Connect with us

National

വിഷപ്പുകയില്‍ ശ്വാസംമുട്ടി ഡല്‍ഹി; വൈക്കോല്‍ കത്തിക്കല്‍ നിയന്ത്രണാതീതം

വായുഗുണനിലവാര സൂചിക ഇന്ത്യ ഗേറ്റില്‍ 398ഉം എയിംസില്‍ 421ഉം രേഖപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷവും ദേശീയ തലസ്ഥാനമായ ഡല്‍ഹി വിഷപ്പുകയുടെ കനത്ത വലയത്തില്‍ ശ്വാസംമുട്ടുന്നു. നഗരത്തിലെ പല കേന്ദ്രങ്ങളിലും വായുഗുണനിലവാര സൂചിക അതീവ ഗുരുതരമായ നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യ ഗേറ്റില്‍ എ ക്യു ഐ 398ഉം എയിംസില്‍ 421ഉം രേഖപ്പെടുത്തി. വായുമലിനീകരണം രൂക്ഷമായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം തലസ്ഥാന മേഖലയില്‍ നടപ്പിലാക്കി.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ 50 ശതമാനവും ബയോമാസും വൈക്കോലും കത്തിക്കുന്നത് മൂലമാണെന്നും വാഹനങ്ങളില്‍ നിന്നുള്ള പുക 10 ശതമാനം മാത്രമാണെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ചന്ദ്രഭൂഷണ്‍ വ്യക്തമാക്കുന്നു. വ്യവസായങ്ങളില്‍ നിന്നുള്ള പുക മൂന്നിലൊന്ന് മലിനീകരണത്തിന് കാരണമാകുമ്പോള്‍ ബാക്കി ഭാഗം പൊടിപടലങ്ങളാണ്. വാഹന നിയന്ത്രണങ്ങളും നിര്‍മ്മാണ നിരോധനങ്ങളും നടപ്പാക്കുന്നുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളിലെ പാടശേഖരങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് തടയാന്‍ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ല.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബര്‍ ഒന്‍പതിന് മാത്രം പഞ്ചാബില്‍ 4,657 വൈക്കോല്‍ കത്തിക്കല്‍ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തണ്‍ തരണ്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ (657) ഉണ്ടായത്. ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ത്ഥ സംഖ്യയെന്ന് നാസയിലെ റിമോട്ട് സെന്‍സിംഗ് ശാസ്ത്രജ്ഞന്‍ ഹിരണ്‍ ജെത്വ ചൂണ്ടിക്കാട്ടുന്നു. യാഥാര്‍ത്ഥ്യത്തില്‍ ഇത് ഏകദേശം 34,000 തീപിടിത്തങ്ങള്‍ വരെയുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഹരിയാനയും ഉത്തര്‍പ്രദേശും പ്രത്യേക നടപടികളിലൂടെ വൈക്കോല്‍ കത്തിക്കല്‍ ഗണ്യമായി കുറച്ചപ്പോള്‍, പഞ്ചാബില്‍ വിഷയം രൂക്ഷമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പുക ഡല്‍ഹിയിലെത്തുന്നത് തങ്ങള്‍ മൂലമല്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ വാദം. അതേസമയം, കൃഷിയിടങ്ങളില്‍ നിന്ന് വൈക്കോല്‍ മാറ്റുന്നതിന് ഏക്കറിന് 1,500 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

Content Highlights: Delhi chokes under toxic smog as AQI crosses 400 in key areas, prompting GRAP Stage 3 curbs. Experts cite biomass and uncontrolled Punjab stubble burning as primary culprits. Meanwhile, farmers demand central compensation for crop residue management amid political disputes.

Latest