articles
സ്വകാര്യതയും സുരക്ഷയും
ഈ മാസം ഒമ്പതിന് മെറ്റ പുറത്തുവിട്ട നിര്‍ണായക പ്രഖ്യാപനപ്രകാരം എ ഐ അധിഷ്ഠിതമായ പ്രായനിര്‍ണയ സംവിധാനം ഇന്‍സ്റ്റഗ്രാമിന്റെ എല്ലാ ആഗോള വിപണികളിലേക്കും വ്യാപിപ്പിക്കുകയാണ്.
സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആരംഭിക്കുമ്പോള്‍ ഉപയോക്താക്കള്‍ നല്കുന്ന ജനനത്തീയതികളുടെ വിശ്വസനീയത എന്നും ഒരു ചോദ്യചിഹ്നമാണ്. ഒരു ക്ലിക്കിലൂടെ കൗമാരക്കാര്‍ മുതിര്‍ന്നവരായി നടിച്ച് അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതും അതുവഴി നിയന്ത്രണങ്ങള്‍ മറികടക്കുന്നതും സര്‍വസാധാരണമാണ്. ഈ സുരക്ഷാ വിടവ് അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ പുതിയ സാങ്കേതിക പരിഹാരങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ഈ മാസം ഒമ്പതിന് മെറ്റ പുറത്തുവിട്ട നിര്‍ണായക പ്രഖ്യാപനപ്രകാരം എ ഐ അധിഷ്ഠിതമായ പ്രായനിര്‍ണയ സംവിധാനം ഇന്‍സ്റ്റഗ്രാമിന്റെ എല്ലാ ആഗോള വിപണികളിലേക്കും വ്യാപിപ്പിക്കുകയാണ്. പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്ന ജനനത്തീയതി പ്രകാരം മുതിര്ന്നവരാണെന്ന് കാണിക്കുന്ന അക്കൗണ്ടുകളില്‍, പതിനേഴ് വയസ്സില്‍ താഴെയുള്ളവരെ സ്വയം കണ്ടെത്തി പ്രത്യേക ടീന്‍ അക്കൗണ്ട് സംരക്ഷണത്തിലേക്ക് മാറ്റുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കൗമാരക്കാരെ ഓണ്‍ലൈന്‍ ദുരുപയോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത്തരം നീക്കങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും, വ്യക്തിഗത സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് നിര്‍ണായക ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സാങ്കേതിക നിരീക്ഷണം കുട്ടികളുടെ സുരക്ഷക്കായുള്ള ന്യായീകരണമാണെങ്കിലും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണുന്നവരുമുണ്ട്.
പുതിയ ക്രമീകരണങ്ങള്‍ പ്രകാരം കൗമാരക്കാരുടെ പ്രൊഫൈലുകള്‍ ഡിഫോള്‍ട്ടായി പ്രൈവറ്റായിരിക്കും. അപരിചിതര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ ഫോളോ ചെയ്യാനോ സാധിക്കില്ല. ദിവസേനെയുള്ള ഉപയോഗ സമയത്തിന് കര്‍ശനമായ പരിധികള്‍ ഏര്‍പ്പെടുത്താനും രക്ഷിതാക്കള്‍ക്ക് നിരീക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
ഒരു അക്കൗണ്ട് ഹോള്‍ഡറുടെ ഉള്ളടക്കങ്ങളും പെരുമാറ്റ രീതികളും അപഗ്രഥിച്ചാണ് എ ഐ സംവിധാനം പ്രായം വിലയിരുത്തുന്നത്. പിറന്നാള്‍ ആശംസകളുടെ പോസ്റ്റുകള്‍, സ്കൂള്‍ അല്ലെങ്കില്‍ പഠന സംബന്ധിയായ പരാമര്‍ശങ്ങള്‍, പ്രൊഫൈല്‍ ബയോ, കമന്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിനായി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നു. കൂടാതെ ചിത്രങ്ങളിലെയും വീഡിയോകളിലെയും വ്യക്തികളുടെ ദൃശ്യസൂചനകള്‍, ഉയരം, മുഖഘടന തുടങ്ങിയ സവിശേഷതകളും എ ഐ മോഡലുകള്‍ വിശകലനം ചെയ്യുന്നു. ഈ അപഗ്രഥനത്തിലൂടെ സംശയാസ്പദമായ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ ടീന്‍ അക്കൗണ്ട് സെറ്റിംഗ്സിലേക്ക് മാറ്റുന്നു.
