National
ഡല്‍ഹി സ്‌ഫോടനക്കേസ്: മൂന്ന് എഫ് ഐ ആറുകള്‍ ഒരുമിച്ച് വിചാരണ ചെയ്യുന്നതിനായി ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി അനുമതി
ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്
ന്യൂഡല്‍ഹി | ഡല്‍ഹി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും ഹരിയാനയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ ഒരുമിച്ച് വിചാരണ ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതി അനുവദിച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. ഇതോടൊപ്പം മൂന്ന് എഫ് ഐ ആറുകള്‍ ഒന്നിച്ച് ചേര്‍ക്കണമെന്ന എന്‍ ഐ എയുടെ ആവശ്യവും കോടതി അംഗീകരിച്ചു.
ജമ്മു കശ്മീര്‍ പൊലീസിന്റെ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ് ഐ എ) നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്ത് പ്രതികളെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അറസ്റ്റിലായ ഡോക്ടര്‍മാരില്‍ ഒരാള്‍ക്കെതിരെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസിലും കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ ഹരിയാനയിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ നടന്നിരുന്നു. വെവ്വേറെ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത ഈ കേസുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടത്തണമെന്ന എന്‍ ഐ എയുടെ വാദം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക നടപടി.




