National
മഅ്ദിന്‍ ഖോജ് സഫര്‍ ദേശീയ പൈതൃക യാത്ര; ഹാര്‍മണി കോണ്‍ക്ലേവോടെ പ്രൗഢ സമാപനം
മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ പര്യടനം 37,730 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സമാപിച്ചത്.
ബെംഗളൂരുവില്‍ നടന്ന ഹാര്‍മണി കോണ്‍ക്ലേവ് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു.
ബെംഗളൂരു | ഇന്ത്യയുടെ മത-സാംസ്കാരിക വൈവിധ്യങ്ങളെയും ദേശീയ ഐക്യത്തിന്റെയും മാനവിക സാഹോദര്യത്തിന്റെയും സന്ദേശങ്ങളെയും ചേര്‍ത്തുപിടിച്ച് മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ഖോജ് സഫര്‍ ദേശീയ പൈതൃക യാത്രക്ക് ബെംഗളൂരുവില്‍ പ്രൗഢമായ സമാപനം. മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ പര്യടനം 37,730 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സമാപിച്ചത്.
സമാപനത്തോടനുബന്ധിച്ച് ഇന്റര്‍നാഷനല്‍ ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി ഇനീഷ്യേറ്റീവുമായി സഹകരിച്ച് സംഘടിപ്പിച്ച ഹാര്‍മണി കോണ്‍ക്ലേവ് വിവിധ മതവിഭാഗങ്ങളിലെ ആത്മീയ നേതാക്കളുടെയും രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി എം ഇബ്റാഹീം, കര്‍ണാടക സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്മാന് ഡോ. ഹാഫിസ് സയ്യിദ് മുഹമ്മദ് അലി അല്‍ ഹുസൈനി, ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠം പീഠാധിപതി ശ്രീ ശ്രീ ശ്രീ ഡോ. നിര്‍മലാനന്ദനാഥ മഹാസ്വാമിജി, ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഡോ. പീറ്റര്‍ മച്ചാഡോ, ശ്രീ ഗുരു സിംഗ് സഭ ഗുരുദ്വാരയിലെ മുഖ്യപുരോഹിതന്‍ ജ്ഞാനി സത്പാല്‍ സിംഗ്, ആപ്കോ ഗ്രൂപ്പ് ചെയര്മാന് എ പി അബ്ദുല്‍ കരീം ഹാജി വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് സംബന്ധിച്ചു. വ്യത്യസ്ത വിശ്വാസധാരകളില്‍ നിലകൊള്ളുമ്പോഴും പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഒരുമിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ സംഗമം മതസൗഹാര്‍ദത്തിന്റെയും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പങ്കുവെച്ചു.
ദേശീയ ഐക്യത്തിന്റെ സന്ദേശവുമായി 37,730 കിലോമീറ്റര്‍
ഇന്ത്യയുടെ ബഹുസ്വരതയും സാംസ്കാരിക പൈതൃകവും മതപരമായ വൈവിധ്യങ്ങളും നേരിട്ടറിയുന്നതിനും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതിനുമായി മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശീയ പൈതൃക യാത്ര ചരിത്രനേട്ടമായി.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച യാത്രാസംഘം മത-രാഷ്ട്രീയ-വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക-സാംസ്കാരിക സംഘടനകള്‍ എന്നിവയുമായും വിപുലമായ ആശയവിനിമയം നടത്തി. വ്യത്യസ്ത ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും ഇഴചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യയുടെ സാമൂഹിക ജീവിതത്തെ അടുത്തറിയാനും പൊതുവായ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും യാത്രയിലൂടെ സാധിച്ചു.
