സി ബി അറിയിച്ചു.
2005-ല്‍ അസിസ്റ്റന്റ് എന്‍ജിനീയറായാണ് സത്യനാരായണന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. വരുമാന സ്രോതസ്സുകള്‍ക്ക് അപ്പുറം സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് എസിബി അന്വേഷണം ആരംഭിച്ചത്. ‘പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്, 1988’ (അഴിമതി തടയല്‍ നിയമം)-ലെ 13(1)(b), 13(2) വകുപ്പുകള്‍ പ്രകാരമാണ് സത്യനാരായണനെതിരെ കേസെടുത്തിട്ടുള്ളത്. കണ്ടെത്തിയ ആസ്തികളുടെ രേഖകളിലുള്ള ആകെ മൂല്യം 7,32,66,581 രൂപയാണെന്ന് എ സി ബി വ്യക്തമാക്കി.
സത്യനാരായണന്റെ ഭാര്യ വൈദ്യുതി വകുപ്പില്‍ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയറായി (ADE) ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഉള്ള സ്വത്തുക്കളെക്കുറിച്ചും ബ്യൂറോ പരിശോധന നടത്തുന്നുണ്ടെന്നും എ സി ബി ഉദ്യോഗസ്ഥന് അറിയിച്ചു.
റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, നിക്ഷേപങ്ങള്‍
ഷാപൂര്‍ ഗ്രാമത്തിലുള്ള 25 ഏക്കര്‍ കൃഷിഭൂമിയും ഒരു ഫാം ഹൗസും, നാഗര്കര്ണൂലിലുള്ള ഒമ്പത് ഒഴിഞ്ഞ പ്ലോട്ടുകളും റെയ്ഡില്‍ കണ്ടെത്തിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.
മഹേശ്വരത്തെ തുക്കുഗുഡയില്‍, 342 ചതുരശ്ര വാര വിസ്തീര്‍ണമുള്ള സ്ഥലത്ത് ഏകദേശം 5,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ഒരു വില്ലയും കണ്ടെത്തി. ഈ സ്വത്ത് സത്യനാരായണന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് ഏകദേശം ഏഴുകോടി രൂപ വിപണി മൂല്യമുണ്ടാകാമെന്ന് കണക്കാക്കുന്നു. കര്മന്ഘട്ടിലെ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിലുള്ള ത്രീ-ബെഡ്റൂം ഫ്ളാറ്റും, നാഗോളിലെ ‘റോക്ക് ടൗണ്‍’ എന്ന സ്ഥലത്തുള്ള ടു-ബെഡ്റൂം അപ്പാര്‍ട്ട്മെന്റും കണ്ടെത്തിയ മറ്റ് സ്വത്തുക്കളില്‍ പെടുന്നു.
പരിശോധനയില്‍ ഏകദേശം 50 തോല സ്വര്‍ണാഭരണങ്ങളും 2.8 കിലോ വെള്ളി വസ്തുക്കളും കണ്ടെത്തി. മഹീന്ദ്ര XUV 7XO, മഹീന്ദ്ര TUV 300, മാരുതി സെലേറിയോ, ഹ്യുണ്ടായ് സാന്‍ട്രോ, മഹീന്ദ്ര ബൊലേറോ എന്നീ അഞ്ച് വാഹനങ്ങളും ഒരു ഇരുചക്ര വാഹനവും കണ്ടെടുത്തു. ഇവയെല്ലാം സത്യനാരായണന്റെയും കുടുംബാംഗങ്ങളുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മ്യൂച്വല്‍ ഫണ്ടുകളിലും ചിട്ടി ഫണ്ടുകളിലുമായി ഏകദേശം 20 ലക്ഷം രൂപയുടെ നിക്ഷേപങ്ങളും കണ്ടെത്തി. എല്‍ ഐ സി പോളിസികളും ബേങ്കുകളിലുള്ള മറ്റ് ഇന്‍ഷ്വറന്‍സ് പോളിസികളും ഉള്‍പ്പെടെയുള്ള കൂടുതല്‍ നിക്ഷേപങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഒരു ബേങ്കില്‍ നിന്ന് സത്യനാരായണന് എടുത്ത സ്വര്‍ണ വായ്പ, വായ്പയുടെ വിശദാംശങ്ങള്‍, അതിനായി പണയം വെച്ച സ്വര്‍ണം എന്നിവയെ കുറിച്ചെല്ലാം ബ്യൂറോ അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: Anti-Corruption Bureau officials conducted raids at a Telangana irrigation department engineer’s residence. Investigators uncovered disproportionate assets worth several crores during the operation. Further legal proceedings and asset valuations are currently underway.





