Kerala
ബൈസ്റ്റാന്‍ഡര്‍ വാര്‍ഡില്‍ പൂച്ചകളും ചത്ത എലിയും; പേരൂര്‍ക്കട ആശുപത്രി അധികൃതരില്‍ നിന്നു മന്ത്രി വിശദീകരണം തേടി
ഒരാഴ്ചയായി ഈ വാര്‍ഡ് ഉപയോഗിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് ബൈസ്റ്റാന്‍ഡര്‍ വാര്‍ഡിനുള്ളില്‍ പൂച്ചകളുടെയും ചത്ത എലിയുടെയും സാന്നിധ്യമുണ്ടായതെന്നും ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരം | ആശുപത്രികളിലെ ശുചിത്വത്തിനും അണുബാധ നിയന്ത്രണത്തിനും രോഗികളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.
പേരൂര്‍ക്കട ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിന് സമീപത്തെ ബൈസ്റ്റാന്‍ഡര്‍ വാര്‍ഡില്‍ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അധികൃതരില്‍നിന്ന് വിശദീകരണം തേടിയതായി മന്ത്രി അറിയിച്ചു. ഒരാഴ്ചയായി ഈ വാര്‍ഡ് ഉപയോഗിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് ബൈസ്റ്റാന്‍ഡര്‍ വാര്‍ഡിനുള്ളില്‍ പൂച്ചകളുടെയും ചത്ത എലിയുടെയും സാന്നിധ്യമുണ്ടായതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അടുത്തിടെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഭിത്തിയില്‍ ഈര്‍പ്പം വര്‍ധിക്കുകയും പെയിന്റ് അടര്‍ന്നുവീഴുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ഇവിടം സുരക്ഷിതമല്ലെന്ന് വിലയിരുത്തിയാണ് വാര്‍ഡ് അടച്ചിട്ടത്.
മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ബൈസ്റ്റാന്‍ഡര്‍ വാര്‍ഡ് അടച്ചത്. അടിയന്തരമായി ഫണ്ട് ലഭ്യമാക്കി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് മന്ത്രി ആവശ്യപ്പെട്ടു. എ എച്ച് എം ഫണ്ടില്‍ നിന്ന് 36 ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രിയിലെ ഒരു കെട്ടിടം ആരോഗ്യവകുപ്പ നവീകരിച്ചിരുന്നു. എന്‍ എച്ച് എമ്മില്‍ കൂടുതല്‍ ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ശേഷിക്കുന്ന അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്തിന് സമീപിച്ചത്.
അറ്റകുറ്റപ്പണികളും ആശുപത്രി പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്തിനോടും ആശുപത്രി സൂപ്രണ്ടിനോടും മന്ത്രി കെ മുരളീധരന്‍ ആവശ്യപ്പെട്ടു. വാര്‍ഡിലെ കേടായ കിടക്കകള്‍ ഉള്‍പ്പെടെ മാറ്റി പുതിയവ ഉടന്‍ സ്ഥാപിച്ച് ബൈ സ്റ്റാന്‍ ഡര്‍ വാര്‍ഡ് തുറന്നു നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
Content Highlights: Health Minister K Muraleedharan sought an explanation after cats and a dead rat were found in a closed bystander ward at Peroorkada Hospital. He directed the District Panchayat and hospital authorities to expedite pending repairs and sanitation works immediately.




