Connect with us

National

കുട്ടികളുടെ സ്‌ക്രീന്‍ സമയം: സമയപരിധിയേക്കാള്‍ പ്രധാനം എന്തു ചെയ്യുന്നു എന്നതെന്ന് കണ്ടെത്തല്‍

നാല്‍പ്പത് മിനിറ്റ് നേരം കൊണ്ട് പെട്ടെന്ന് മറന്നുപോകുന്ന നൂറോളം വീഡിയോകള്‍ കാണുന്ന കുട്ടിയും, അതേ സമയം കൊണ്ട് ഫിസിക്‌സ് അധിഷ്ഠിത ഗെയിമിലൂടെ സ്വന്തമായി പാലം നിര്‍മ്മിച്ച് പരാജയകാരണം പഠിക്കുന്ന കുട്ടിയും ചെലവഴിക്കുന്ന സമയം തുല്യമാണെങ്കിലും അതിന്റെ ഫലം തീര്‍ത്തും വ്യത്യസ്തമാണ്

Published

|

Last Updated

ന്യൂഡല്‍ഹി | കുട്ടികള്‍ മൊബൈല്‍ ഫോണുകളിലും ടാബ്ലെറ്റുകളിലും എത്ര സമയം ചെലവഴിക്കുന്നു എന്നതിനേക്കാള്‍ അവര്‍ അത് എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് പഠനങ്ങള്‍. പല വീടുകളിലും പ്രവൃത്തിദിനങ്ങളില്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ വാരാന്ത്യങ്ങളില്‍ രണ്ട് മണിക്കൂര്‍ എന്നിങ്ങനെ സമയപരിധികള്‍ നിശ്ചയിക്കാറുണ്ട്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ കുട്ടി എന്താണ് ചെയ്തതെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. സ്‌ക്രീനുകള്‍ വെറുതെ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കാനും, അതേസമയം തന്നെ എഴുതാനും കോഡിങ് ചെയ്യാനും പുതിയ ആശയങ്ങള്‍ പരീക്ഷിക്കാനുമുള്ള സര്‍ഗ്ഗാത്മക വേദിയായും മാറാറുണ്ട്. നാല്‍പ്പത് മിനിറ്റ് നേരം കൊണ്ട് പെട്ടെന്ന് മറന്നുപോകുന്ന നൂറോളം വീഡിയോകള്‍ കാണുന്ന കുട്ടിയും, അതേ സമയം കൊണ്ട് ഫിസിക്‌സ് അധിഷ്ഠിത ഗെയിമിലൂടെ സ്വന്തമായി പാലം നിര്‍മ്മിച്ച് പരാജയകാരണം പഠിക്കുന്ന കുട്ടിയും ചെലവഴിക്കുന്ന സമയം തുല്യമാണെങ്കിലും അതിന്റെ ഫലം തീര്‍ത്തും വ്യത്യസ്തമാണ്.

സ്‌ക്രീന്‍ ഉപയോഗം ഫലപ്രദമാണോ എന്ന് മനസ്സിലാക്കാന്‍ മൊബൈല്‍ ഉപയോഗ ശേഷം ‘നീ എന്താണ് ഉണ്ടാക്കിയത്’ എന്ന് കുട്ടിയോട് ചോദിക്കാവുന്നതാണ്. ഒരു കഥയോ ചിത്രരചനയോ പസിലിനുള്ള ഉത്തരമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉപയോഗപ്രദമാണ്. മറിച്ച് ഒന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ആ സമയം വെറും ഉപയോഗം മാത്രമായിരുന്നുവെന്ന് വ്യക്തമാകും. 2024ല്‍ നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ പ്രസിദ്ധീകരിച്ച 102 മെറ്റാ അനാലിസിസുകള്‍ ഉള്‍പ്പെടുത്തിയ അവലോകന റിപ്പോര്‍ട്ടില്‍, കുട്ടികളുടെ വ്യക്തിഗതമായ സ്‌ക്രീന്‍ ഉപയോഗം സാക്ഷരതാ നിലവാരം ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെങ്കിലും രക്ഷിതാക്കള്‍ ഒപ്പമിരുന്ന് ഉപയോഗിക്കുമ്പോള്‍ അത് കുട്ടികളുടെ സാക്ഷരത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്‌കൂളുകള്‍ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ ലക്ഷ്യവും അത് അവസാനിപ്പിക്കേണ്ട രീതിയും പഠിപ്പിക്കുമ്പോള്‍, കുട്ടിയോടൊപ്പം സ്‌ക്രീനിനു മുന്നിലിരുന്ന് കാര്യങ്ങള്‍ പങ്കുവെക്കാനും സംശയങ്ങള്‍ ചര്‍ച്ച ചെയ്യാനും രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കുട്ടികളുടെ ശ്രദ്ധ കവരുന്ന തരത്തില്‍ സാങ്കേതികവിദ്യ വളരുമ്പോള്‍, മുതിര്‍ന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയുള്ള ഇടപെടലാണ് ഏറ്റവും അനുയോജ്യമായ പരിഹാരം.

Content Highlights: Studies reveal that what children do on screens is far more important than strict time limits. Active creation like coding or puzzles fosters learning, unlike passive video consumption. A Nature Human Behaviour review also notes that parental co-viewing boosts child literacy.
---- facebook comment plugin here -----

Latest