ഇന്‍സ്റ്റഗ്രാമിന്റെ പുതിയ മാറ്റങ്ങള്‍ സ്വമേധയായുള്ള നടപടിയല്ല. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 2026 ആഗസ്റ്റ് അവസാനത്തോടെ മെറ്റ പതിനെട്ട് ബില്യണ്‍ ഡോളറോളം നഷ്ടപരിഹാരം നല്കാന് ധാരണയായതായി പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളില്‍ സാമൂഹിക മാധ്യമ അടിമത്തം വളര്‍ത്തുന്ന രീതിയിലുള്ള ഡിസൈനുകള്‍ മനപ്പൂര്‍വം ഉള്‍പ്പെടുത്തി എന്നതായിരുന്നു കമ്പനിക്കെതിരെയുള്ള പ്രധാന ആരോപണം. ഒത്തുതീര്‍പ്പ് തുകക്ക് പുറമെ, പ്ലാറ്റ്ഫോമുകളില്‍ പ്രായ പരിശോധന കര്‍ശനമാക്കുക, സ്കൂള്‍ സമയങ്ങളില്‍ പുഷ് നോട്ടിഫിക്കേഷനുകള്‍ തടയുക, ഉപയോഗ സമയപരിധി നടപ്പാക്കുക തുടങ്ങിയ വ്യവസ്ഥകളും മെറ്റക്ക് പാലിക്കേണ്ടതുണ്ട്. ഇതിന്റെ പുരോഗതിയും ഫലപ്രാപ്തിയും നിരീക്ഷിക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഡിജിറ്റല്‍ ഇടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദങ്ങളും അപരിചിതരില്‍ നിന്നുള്ള ചൂഷണ സാധ്യതകളും യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ പ്രാഥമിക തലത്തില്‍ കുട്ടികളെ തരംതിരിച്ച് സുരക്ഷിത തണലൊരുക്കുക എന്ന ലക്ഷ്യത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സൈബര്‍ ഇടങ്ങളിലെ അനാവശ്യ സമ്പര്‍ക്കങ്ങളില്‍ നിന്നും സൈബര്‍ ഭീഷണികളില്‍ നിന്നും കൗമാരക്കാരെ അകറ്റി നിര്‍ത്താന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒരുപരിധിവരെ സഹായകരമാണ്. പ്രായ പരിശോധന ഉറപ്പാക്കുന്നതിനായി ഉപയോക്താക്കള്‍ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളോ ഫോട്ടോകളോ കൈമാറേണ്ട സാഹചര്യം വരുന്നു. ഇത് വന്‍ വിവരശേഖരണത്തിന് വഴിവെക്കുന്നു.
കര്‍ണാടക തങ്ങളുടെ ബജറ്റില്‍ പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് പ്രഖ്യാപിച്ചെങ്കിലും അത് പൂര്‍ണമായ നിയമനിര്‍മാണമായി മാറിയിട്ടില്ല. ആന്ധ്രാപ്രദേശ് പതിമൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ക്ക് വിലക്കും പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് നിയന്ത്രണങ്ങളും ചര്‍ച്ച ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഘട്ടംഘട്ടമായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നൂറുകോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ വിദ്യാഭ്യാസത്തിനും അറിവിനും കൂടി ഉപയോഗിക്കുന്നതിനാല്‍, പൂര്‍ണ വിലക്കിനേക്കാള്‍ സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷമൊരുക്കുന്നതാണ് ഉചിതം.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രൈവസി ബലികഴിക്കാതെയുള്ള പരിഹാരങ്ങളാണ് വികസിപ്പിക്കേണ്ടത്. വ്യക്തിഗത ചിത്രങ്ങളോ ഐ ഡി രേഖകളോ ശേഖരിക്കാതെ തന്നെ മുതിര്‍ന്നയാളാണോ എന്ന് മാത്രം സ്ഥിരീകരിക്കുന്ന ‘സീറോ-നോളജ്’ സാങ്കേതികവിദ്യകള്‍ക്ക് മുന്‍ഗണന നല്‍കണം. വിവരശേഖരണം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമപരമായ ചട്ടക്കൂടുകളും അനിവാര്യമാണ്.
Content Highlights: Meta is expanding its AI-powered age verification system globally on Instagram to detect and shift underage users into secure teen accounts automatically. The move follows major legal settlements addressing social media addiction and online safety for minors. While critics raise privacy concerns, the system enforces stricter default privacy settings and parental controls.



