National
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ മാത്രം ഒതുങ്ങരുത്; പ്രമേഹ പരിചരണത്തില്‍ സമഗ്രമായ മാറ്റം അനിവാര്യമെന്ന് മുന്നറിയിപ്പ്
ഇന്ത്യയില്‍ നിലവില്‍ മുതിര്‍ന്ന ആളുകളില്‍ 101 ദശലക്ഷം പ്രമേഹബാധിതരും പ്രമേഹത്തിന് തൊട്ടുമുമ്പുള്ള പ്രീഡയബറ്റിസ് ഘട്ടത്തില്‍ കഴിയുന്ന 136 ദശലക്ഷം ആളുകളുമുണ്ടെന്നാണ് കണക്ക്
ന്യൂഡല്‍ഹി | ഇന്ത്യയില്‍ പ്രമേഹബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച ശേഷമുള്ള ചികിത്സ എന്ന പരമ്പരാഗത രീതിയില്‍ നിന്ന് പ്രതിരോധത്തിലേക്കും പ്രാരംഭ കണ്ടെത്തലുകളിലേക്കും മാറണമെന്ന് വിദഗ്ദ്ധര്‍. കേവലം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനപ്പുറം സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിലവില്‍ മുതിര്‍ന്ന ആളുകളില്‍ 101 ദശലക്ഷം പ്രമേഹബാധിതരും പ്രമേഹത്തിന് തൊട്ടുമുമ്പുള്ള പ്രീഡയബറ്റിസ് ഘട്ടത്തില്‍ കഴിയുന്ന 136 ദശലക്ഷം ആളുകളുമുണ്ടെന്നാണ് കണക്ക്. രാജ്യത്ത് രോഗബാധിതരായ ദശലക്ഷക്കണക്കിന് ആളുകള്‍ തങ്ങള്‍ക്ക് പ്രമേഹമുണ്ടെന്ന കാര്യം പോലും തിരിച്ചറിയാതെ ജീവിക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്‍ (ഐ ഡി എഫ്) ഇന്ത്യയെക്കുറിച്ച് നേരത്തെ കണക്കാക്കിയിരുന്ന 8.98 കോടി എന്ന അനുമാനം രാജ്യം ഇതിനകം മറികടന്നു കഴിഞ്ഞു. ആഗോളതലത്തില്‍ 20തിന്റേയും 79തിന്റേയും ഇടയില്‍ പ്രായമുള്ള 58.9 കോടി ആളുകള്‍ പ്രമേഹബാധിതരാണെന്നും 2050ഓടെ ഇത് 85.3 കോടിയായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.
പ്രമേഹബാധിതരില്‍ 90 ശതമാനത്തിലധികം ആളുകളിലും കാണപ്പെടുന്നത് ടൈപ്പ് 2 പ്രമേഹമാണ്. വര്‍ഷങ്ങളെടുത്ത് പതുക്കെ ശരീരത്തില്‍ വികസിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം നിലക്കുന്ന ഓട്ടോഇമ്മ്യൂണ്‍ അവസ്ഥയായ ടൈപ്പ് 1 പ്രമേഹം ആജീവനാന്ത ഇന്‍സുലിന്‍ ചികിത്സ ആവശ്യമുള്ളതാണെങ്കില്‍, ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം മൂലമാണ് പ്രധാനമായും ടൈപ്പ് 2 ഉണ്ടാകുന്നത്. അമിതമായ ദാഹം, വിശപ്പ്, രാത്രികാലങ്ങളില്‍ അടിക്കടിയുള്ള മൂത്രമൊഴിക്കല്‍, ശരീരഭാരം പെട്ടെന്ന് കുറയുക, കഠിനമായ ക്ഷീണം, കാഴ്ച്ച മങ്ങല്‍, കൈകാലുകളിലെ തരിപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നത് എന്നിവ പ്രമേഹത്തിന്റെ പ്രധാന മുന്നറിയിപ്പുകളാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാതെയും പ്രമേഹം ബാധിക്കുന്നതിനാല്‍ ചിട്ടയായ പരിശോധനകള്‍ അനിവാര്യമാണ്. വ്യായാമമില്ലായ്മ, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, പുകയില ഉപയോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവ പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ ചിട്ടയായ വ്യായാമങ്ങള്‍ ശീലമാക്കുക, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും പഞ്ചസാരയുടെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും ഉപയോഗം നിയന്ത്രിച്ച് ഭക്ഷണം ക്രമീകരിക്കുക, ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ്, ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് തുടങ്ങിയ ലളിതമായ രക്തപരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തുക തുടങ്ങിയ കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ ടൈപ്പ് 2 പ്രമേഹത്തെ തടയാനോ വൈകിപ്പിക്കാനോ സാധിക്കും. ക്രമരഹിതമായ ഭക്ഷണശീലങ്ങളും പ്രമേഹസാധ്യത ഇരട്ടിയാക്കുന്നതിനാല്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ പരിശോധനകളും വെല്‍നസ് പ്രോഗ്രാമുകളും നടപ്പിലാക്കാന്‍ തൊഴിലുടമകള്‍ മുന്നിട്ടിറങ്ങണമെന്ന് വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രമേഹത്തെക്കുറിച്ചുള്ള അവബോധത്തിനപ്പുറം സജീവമായ മുന്‍കരുതലുകളും സമയബന്ധിതമായ പരിശോധനകളും സ്വീകരിക്കുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് ഈ വലിയ പൊതുജനാരോഗ്യ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ സാധിക്കൂ.




