First Gear
ഉത്സവ സീസണില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്; അഞ്ച് ലക്ഷം കടന്ന് പാസഞ്ചര്‍ വാഹന വില്‍പ്പന
നവരാത്രി കാലയളവില്‍ മാത്രം രാജ്യത്താകെ 36 ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്
ന്യൂഡല്‍ഹി | രാജ്യത്ത് ദീപാവലിക്ക് മുന്നോടിയായുള്ള ഉത്സവ സീസണില്‍ വാഹന വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ് വില്‍പ്പന. നവരാത്രി കാലയളവില്‍ മാത്രം രാജ്യത്താകെ 36 ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (എസ് ഐ എ എം) വ്യക്തമാക്കി. മുച്ചക്ര വാഹനങ്ങള്‍ മുതല്‍ വാണിജ്യ ട്രക്കുകള്‍ വരെയുള്ള മിക്ക വിഭാഗങ്ങളിലും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 12 ശതമാനം വളര്‍ച്ചയോടെ പ്രതിമാസ വില്‍പ്പന അഞ്ച് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട. ഇന്ത്യന്‍ വാഹന വ്യവസായം ശക്തമായ ഡിമാന്‍ഡ് നിലനിര്‍ത്തുന്നുണ്ടെന്ന് എസ് ഐ എ എം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന് വ്യക്തമാക്കി.
ഉത്സവ വിപണിയില്‍ ഇരുചക്ര വാഹനങ്ങള്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ഗ്രാമീണ നഗര മേഖലകളില്‍ വായ്പ ലഭ്യത മെച്ചപ്പെട്ടതും പഴയ വാഹനങ്ങള്‍ക്ക് പകരം പുതിയവ വാങ്ങാനുള്ള താല്പര്യവും വിപണിയുടെ ഉയര്‍ച്ചക്ക് കാരണമായി. ഇതോടെ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില്‍പ്പന 25 ലക്ഷം യൂണിറ്റുകള്‍ കവിഞ്ഞു. ഇതില്‍ സ്കൂട്ടര്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനത്തോളം വര്‍ധനവോടെ 11 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞു.
വാഹന പ്രേമികള്‍ക്കിടയില്‍ എസ് യു വി മോഡലുകള്‍ക്കുള്ള ജനപ്രീതി കുതിച്ചുയരുന്നതായാണ് കണക്കുകള്‍. സാധാരണ കാറുകളുടെ വില്‍പ്പന 1.3 ലക്ഷം യൂണിറ്റില്‍ ഒതുങ്ങിയപ്പോള്‍ എസ് യു വികളുടെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. സാധാരണ കാറുകളുടെ ഇരട്ടിയിലധികം വില്‍പ്പനയാണ് എസ് യു വികള്‍ നേടിയത്. 30 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള പ്രീമിയം എസ് യു വികളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചു.


