Connect with us

Kerala

'സാംസ്‌കാരിക നായിക' എന്ന പൊല്ലാപ്പില്‍ നിന്ന് ഒഴിവാക്കണം; അഭ്യര്‍ഥനയുമായി സാറ ജോസഫ്

'ഞാന്‍ ഒന്നിന്റെയും നായികയല്ല.എന്നെ ഒരു എഴുത്തുകാരി മാത്രമായി കാണണം.'

Published

|

Last Updated

തൃശൂര്‍ | ‘സാംസ്‌കാരിക നായിക’ എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് എഴുത്തുകാരി സാറ ജോസഫ്. മാധ്യമ സുഹൃത്തുക്കളെങ്കിലും എന്നെ ‘സാംസ്‌കാരിക നായിക’ എന്ന തെറിവാക്ക് വിളിക്കരുതെന്ന് ആവശ്യപ്പെട്ട അവര്‍ താന്‍ ഒന്നിന്റെയും നായികയല്ലെന്നും പ്രതികരിച്ചു.

പിണറായി സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്ന സാറ ജോസഫിനെ പോലുള്ള ചില സാംസ്‌കാരിക നായകര്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിശ്ശബ്ദരായെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രതികരണം. എന്നെ ഒരു എഴുത്തുകാരി മാത്രമായി കാണണമെന്നാണ് എഫ് ബി കുറിപ്പിലൂടെയുള്ള അവരുടെ ഇപ്പോഴത്തെ അപേക്ഷ.

ഫേസ് ബു്ക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
പ്രിയരേ, പ്രിയ മാധ്യമസുഹൃത്തുക്കളേ,
എന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ടിട്ടുള്ളതും ഞാന്‍ സ്വീകരിച്ചിട്ടില്ലാത്തതുമായ
‘സാംസ്‌കാരിക നായിക’ എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണം.
ഞാന്‍ ഒരു എഴുത്തുകാരി മാത്രമാണ്.
ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കല്‍ പ്രസ്ഥാനക്കാര്‍ കൊണ്ടുവരുന്ന പ്രസ്താവനകള്‍ ബോധ്യപ്പെട്ടാല്‍ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്.
(ശരിയെന്ന് തോന്നുന്നത് മാത്രം.ബോധ്യപ്പെടുന്നത് മാത്രം.)
മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ’സാംസ്‌കാരികനായിക’ എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ.)വിളിയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഞാന്‍ ഒന്നിന്റെയും നായികയല്ല.

‘പക്ഷേ, ടീച്ചര്‍ നിറമുള്ള നുണകള്‍ വിശ്വസിക്കും. അതിനാടകിയ നുണകളെ പുല്‍കാന്‍ ടീച്ചര്‍ക്ക് ഇഷ്ടമാണ്. സഹജീവിതങ്ങളെ ഉലയ്ക്കാന്‍ കഴിയുന്ന നാടകീയ നുണകളെ ടീച്ചര്‍ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.’….., ‘പിണറായി ആയിരുന്നേല്‍ ടീച്ചര്‍ പത്ത് നാക്ക് ഫിറ്റ് ചെയ്തു സെക്രട്ടറിയറ്റിന്റെ മുന്നില്‍ എത്തിയേനെ. ഇതിപ്പോ വര്‍ഷം അറുപത് പുസ്തകം വായിക്കുന്ന സതീശന്‍ ആയിപോയി. എന്ത് ചെയ്യാനാ’..
‘ശരി എഴുത്ത്കാരി, 5 വര്‍ഷം കഴിഞ്ഞാല്‍ സാംസ്‌കാരിക നായിക ആയി തിരിച്ചു വരണം എന്ന് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്യുന്നു’….തുടങ്ങിയ കമന്റുകള്‍ എഫ് ബി കുറിപ്പിന് താഴെ വന്നിട്ടുണ്ട്.

‘ടീച്ചര്‍ക്ക് ബോധ്യമുള്ളത് ഉറക്കെപ്പറയൂ. യോജിക്കാനും വിയോജിക്കാനും ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ടീച്ചര്‍ നിലകൊള്ളുന്നതും എന്ന് അറിയാം. നീതിയുടെ പക്ഷത്തേ ടീച്ചര്‍ നിന്നിട്ടുള്ളൂ എന്നാണ് എന്റെ ബോധ്യം’….എന്നിങ്ങനെയുള്ള കമന്റുകളും കാണാം.

Content Highlights: Acclaimed Malayalam writer Sara Joseph has requested to be exempted from the title ‘Samskarika Nayika’. She stated that being addressed as a cultural leader creates unnecessary complications. Her remarks have sparked notable discussions across Kerala’s literary and cultural circles.

 

Latest