Connect with us

International

കളിപ്പാട്ടങ്ങള്‍ ഇനി കുട്ടികള്‍ക്ക് മാത്രമല്ല; വിപണി കീഴടക്കി കിഡള്‍ട്ടുകള്‍

കിഡ്, അഡള്‍ട്ട് എന്നീ വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ കിഡള്‍ട്ട് എന്നറിയപ്പെടുന്ന ഈ വിഭാഗം, കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പുതുക്കാനും മാനസിക സമ്മര്‍ദ്ദം കുറക്കാനുമായി വന്‍തോതില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്

Published

|

Last Updated

ന്യൂയോര്‍ക്ക് | കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് മാത്രമുള്ളതാണെന്ന പരമ്പരാഗത ധാരണ തിരുത്തിക്കെണ്ട് മുതിര്‍ന്നവര്‍ കളിപ്പാട്ട വിപണി കീഴടക്കുന്നു. കിഡ്, അഡള്‍ട്ട് എന്നീ വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ കിഡള്‍ട്ട് എന്നറിയപ്പെടുന്ന ഈ വിഭാഗം, കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പുതുക്കാനും മാനസിക സമ്മര്‍ദ്ദം കുറക്കാനുമായി വന്‍തോതില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. പ്രധാനമായും ജെന്‍സി, മില്ലെനിയല്‍ തലമുറയില്‍പ്പെട്ടവരാണ് ഈ പുതിയ ട്രെന്‍ഡിന് പിന്നില്‍.

വിപണി ഗവേഷണ സ്ഥാപനമായ സിര്‍ക്കാനയുടെ കണക്കുകള്‍ പ്രകാരം യു എസിലെ കളിപ്പാട്ട വിപണിയില്‍ 18 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് 5.5 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളുടെ വില്‍പ്പനയില്‍ 2021 മുതല്‍ ഇടിവ് സംഭവിക്കുകയാണ്. യു എസിലെ മുതിര്‍ന്നവരില്‍ 65 ശതമാനം പേരും പ്രതിവര്‍ഷം 100 ഡോളറോ അതില്‍ കൂടുതലോ കളിപ്പാട്ടങ്ങള്‍ക്കായി ചെലവഴിക്കുന്നു. ബ്രിട്ടനില്‍ അവസാന 12 മാസങ്ങളില്‍ മുതിര്‍ന്നവര്‍ വാങ്ങിയ കളിപ്പാട്ടങ്ങള്‍ വഴി 634 ദശലക്ഷം പൗണ്ടിന്റെ വിറ്റുവരവുണ്ടായി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളിലും ഈ പ്രവണത ദൃശ്യമാണ്.

ശ്രദ്ധയോടെ കൂട്ടിയോജിപ്പിക്കേണ്ട ലെഗോ സെറ്റുകള്‍, മിനിയേച്ചര്‍ കാറുകള്‍, പോക്കിമോന്‍, മാര്‍വല്‍, ഹാരി പോട്ടര്‍ തുടങ്ങിയവയുടെ കഥാപാത്ര മാതൃകകള്‍ എന്നിവക്കാണ് മുതിര്‍ന്നവര്‍ക്കിടയില്‍ കൂടുതല്‍ പ്രിയമുള്ളത്. മൃദുവായ പ്ലഷ് പാവകളും ലാബുബു ഡോളുകളും മുതല്‍ കഫേകളിലും ഒത്തുചേരലുകളിലും കളിക്കുന്ന ബോര്‍ഡ് ഗെയിമുകള്‍ വരെ മുതിര്‍ന്നവരുടെ ഇഷ്ടവിഭവങ്ങളാണ്. ജോലിയിലെയും വ്യക്തിജീവിതത്തിലെയും സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനവും കുട്ടിക്കാലത്തെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയുമാണ് മുതിര്‍ന്നവരെ കളിപ്പാട്ടങ്ങളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇന്‍സ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കളിപ്പാട്ട ശേഖരങ്ങള്‍ പങ്കുവെക്കുന്നതും ഇവര്‍ക്ക് വലിയ പ്രോത്സാഹനമാകുന്നുണ്ട്. മുതിര്‍ന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നതോടെ, ലെഗോ ഉള്‍പ്പെടെയുള്ള മുന്‍നിര കളിപ്പാട്ട നിര്‍മ്മാതാക്കള്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കായി പ്രത്യേക ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്ത് വിപണിയിലെത്തിക്കുന്നുണ്ട്.

Content Highlights: Adults, termed kidults, are driving the fastest growth in the global toy market, outpacing traditional children’s toy sales. Driven by nostalgia and stress relief, Gen Z and Millennials spend heavily on Lego sets, collectibles, and plush toys. Major brands are now designing specialized products for adults.

Latest