Connect with us

Editors Pick

ബീജത്തിന്റെ നിറം നോക്കി പ്രത്യുത്പാദന ശേഷി അറിയാമോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

സാധാരണഗതിയിൽ ആരോഗ്യമുള്ള ശുക്ലത്തിന് വെളുത്തതോ ചാരനിറം കലർന്ന വെളുപ്പോ പാലുപോലെയുള്ള വെളുപ്പോ ആയ നിറമാണ് ഉണ്ടാവുക. സെമിനൽ വെസിക്കിളുകൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നിവ ഉത്പാദിപ്പിക്കുന്ന ദ്രാവകങ്ങളും ബീജകോശങ്ങളും ചേർന്നതാണിത്.

Published

|

Last Updated

ബീജത്തിന്റെ (Semen) നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും പുരുഷന്മാർ ഗൗനിക്കാറില്ല. എന്നാൽ ഇത് അണുബാധയെയോ വീക്കത്തെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളെയോ സൂചിപ്പിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം ബീജത്തിന്റെ ഗുണനിലവാരത്തെയോ പുരുഷന്റെ പ്രത്യുത്പാദന ശേഷിയെയോ കൃത്യമായി നിർണ്ണയിക്കാൻ ഈ നിറവിത്യാസം വഴി സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. പുരുഷന്മാർ സാധാരണയായി ഇത്തരം മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാറില്ലെങ്കിലും, ശുക്ലത്തിന്റെ നിറം, സാന്ദ്രത, അളവ് എന്നിവ പ്രത്യുത്പാദന-മൂത്രാശയ ആരോഗ്യത്തെക്കുറിച്ചുള്ള ചില സൂചനകൾ നൽകാറുണ്ടെന്ന് അറിഞ്ഞിരിക്കണം.

വെള്ള / ചാര നിറം

സാധാരണഗതിയിൽ ആരോഗ്യമുള്ള ശുക്ലത്തിന് വെളുത്തതോ ചാരനിറം കലർന്ന വെളുപ്പോ പാലുപോലെയുള്ള വെളുപ്പോ ആയ നിറമാണ് ഉണ്ടാവുക. സെമിനൽ വെസിക്കിളുകൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നിവ ഉത്പാദിപ്പിക്കുന്ന ദ്രാവകങ്ങളും ബീജകോശങ്ങളും ചേർന്നതാണിത്. സ്ഖലനത്തിന് ശേഷം ആദ്യം കട്ടിയുള്ളതോ ജെൽ പോലെയുള്ളതോ ആയ അവസ്ഥയിലായിരിക്കുമെങ്കിലും, ഏകദേശം 15 മുതൽ 30 മിനിറ്റിനുള്ളിൽ ഇത് കൂടുതൽ ദ്രാവകരൂപത്തിലേക്ക് മാറും. ഈ പ്രക്രിയയെ ലിക്വിഫാക്ഷൻ എന്നാണ് വിളിക്കുന്നത്. ശരീരത്തിലെ ജലാംശം, മുൻപത്തെ സ്ഖലനത്തിന് ശേഷമുള്ള ഇടവേള, വ്യക്തിഗത ശാരീരിക പ്രത്യേകതകൾ എന്നിവയ്ക്കനുസരിച്ച് ഇതിന്റെ രൂപത്തിൽ മാറ്റങ്ങൾ വരാം. വെളുത്ത നിറം സാധാരണമാണെങ്കിലും ബീജങ്ങളുടെ എണ്ണമോ ചലനശേഷിയോ ആരോഗ്യകരമാണെന്ന് ഇതിലൂടെ ഉറപ്പിക്കാനാവില്ല. അതിനായി സെമെൻ അനാലിസിസ് പരിശോധന തന്നെ നടത്തേണ്ടതുണ്ട്.

മഞ്ഞ നിറം

ശുക്ലത്തിന് മഞ്ഞ നിറം കാണപ്പെടുന്നത് പലപ്പോഴും നിരുപദ്രവകരമായിരിക്കാം. സ്ഖലനങ്ങൾക്കിടയിലുള്ള നീണ്ട ഇടവേള, മൂത്രനാളിയിൽ അവശേഷിക്കുന്ന മൂത്രം ശുക്ലവുമായി കലരുന്നത്, പ്രായാധിക്യം മൂലമുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ഇതിന് കാരണമാകാം. എന്നാൽ പ്രോസ്റ്റാറ്റിറ്റിസ് അല്ലെങ്കിൽ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നിവയും മഞ്ഞ നിറത്തിന് കാരണമാകാറുണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദന, അടിവയറ്റിലെ അസ്വസ്ഥത, പനി, ദുർഗന്ധത്തോടുകൂടിയ സ്രവം, സ്ഖലന സമയത്തുള്ള വേദന എന്നിവ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.

