National
സാക്കിർ നായിക്കിന്റെ സംഘടനക്ക് ഏർപ്പെടുത്തിയ വിലക്ക് അഞ്ച് വർഷത്തേക്ക് കൂടി നീട്ടി
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളത്.
ന്യൂഡൽഹി | വിവാദ മത പ്രഭാഷകൻ സാക്കിർ നായികിന്റെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനം കേന്ദ്ര സർക്കാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. രാജ്യസുരക്ഷയെ ബാധിക്കുന്നതും വർഗീയ സൗഹാർദം തകർക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നിരോധനം യു എ പി എ ട്രിബ്യൂണലും അംഗീകരിച്ചിരുന്നു. നിലവിലുണ്ടായിരുന്ന നിരോധന കാലാവധി നവംബർ 14 ന് അവസാനിക്കാനിരിക്കെയാണ് നടപടി.

സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ സാകിർ അബ്ദുൾ കരീം നായിക് എന്ന ഡോ. സാകിർ നായിക് രാജ്യത്തെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ അനുയായികളെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത്. സമുദായങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാനും രാജ്യത്തിന്റെ അഖ്ഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്താനുമുള്ള പ്രവർത്തനങ്ങളിലാണ് സംഘടന ഏർപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
സാകിർ നായികിന്റെ പ്രഭാഷണങ്ങളും പ്രസ്താവനകളും വിദ്വേഷം നിറഞ്ഞതാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര സാറ്റലൈറ്റ് ടിവി നെറ്റ്വർക്കുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ തീവ്ര സ്വഭാവമുള്ള പ്രസംഗങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നും കേന്ദ്രം ആരോപിക്കുന്നു.
Content Highlights:
The Union Home Ministry has extended the ban on Zakir Naik’s Islamic Research Foundation for another five years. The government stated that the organization and its founder promote religious disharmony and enmity. Officials emphasized that its activities threaten national security and communal harmony.






