Kerala
ലോകായുക്തക്ക് കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം നല്‍കും: ചെന്നിത്തല
ലോകായുക്തക്ക് സ്വതന്ത്രമായ ഓഫീസ് മന്ദിരം വേണമെന്നും റിക്കോര്‍ഡുകളുടെ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി.
തിരുവനന്തപുരം | ലോകായുക്തക്ക് കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം നല്‍കുന്നതിനുള്ള നിയമ ഭേദഗതി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ കൊണ്ടുവന്ന് പാസാക്കിയെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലോകായുക്തക്ക് സ്വതന്ത്രമായ ഓഫീസ് മന്ദിരം വേണമെന്നും റിക്കോര്‍ഡുകളുടെ ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന ലോകായുക്ത ദിനാചരണ പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്ത കാര്യക്ഷമമായാല്‍ ഭരണരംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ കഴിയും. പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തെറ്റ് ചെയ്യാതിരിക്കാനുള്ള ജാഗ്രതാ ശക്തിയായി ലോകായുക്ത മാറണം. പരാതികളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസകരമാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനമല്ലെങ്കിലും ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട സംവിധാനമായാണ് ലോകായുക്ത പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു. ലോകായുക്തക്ക് മുന്നിലെത്തുന്ന പരാതികളില്‍ 95 ശതമാനത്തിലധികവും സാധാരണക്കാരുടെ വിഷയങ്ങളാണ്. ഇത്തരം പരാതികളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നിയമവിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓള് കേരള ഇന്റര്‍കോളജിയറ്റ് മൂട്ട് കോര്‍ട്ട് മത്സരത്തില്‍ വിജയികളായവര്‍ക്ക് ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍ കുമാര്‍ ട്രോഫിയും അവാര്‍ഡും കൈമാറി. യോഗത്തില്‍ നഗരസഭാ മേയര്‍ വി വി രാജേഷ്, ലോകായുക്ത രജിസ്ട്രാര്‍ ഇ ബൈജു, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ടി ആസഫ് അലി, ട്രിവാന്‍ഡ്രം ബാര്‍ അസോ. പ്രസിഡന്റ് അഡ്വ. ജി ഗോപിദാസ്, ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. എന്‍ എസ് ലാല്‍, കേരള ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം സെക്രട്ടറി അഡ്വ. ബാബു പി പോത്തന്‍കോട്, മുന്‍ ലോകായുക്തമാര്‍, നിയമവിദഗ്ധര്‍ പങ്കെടുത്തു.
Content Highlights: Ramesh Chennithala announced that discussions and initiatives will be advanced to grant the Lokayukta contempt of court powers. This move aims to enhance the legal authority of the anti-corruption watchdog in Kerala. Political reactions to this proposal are expected to gain momentum across the state.


