Kerala
റോഡപകടങ്ങളില്‍ 99 ശതമാനവും അശ്രദ്ധ മൂലം; മമ്മൂട്ടി
വേഗത ഇഷ്ടമാണെന്നും എന്നാല്‍ തന്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരായിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി താന്‍ വാഹനം ഓടിക്കാറില്ലെന്നും മമ്മൂട്ടി
തിരുവനന്തപുരം | റോഡപകടങ്ങളില്‍ 99 ശതമാനവും മനുഷ്യന്റെ അശ്രദ്ധ മൂലമാണെന്ന് നടന് മമ്മൂട്ടി. റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയായ ‘ജീവ-സുയാത്ര’യുടെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ റോഡ് സുരക്ഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേഗത ഇഷ്ടമാണെന്നും എന്നാല്‍ തന്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരായിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി താന്‍ വാഹനം ഓടിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് റേസിങ്ങിനുള്ളതല്ലെന്നും മോട്ടോര്‍സൈക്കിള്‍ അഭ്യാസങ്ങളും കാറിന്റെ വേഗപരീക്ഷണങ്ങളും പൊതുനിരത്തുകളില്‍ നടത്തരുതെന്നും മമ്മൂട്ടി ഓര്‍മിപ്പിച്ചു. ഇത്തരം പ്രകടനങ്ങള്‍ക്കായി റേസ് ട്രാക്കുകളുണ്ട്. മറ്റുള്ളവരുടെ ജീവന് കൂടി കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണം. അപകടങ്ങളില്‍പ്പെട്ട് ജീവന് നഷ്ടമായവര്‍ക്ക് ഒരിക്കലും തിരിച്ചുവരാനാകില്ല. അതിനാല്‍ ജീവിതം അപകടത്തിലാക്കുന്ന രീതിയില്‍ വാഹനമോടിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ജാഗ്രതയും ഏകാഗ്രതയും ഉത്തരവാദിത്തബോധവും ഉണ്ടെങ്കില്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. റോഡിലൂടെ നടക്കുമ്പോള്‍ പോലും പലരും ഫോണില്‍ സംസാരിക്കുന്നത് വീട്ടിലെ സ്വീകരണമുറിയിലൂടെയോ ഡൈനിങ് റൂമിലൂടെയോ നടക്കുന്നതുപോലെയാണെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ തകരാര്‍ കാരണം സംഭവിക്കുന്ന അപകടങ്ങള്‍ ഒരു ശതമാനം മാത്രമാണ്. ബസുകളുടെ സമയക്രമത്തിലെ പ്രശ്നങ്ങളും മത്സരയോട്ടവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ബസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ചെറുപ്പം മുതലേ കുട്ടികള്‍ക്ക് റോഡ് നിയമങ്ങളും ട്രാഫിക് മര്യാദകളും പഠിപ്പിച്ചുകൊടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അപകടങ്ങള്‍ തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Content Highlights: Actor Mammootty stated that 99 percent of road accidents are caused by human negligence while taking charge as the brand ambassador of the Jeeva-Suyatra road safety campaign. He urged motorists to avoid racing on public roads and noted that bus timing issues also trigger accidents. He wished for an accident-free Kerala.


