Eduline
ഐ ഐ ടി മദ്രാസ്; സൗജന്യ ഓൺലൈൻ സ്കിൽ കോഴ്സുകൾ പഠിക്കാം
ഏഴ് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതിനായി രജിസ്റ്റർ ചെയ്യാം.
സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ ഓൺലൈൻ സ്കിൽ കോഴ്സുകളുമായി ഐ ഐ ടി മദ്രാസ് പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷൻ. ഭാവിയിലെ സാങ്കേതികവിദ്യകളിൽ വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി “ബോധ്ബ്രിഡ്ജ് എജ്യൂക്കേഷനുമായി’ ചേർന്ന് ബോധ്ബ്രിഡ്ജ് പ്ലാറ്റ്ഫോം വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഏഴ് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതിനായി രജിസ്റ്റർ ചെയ്യാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വാഹനങ്ങൾ, ഭാവിയിലെ മൊബിലിറ്റി, സംരംഭകത്വം, ഡിസൈൻ ചിന്ത, നവീകരണം തുടങ്ങിയ ആധുനിക വിഷയങ്ങളിലാണ് കോഴ്സുകൾ ലഭ്യമാക്കിയിരിക്കുന്നത്.
ക്ലാസ്സ് മുറികളിലെ പഠനം പ്രായോഗിക തലത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തത്സമയ സെഷനുകൾ, പ്രായോഗിക പ്രവർത്തനങ്ങൾ, പ്രശ്നപരിഹാര പരിശീലനങ്ങൾ എന്നിവ ഇതിലുണ്ടാകും. ഐ ഐ ടി മദ്രാസ് പൂർവവിദ്യാർഥി ശൃംഖലയിലെയും വ്യവസായ രംഗത്തെയും വിദഗ്ധരാണ് ക്ലാസ്സുകൾ നയിക്കുന്നത്.
കോഴ്സുകൾ സൗജന്യമാണെങ്കിലും ഔദ്യോഗിക സർട്ടിഫിക്കറ്റ് ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള അധിക സൗകര്യം തിരഞ്ഞെടുക്കാം.
നവംബർ മുതൽ ജനുവരി വരെ പ്രതിമാസ ബാച്ചുകളായാണ് ക്ലാസ്സുകൾ നടക്കുന്നത്. bodhbridge.iitmpravartak.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. ഇതിന് പുറമെ അധ്യാപകർക്കായി കരിയർ കൗൺസലിംഗ് സർട്ടിഫിക്കേഷൻ, ലീഡർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം, ക്ലാസ് റൂം മാനേജ്മെന്റ് തുടങ്ങിയ പ്രത്യേക കോഴ്സുകളും ഈ സംരംഭത്തിലൂടെ ലഭ്യമാക്കുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തെ പ്രായോഗിക പരിജ്ഞാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ കോഴ്സുകളുടെ പ്രധാന ലക്ഷ്യം. യഥാർഥ ജീവിത സാഹചര്യങ്ങളിൽ ക്ലാസ്സ് റൂം പഠനം എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാനും ഇന്ത്യയിലെ വളർന്നുവരുന്ന സാങ്കേതികവിദ്യ, നവീകരണ മേഖലകൾക്കായി അവരെ സജ്ജമാക്കാനും ഈ പരിപാടി വിദ്യാർഥികളെ സഹായിക്കും.
കോഴ്സുകളിൽ തത്സമയ ഓൺലൈൻ ക്ലാസുകൾ, യഥാർഥ ജീവിത ഉദാഹരണങ്ങൾ, പ്രായോഗിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടും.
ഈ സെഷനുകൾ വിദ്യാർഥികളുടെ പ്രശ്നപരിഹാര കഴിവുകൾ, സർഗാത്മകത, ആശയവിനിമയം, നൂതന ചിന്ത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
Content Highlights: IIT Madras Pravartak Technologies Foundation has launched free online skill courses for school students and teachers via the BodhBridge platform. Covering AI, EVs, and entrepreneurship, the live sessions run from November to January. Optional paid certifications and specialized teacher leadership programs are also available.