പിങ്ക്/ ചുവപ്പ് നിറം

ശുക്ലത്തിന് പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറം കാണപ്പെടുന്നത് രക്തത്തിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. വൈദ്യശാസ്ത്രത്തിൽ ഇതിനെ ഹെമറ്റോസ്പെർമിയ എന്ന് വിളിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലോ സെമിനൽ വെസിക്കിളുകളിലോ ഉണ്ടാകുന്ന വീക്കം, അണുബാധ, പരിക്കുകൾ എന്നിവയാണ് ഇതിന് പിന്നിൽ. യുവാക്കളിൽ ഒറ്റത്തവണ മാത്രം ഇങ്ങനെ സംഭവിക്കുന്നത് ഗുരുതരമാകണമെന്നില്ലെങ്കിലും, ഇത് ആവർത്തിക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. സ്ഖലന സമയത്തോ മൂത്രമൊഴിക്കുമ്പോഴോ ഉള്ള വേദന, മൂത്രത്തിൽ രക്തം, പനി, വൃഷണങ്ങളിലെ വേദന എന്നിവ ഉണ്ടെങ്കിൽ ചികിത്സ തേടണം.

തവിട്ട്/ കടുംചുവപ്പ് നിറം

തവിട്ട് അല്ലെങ്കിൽ കടും ചുവപ്പ് നിറത്തിലുള്ള ശുക്ലം പഴയ രക്തത്തിന്റെ സാന്നിധ്യത്തെയാണ് കാണിക്കുന്നത്. പ്രത്യുത്പാദന നാളിയിൽ രക്തം കുറച്ചുനേരം തങ്ങിനിൽക്കുമ്പോൾ അതിന്റെ നിറം തവിട്ടായി മാറുന്നു. പ്രോസ്റ്റേറ്റ്, സെമിനൽ വെസിക്കിൾ എന്നിവിടങ്ങളിലെ അണുബാധയോ ചെറിയ പരിക്കുകളോ ആകാം ഇതിന് കാരണം. ഇത് ആവർത്തിക്കുകയാണെങ്കിൽ ശാരീരിക പരിശോധന, മൂത്രപരിശോധന, അണുബാധ കണ്ടെത്താനുള്ള സ്ക്രീനിംഗ് എന്നിവ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.

തെളിഞ്ഞതോ വെള്ളം പോലെയോ

ചിലരിൽ ശുക്ലം വളരെ തെളിഞ്ഞതോ വെള്ളം പോലെയോ കാണപ്പെടാറുണ്ട്. തുടർച്ചയായ സ്ഖലനം, സെമിനൽ ദ്രാവകത്തിലെ സ്വാഭാവിക വ്യതിയാനങ്ങൾ എന്നിവ മൂലമാണിത് സംഭവിക്കുന്നത്. എന്നാൽ വെള്ളം പോലെയുള്ള ശുക്ലം ബീജങ്ങളുടെ എണ്ണം കുറവാണെന്നോ വന്ധ്യതയുണ്ടെന്നോ അർത്ഥമാക്കുന്നില്ല.

ശുക്ലത്തിന്റെ നിറം നോക്കി പ്രത്യുത്പാദന ശേഷി അളക്കാൻ കഴിയില്ല എന്നതാണ് പ്രധാന വസ്തുത. സാധാരണ നിറമുള്ള ശുക്ലമുള്ള ഒരാൾക്കും ബീജങ്ങളുടെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ തകരാറുകൾ ഉണ്ടാകാം. അതുപോലെ നേരിയ മഞ്ഞനിറമോ വെള്ളം പോലെയുള്ള അവസ്ഥയോ ഉള്ളവരിൽ പ്രത്യുത്പാദന ശേഷി കുറയണമെന്നുമില്ല. പുരുഷ വന്ധ്യത പരിശോധിക്കുന്നതിനായി നടത്തുന്ന സെമെൻ അനാലിസിസിൽ ബീജങ്ങളുടെ സാന്ദ്രത, ചലനശേഷി, ആകൃതിയും വലുപ്പവും, ശുക്ലത്തിന്റെ അളവ്, ലിക്വിഫാക്ഷൻ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

അണുബാധകൾക്ക് പുറമെ ശരീരത്തിലെ ജലാംശം, സ്ഖലനത്തിന്റെ ഇടവേളകൾ, പ്രായം, കഴിക്കുന്ന മരുന്നുകൾ എന്നിവയും ശുക്ലത്തിന്റെ രൂപത്തെയും നിറത്തെയും സ്വാധീനിക്കാറുണ്ട്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്താൻ പാടില്ല. ശുക്ലത്തിന്റെ നിറം ആരോഗ്യത്തെക്കുറിച്ചുള്ള ചില സൂചനകൾ നൽകുമെങ്കിലും, കൃത്യമായ രോഗനിർണ്ണയത്തിനും പ്രത്യുത്പാദന ശേഷി അറിയുന്നതിനും വൈദ്യപരിശോധനകൾ തന്നെയാണ് ആശ്രയിക്കേണ്ടത്.

മുന്നറിയിപ്പ്: ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു ഡോക്ടറുടെ വൈദ്യോപദേശത്തിന് പകരമല്ല. ആരോഗ്യ സംബന്ധമായ ഏതൊരു തീരുമാനത്തിനും മുൻപ് ഒരു വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം തേടുക.

 

Content Highlights:
Semen colour can offer clues about urinary or reproductive health, such as infections or inflammation, but it is not a reliable indicator of sperm quality or male fertility. While whitish-grey is normal, variations like yellow, pink, brown, or watery semen can occur due to hydration, ejaculation frequency, or medical conditions like haematospermia. A laboratory semen analysis is essential to accurately evaluate sperm count, motility, and overall fertility.

---- facebook comment plugin here -----

Latest