National
ലൈംഗിക പീഡനം; കത്തോലിക്ക പുരോഹതിനെതിരെ കൂടുതല്‍ പരാതികള്‍
തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ വൈദികനില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നതായാണ് രണ്ട് യുവാക്കള്‍ വെളിപ്പെടുത്തി
മംഗളൂരു | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കത്തോലിക്കാ വൈദികന് ഫാ. സിപ്രിയന് പിന്റോയ്ക്കെതിരെ കൂടുതല്‍ അതിജീവിതര്‍ രംഗത്ത്. തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ വൈദികനില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നതായാണ് രണ്ട് യുവാക്കള്‍ വെളിപ്പെടുത്തി.
മംഗളൂരു വലന്‍സിയയിലെ സെന്റ് വിന്‍സെന്റ് ഫെറര്‍ പള്ളി വികാരിയായിരുന്ന 65-കാരനായ ഫാ. സിപ്രിയന് പിന്റോയെ ഒക്ടോബര്‍ 17-നാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 18-ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇദ്ദേഹത്തിന് ഒക്ടോബര്‍ 30-ന് ജാമ്യം ലഭിച്ചിരുന്നു. 1988-ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ. സിപ്രിയന് പിന്റോ മംഗളൂരു രൂപതയ്ക്ക് കീഴിലുള്ള എട്ട് പള്ളികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏകദേശം 30 വര്‍ഷം മുമ്പ് ഇദ്ദേഹം പുതിയ വികാരിയായി എത്തിയ സമയത്ത് ഇടവകാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ തന്റെ വീട്ടിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി സ്റ്റാനി എന്ന യുവാവ് ആരോപിച്ചു. അക്കാലത്ത് ഭയവും സാഹചര്യങ്ങളും കാരണം പരാതി നല്‍കിയിരുന്നില്ലെന്നും അള്‍ത്താര ബാലനായി സേവനമനുഷ്ഠിച്ചിരുന്ന തനിക്ക് പിന്നീടും പലതവണ ദുരനുഭവം ഉണ്ടായതായും സ്റ്റാനി വെളിപ്പെടുത്തി.
സമാനമായ അനുഭവം ഡെന്‍സില്‍ എന്ന മറ്റൊരാളും പങ്കുവെച്ചു. അള്‍ത്താര ബാലനായിരുന്ന തന്നെ ഫാ. സിപ്രിയന് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് ഡെന്‍സിലിന്റെ ആരോപണം. ആദ്യം വളരെ സൗഹൃദപരമായി പെരുമാറിയ ശേഷമായിരുന്നു അതിക്രമമെന്നും ഇദ്ദേഹം ആരോപിച്ചു.
2026 മെയിലാണ് ഫാ. സിപ്രിയന് പിന്റോ വലന്‍സിയയിലെ സെന്റ് വിന്‍സെന്റ് ഫെറര്‍ പള്ളി വികാരിയായി ചുമതലയേറ്റത്. ഇവിടെവെച്ച് 14 കാരന് ഉള്‍പ്പെടെ അഞ്ച് ആണ്‍കുട്ടികളെ ഇദ്ദേഹം പീഡിപ്പിച്ചെന്ന പരാതിയിലാണ് ഒക്ടോബര്‍ 15-ന് മംഗളൂരു സൗത്ത് പോലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ, പെര്‍മന്നൂര്‍ സ്വദേശിയായ മറ്റൊരു ആണ്‍കുട്ടിയുടെ പരാതിയില്‍ നവംബര്‍ ആദ്യവാരം മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിലും വൈദികനെതിരെ രണ്ടാമതൊരു പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
14-കാരനായ കുട്ടി മംഗളൂരു ബിഷപ്പിന് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രൂപത ആഭ്യന്തര അന്വേഷണം നടത്തുകയും ഓഗസ്റ്റ് 26-ന് വൈദികനെ ഭരണപരമായ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിവരം അറിഞ്ഞിട്ടും സഭാ അധികൃതര്‍ ഉടന്‍ പോലീസില്‍ അറിയിക്കാതിരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇരകളാക്കപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന് പള്ളി ഭാരവാഹികളില്‍ ചിലര്‍ ശ്രമിച്ചതായി ആരോപിച്ച് മൈസൂരു ആസ്ഥാനമായ സന്നദ്ധ സംഘടന കര്‍ണാടക ഹൈക്കോടതിയുടെ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Two men have come forward accusing Mangaluru Catholic priest Fr Cyprian Pinto of sexually abusing them as altar boys decades ago. The 65-year-old priest, already facing two recent POCSO cases involving minor boys, was recently released on bail. A Mysuru NGO has also complained to the Karnataka High Court Juvenile Justice Committee alleging church officials pressured victims to withdraw complaints.


