National
നഗ്നചിത്രങ്ങൾക്ക് പകരം പാക് ചാരന്മാർക്ക് യുദ്ധ പദ്ധതി ചോർത്തി നൽകി; വ്യോമസേന വിങ് കമാൻഡർ പിടിയിൽ
പാക് ഏജൻസിയിൽ നിന്നും ലഭിച്ച ഓരോ നഗ്നചിത്രത്തിനും പകരമായി രഹസ്യ വ്യോമസേന യുദ്ധ പദ്ധതിയുടെ ഓരോ പേര് വീതം കൈമാറാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ന്യൂഡൽഹി | നഗ്നചിത്രങ്ങൾക്ക് പകരമായി, പാക് ചാര ഏജൻസിക്ക് അതീവ രഹസ്യ വിവരങ്ങൾ കൈമാറിയ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ പിടിയിൽ. വ്യോമസേനയുടെ അതീവ രഹസ്യമായ യുദ്ധ പദ്ധതികൾ, ഡ്രോൺ യൂണിറ്റുകളുടെ ശേഷി, പോർവിമാനങ്ങളുടെ വിന്യാസം, സൈനികാഭ്യാസങ്ങൾ, സെൻസിറ്റീവ് സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ എന്നിവയാണ് വിങ് കമാൻഡർ ചോർത്തി നൽകിയതെന്ന് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സൈനിക സജ്ജീകരണങ്ങൾക്കും സുരക്ഷയ്ക്കും കനത്ത ഭീഷണി ഉയർത്തുന്നതാണ് ഈ വിവര ചോർച്ചയെന്ന് പൊലീസ് അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി കസ്റ്റഡിയിലാണ്.
2026 ജനുവരി 12 നും ഏപ്രിൽ ഒന്നിനും ഇടയിൽ വാട്സാപ്പ് വഴിയാണ് ഇയാൾ പാക് ഏജന്റുമായി ബന്ധപ്പെട്ടത്. ഏപ്രിൽ ഒന്നിന് ഓഫീസിനുള്ളിലേക്ക് സ്മാർട്ട്ഫോൺ കൊണ്ടുപോയതിന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പാക് ഏജൻസിയിൽ നിന്നും ലഭിച്ച ഓരോ നഗ്നചിത്രത്തിനും പകരമായി രഹസ്യ വ്യോമസേന യുദ്ധ പദ്ധതിയുടെ ഓരോ പേര് വീതം കൈമാറാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനമെന്ന് കുറ്റപത്രത്തിൽ പറയുന്നു. രഹസ്യ ഡ്രോൺ യൂണിറ്റിന്റെ അംഗബലം, സംഘടനാ ഘടന, പ്രവർത്തന രീതികൾ, ഡ്രോൺ പരീക്ഷണങ്ങൾ, ഫ്ലൈറ്റ് എൻഡുറൻസ്, ആയുധ ലക്ഷ്യ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ പ്രതി കൈമാറിയിട്ടുണ്ട്.
Also Read‘നല്ലൊരു തെറാപ്പിസ്റ്റിന്റെ നമ്പർ തരാമോ?’; വ്യോമസേന വിംഗ് കമാൻഡറെ പാക് ‘ചാരവനിത’ കുടുക്കിയത് ഇങ്ങനെ യുദ്ധ സമാനമായ സാഹചര്യങ്ങളിൽ ഈ ഡ്രോൺ യൂണിറ്റിന്റെ വിന്യാസ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും പ്രതി ചോർത്തിയതായി പോലീസ് പറയുന്നു. ലേയിൽ പോർവിമാനങ്ങൾ വിന്യവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും രാജസ്ഥാനിലെ സൂറത്ത്ഗഡിലുള്ള മഹാജൻ ഫീൽഡ് ഫയറിങ് റെയ്ഞ്ചിൽ നടന്ന സൈനികാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് മാൽവെയർ, സ്പൈവെയർ അടങ്ങിയ ആപ്പുകളും ലിങ്കുകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
തനിക്കൊപ്പം സേവനമനുഷ്ഠിക്കുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലും സമാനമായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രതി ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇരുവരും തമ്മിലുള്ള ഡിജിറ്റൽ ആശയവിനിമയ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാട്സാപ്പ് ഡാറ്റ പരിശോധിച്ചതിൽ 3,008 ടെക്സ്റ്റ് മെസ്സേജുകൾ, 65 ഫോട്ടോകൾ, 65 റിയാക്ഷനുകൾ, 42 വോയ്സ് കോളുകൾ, നാല് വീഡിയോ കോളുകൾ, ആറ് യു ആർ എൽ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഈ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights
An Indian Air Force wing commander has been arrested and jailed for five months after allegedly leaking classified military secrets and war plans to a Pakistani operative. In exchange for nude photographs, the accused shared sensitive information regarding drone units, fighter jet deployments, and military exercises via WhatsApp. Investigators also revealed that the officer attempted to plant malware on the devices of five subordinate officers to facilitate further espionage.


