Connect with us

Editors Pick

ദേശീയ പത്രദിനം: മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച സുപ്രധാന സുപ്രീം കോടതി വിധികള്‍

ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തില്‍ മാധ്യമസ്വാതന്ത്ര്യവും ഉള്‍പ്പെടുന്നുവെന്ന് സകാല്‍ പേപ്പേഴ്‌സ് കേസില്‍ (1962) സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ പത്രദിനത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്ത് മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധികള്‍ ശ്രദ്ധേയമാകുന്നു. ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തില്‍ മാധ്യമസ്വാതന്ത്ര്യവും ഉള്‍പ്പെടുന്നുവെന്ന് സകാല്‍ പേപ്പേഴ്‌സ് കേസില്‍ (1962) സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പത്രങ്ങളുടെ പ്രചാരണം തടസ്സപ്പെടുത്തുന്നതോ മുന്‍കൂര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോആയ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ബെന്നറ്റ് കോള്‍മാന്‍ കേസും (1972) അടിവരയിട്ടിരുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഭരണകൂട വിരുദ്ധരെന്ന് മുദ്രകുത്താനാകില്ലെന്ന് മലയാളം വാര്‍ത്താ ചാനലായ മീഡിയവണിന്റെ സംപ്രേഷണ വിലക്ക് നീക്കിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. 2023ലെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് കേസില്‍ അധികാരത്തോട് സത്യം തുറന്നുപറയുകയും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുക എന്നത് ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സുപ്രധാന ചുമതലയാണെന്ന് കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സ്വതന്ത്ര ചിന്തയെ തടസ്സപ്പെടുത്തുമെന്നും ജനാധിപത്യത്തിന് അപകടമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്താ സ്രോതസ്സുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ഉപാധിയാണെന്ന് 2021ലെ പെഗാസസ് കേസില്‍ സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. അമിതമായ ഭരണകൂട നിരീക്ഷണം മാധ്യമസ്വാതന്ത്ര്യത്തിന്മേല്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കോടതി വ്യക്തമാക്കി. അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായയുടെ സമൂഹമാധ്യമ വിവരങ്ങള്‍ തേടി ഉത്തര്‍പ്രദേശ് പോലീസ് എക്‌സിന് നല്‍കിയ നോട്ടീസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

കോടതി മുറികളില്‍ വാക്കാല്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസില്‍ (2021) സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കോടതി നടപടികള്‍ സുതാര്യമായി ജനങ്ങളിലേക്ക് എത്തുന്നത് നീതിന്യായ വ്യവസ്ഥയുടെ ഉത്തരവാദിത്തത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ വിക്കിപീഡിയ പേജ് നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട്, എന്താണ് നീക്കം ചെയ്യേണ്ടതെന്ന് മാധ്യമങ്ങളോട് നിര്‍ദ്ദേശിക്കുന്നത് കോടതിയുടെ പണിയല്ലെന്നും കോടതികള്‍ തുറന്ന സ്ഥാപനങ്ങളാണെന്നും വിക്കിമീഡിയ ഫൗണ്ടേഷന്‍ കേസില്‍ (2025) കോടതി വ്യക്തമാക്കിയിരുന്നു.

മാനനഷ്ടക്കേസുകളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിചാരണയ്ക്ക് മുന്‍പായി ഇടക്കാല പ്രസിദ്ധീകരണ വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ വിചാരണക്കോടതികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ കേസില്‍ (2024) കോടതി നിര്‍ദ്ദേശിച്ചിരുന്നു. വാര്‍ത്തകള്‍ തടയുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ മാത്രമല്ല, വസ്തുതകള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശത്തെയും ഹനിക്കുന്നു. പൊതുജന താല്‍പര്യമുള്ള വിഷയങ്ങള്‍ പുറത്തുവരുന്നത് തടയാന്‍ സാമ്പത്തിക ശേഷിയുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന നിയമനടപടികളെ കരുതിയിരിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Content Highlights: The Supreme Court has emphasized that media freedom is protected under Article 19(1)(a) of the Indian Constitution. Landmark judgments across various cases have safeguarded journalistic rights, source confidentiality, and reporting freedoms against censorship. These rulings highlight the vital role of a free press in maintaining democratic transparency and holding power accountable.

---- facebook comment plugin here -----

Latest