മതസൗഹാര്‍ദം കേവലം ആശയമായി ഒതുങ്ങാതെ സമൂഹങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള ഇടപെടലുകളിലൂടെയും സഹകരണത്തിലൂടെയും പ്രാവര്‍ത്തികമാക്കേണ്ടതിന്റെ പ്രസക്തിയാണ് യാത്ര മുന്നോട്ടുവെച്ചത്. യാത്രയിലുടനീളം ലഭിച്ച അനുഭവങ്ങളും വിവിധ സംസ്ഥാനങ്ങളിലെ കൂടിക്കാഴ്ചകളും ദേശീയ പൈതൃകത്തിന്റെ വൈവിധ്യമാര്‍ന്ന മുഖങ്ങളും കോര്‍ത്തിണക്കിയ പ്രത്യേക ദൃശ്യാവിഷ്കാരം സമാപന സമ്മേളനത്തില്‍ അവതരിപ്പിച്ചു. യാത്രയുടെ ലക്ഷ്യവും സന്ദേശവും പ്രയാണാനുഭവങ്ങളും അടയാളപ്പെടുത്തിയ അവതരണം സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ദേശീയ ഖുര്‍ആന്‍ പാരായണ മത്സരത്തിന് 1,500 സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്
ഈ റമസാനില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ സന്ദേശവും ഖോജ് സഫര്‍ യാത്രയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു. ഖുര്‍ആനിക വിജ്ഞാനവും പാരായണ മികവും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാര്‍ഥികളെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ള മത്സരത്തില്‍ ഇതിനകം 1,500-ലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ വലിയ പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആഗോള മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം
സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ 2013ല്‍ രൂപവത്കരിച്ച ഇന്റര്‍നാഷനല്‍ ഇന്റര്‍ഫെയ്ത്ത് ഹാര്‍മണി ഇനീഷ്യേറ്റീവ് മതാന്തര സംവാദത്തിനും ആഗോളതലത്തിലുള്ള സാംസ്കാരിക സഹവര്‍ത്തിത്വത്തിനുമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും വിശ്വാസവും വളര്‍ത്തുന്നതിനും സമാധാനപരമായ സഹജീവിതത്തിന്റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ദേശീയ-അന്തര്‍ദേശീയ വേദികളില്‍ സംഘടന ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ലോക മതസൗഹാര്‍ദ വാരാചരണങ്ങള്‍, യു എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് (UNAOC), ജി20 ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സ്, ദക്ഷിണേഷ്യന്‍ മതസൗഹാര്‍ദ പരിപാടികള്‍, നെറ്റ് വര്‍ക്ക് ഫോര്‍ റിലീജിയസ് ആന്‍ഡ് ട്രഡീഷനല്‍ പീസ്മേക്കേഴ്സ്, അന്താരാഷ്ട്ര ഇബ്നു ബത്തൂത്ത കോണ്‍ഫറന്‍സ് തുടങ്ങിയ സംരംഭങ്ങളിലെ പങ്കാളിത്തം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. മതവിശ്വാസങ്ങള്‍ക്കിടയിലെ സംവാദം ആഗോള സമാധാനത്തിനും സാമൂഹിക സ്ഥിരതക്കും അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഇനീഷ്യേറ്റീവ് മുന്നോട്ടുവെക്കുന്നത്. ദേശീയ പൈതൃക യാത്രയുടെ സമാപനവും ഹാര്‍മണി കോണ്‍ക്ലേവും മഅ്ദിന്റെ ദീര്‍ഘകാല വിദ്യാഭ്യാസ-സാമൂഹിക ദൗത്യത്തിന്റെ വിപുലമായ സന്ദേശം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയായി. മതസൗഹാര്‍ദം, ദേശീയ ഐക്യം, വിദ്യാഭ്യാസ മുന്നേറ്റം, സാമൂഹിക ഉത്തരവാദിത്വം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഗമം ശ്രദ്ധേയമായി.
Content Highlights: The Madin Khoj Safar National Heritage Journey reached its grand finale with the Harmony Conclave. The event celebrated India’s rich cultural diversity and promoted communal harmony. Educators, scholars, and students participated in the concluding ceremony.



