Connect with us

Kerala

മാനവീയം വിലക്ക്; ബി ജെ പിക്ക് പാട്ടുകളേയും ഭയം, എന്തുകൊണ്ടു കോണ്‍ഗ്രസ് സര്‍ക്കാര്‍ മിണ്ടുന്നില്ലെന്നു ഗായിക പുഷ്പവതി

കേരളം ആര്‍ എസ് എസ് ആണോ ഭരിക്കുന്നത്? നമ്മളെന്ത് പാടണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് പറയണം, എവിടെ പാടണം എന്നെല്ലാം ഇവരാണോ തീരുമാനിക്കുന്നത്

Published

|

Last Updated

കൊച്ചി | മാനവീയം വീഥിയില്‍ തന്റെ സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോര്‍പ്പറേഷനെതിരെയും അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഗായിക പുഷ്പവതി.

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള തന്റെ പാട്ടുകളാവാം ബി ജെ പി ഭരിക്കുന്ന കോര്‍പ്പറേഷനെ ഭയപ്പെടുത്തുന്നതെന്ന് പുഷ്പവതി പ്രതികരിച്ചു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തതെന്നും ഗായിക ചോദിച്ചു. കേരളം ആര്‍ എസ് എസ് ആണോ ഭരിക്കുന്നത്? നമ്മളെന്ത് പാടണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് പറയണം, എവിടെ പാടണം എന്നെല്ലാം ഇവരാണോ തീരുമാനിക്കുന്നത്. ഇന്ത്യ ഇവരുടെ കുടുംബസ്വത്താണോ? എന്റെ പാട്ടുകളെല്ലാം സംഘപരിവാറിന് എതിരായിരുന്നു.ഭയമാണ് അവര്‍ക്ക്-പുഷ്പവതി പറയുന്നു.

മാനവീയം ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവിലെ എം എല്‍ എ കൂടിയായ മന്ത്രി കെ മുരളീധരനാണ്. അദ്ദേഹമോ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയോ ഇതിനെതിരെ ഒരുവാക്ക് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തില്‍ മാത്രമാണോ നിലപാട് എടുക്കുന്നത്? ജനാധിപത്യം കേരളത്തിലും മരിച്ചുവെന്ന് പറയുന്നത് വിഷമമാണ്. കേരളത്തിലെങ്കിലും ശ്വാസം വിടാനുള്ള ഇടമുണ്ടായിരുന്നു. സ്വതന്ത്രമായി പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാണ്. യു ഡി എഫ് സര്‍ക്കാരാണ് നിലപാട് എടുക്കേണ്ടത്.

സാംസ്‌കാരിക ഇടങ്ങള്‍ ഇല്ലാതായാല്‍ മാത്രമെ ബി ജെ പിക്ക് വളരാനാകൂ. നിലപാടുകള്‍ പാട്ടിലൂടെ ആളുകളിലേക്ക് എത്തുമ്പോള്‍ അവര്‍ അതിനെ തടയും. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള പാട്ടുകള്‍ തന്നെപ്പോലെയുള്ള ആളുകള്‍ പാടും. അത് അവരെ ഭയപ്പെടുത്തുന്നുണ്ടാകാം. തന്റെ പാട്ടിനെ എന്തിനാണ് ഭയപ്പെടുന്നത്. താന്‍ സത്യമല്ലേ പാടുന്നത്. അവര്‍ വളര്‍ന്നുവന്ന വഴികളെല്ലാം അനീതിയുടേതാണ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്ത് ഞാന്‍ പാട്ടുകളുണ്ടാക്കാറുണ്ട്. അതാവാം അവരെ പ്രകോപിപ്പിക്കുന്നത്.

കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ലേ എന്നാണ് എനിക്ക് ചോദിക്കാനുണ്ട്.
രമേശ് ചെന്നിത്തലയല്ലേ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. ഒരു നിലപാടും വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലടക്കം കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചാണ് സമരം ചെയ്യുന്നത്.

പലയിടത്തും ഇത്തരം വേദികള്‍ ഇല്ലാതാവുകയാണ്. സാംസ്‌കാരിക ഇടനാഴിയെന്ന നിലയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എം എ ബേബി തുടങ്ങിയതാണ് മാനവീയം വീഥി. അവിടെ പരിപാടിക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ക്ഷണം സ്വീകരിച്ചതെന്നും പുഷ്പവതി വ്യക്തമാക്കി.

Content Highlights: Singer Pushpavathi criticized the BJP-led Thiruvananthapuram Corporation for denying permission for her concert at Manaveeyam Veedhi. She also questioned the silence of the UDF government, MLA K Muraleedharan, and Home Minister Ramesh Chennithala over the threat to cultural freedom.

---- facebook comment plugin here -----

Latest