Connect with us

articles

ബഹ്‌റുൽ ഉലൂം എന്ന ഗുരുവര്യരുടെ ഗുരു

ബഹ്‌റുല്‍ ഉലൂം എന്നാണ് ഉസ്താദുല്‍ അസാതീദ് വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്തുകൊണ്ടും യോജിച്ച വിശേഷണം. പല മുദര്‍രിസുമാരും ഒരു ഫന്നില്‍ തഹ്ഖീഖ് ഉള്ളവരും മറ്റു ഫന്നുകളില്‍ അത്ര ശോഭിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ബഹുമാനപ്പെട്ട ശൈഖുനാക്ക് എല്ലാ ഫന്നിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍, മആനി, മന്‍ഥ്വിഖ് തുടങ്ങി എല്ലാ വിഷയത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു.

Published

|

Last Updated

ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ ബിന്‍ അലി ഹസന്‍(റ)ന്റെ ദര്‍സിലെ മൂന്ന് വര്‍ഷത്തെ പഠനം എന്റെ ജീവിതത്തിലെ ദിശ നിര്‍ണയിച്ച കാലഘട്ടമായിരുന്നു. അറിവു തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ശരിയായ വിധം എങ്ങനെ അധ്യാപനം നടത്താമെന്നും എങ്ങനെ സംസ്‌കരിക്കാമെന്നുമൊക്കെയുള്ള വലിയ പാഠങ്ങള്‍ ആ ദര്‍സ് പകര്‍ന്നുനല്‍കി. സാഗരസമാനമായ ഉസ്താദിന്റെ അറിവും അവിടുത്തെ ജീവിത രീതിയും പഠനം കഴിഞ്ഞു പോന്നിട്ടും വിയോഗം വരെ അനുഭവിച്ചിരുന്ന തണലുമൊക്കെ ഒരു ശിഷ്യനെന്ന നിലയില്‍ മനസ്സിനെ ഏറെ സ്പര്‍ശിക്കുകയും ഇന്നും കെടാതെ നില്‍ക്കുകയും ചെയ്യുന്നു.

1958ലാണ് ഉസ്താദുല്‍ അസാതീദിന്റെ ദര്‍സിലേക്ക് ഞാനെത്തുന്നത്. ആദ്യം തലക്കടത്തൂരിലും പിന്നീട് ചാലിയത്തുമായി തുടര്‍ന്ന ഉസ്താദിനൊപ്പമുള്ള പഠനകാലം മറക്കാനാകാത്തതാണ്. ജംഉല്‍ ജവാമിഅ്, മുഖ്തസ്വറുല്‍ മആനിയുടെയും സ്വഹീഹുല്‍ ബുഖാരിയുടെയും ഏതാനും ഭാഗങ്ങള്‍ എന്നിവയെല്ലാം ഓതിയത് ശൈഖുനാ ബഹ്‌റുല്‍ ഉലൂമിന്റെ അടുത്തുനിന്നാണ്. പാഠങ്ങള്‍ പരിശോധിക്കാതെ, സംശയങ്ങള്‍ തീര്‍ത്തുതരാതെ അടുത്ത ഭാഗം ഉസ്താദ് എടുക്കാറില്ല. ഉപരിപഠനകാലത്ത് കിതാബ് നന്നായി ശ്രദ്ധിക്കാനും അതിനു ശേഷം അധ്യാപനകാലത്ത് നന്നായി ഓതികൊടുക്കാനും സാധിച്ചത് ഉസ്താദിന്റെ കഴിവും പൊരുത്തവും ഞങ്ങള്‍ക്ക് കിട്ടിയതിനാലാണ് എന്ന് എനിക്കിപ്പോഴും ഉറപ്പുണ്ട്. രാത്രിയോ പകലോ എന്നോ ഇല്ലാതെ ഏത് സമയത്തും സംശയം ചോദിക്കാന്‍ ഉസ്താദിന്റെ അടുക്കല്‍ പോകാമായിരുന്നു. വെല്ലൂര്‍ ബാഖിയാത്തിലേക്ക് എന്നെ അയക്കുന്നതും ഉസ്താദു തന്നെയാണ്.

ബഹ്‌റുല്‍ ഉലൂം എന്നാണ് ഉസ്താദുല്‍ അസാതീദ് വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്തുകൊണ്ടും യോജിച്ച വിശേഷണം. പല മുദര്‍രിസുമാരും ഒരു ഫന്നില്‍ തഹ്ഖീഖ് ഉള്ളവരും മറ്റു ഫന്നുകളില്‍ അത്ര ശോഭിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ബഹുമാനപ്പെട്ട ശൈഖുനാക്ക് എല്ലാ ഫന്നിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍, മആനി, മന്‍ഥ്വിഖ് തുടങ്ങി എല്ലാ വിഷയത്തിലും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. അതിനുപുറമെ ഗോളശാസ്ത്രത്തില്‍ അങ്ങേയറ്റം അറിവുമുണ്ട്. ഖിബ്്ല നിര്‍ണയിക്കുന്നതിനും നിസ്‌കാര സമയം നിജപ്പെടുത്തുന്നതിനും ആശ്രയിക്കുന്ന രിസാലത്തുല്‍ ഹിസാബ്, രിസാലത്തുല്‍ മാറദീനി തുടങ്ങിയ കിതാബുകളിലെ ഓരോ വിഷയങ്ങളുടെയും ബുര്‍ഹാനുകള്‍ വളരെ ലളിതമായാണ് ശൈഖുനാ വിവരിച്ചുതരാറുള്ളത്. ഗോളശാസ്ത്രം വിദ്യാര്‍ഥികള്‍ക്ക് സംശയങ്ങള്‍ക്കിടയില്ലാത്തവിധം വിവരിച്ചുനല്‍കുന്നതിലും ഉസ്താദിന് സവിശേഷ കഴിവുണ്ടായിരുന്നു.

ബഹുഭാഷാ പണ്ഡിതനായ ബഹ്റുല്‍ ഉലൂം ശിഷ്യരെയും അത്തരം കാര്യങ്ങളില്‍ പ്രോത്സാഹിപ്പിച്ചു. ചാലിയത്ത് പഠിക്കുമ്പോള്‍ മുസ്‌ലിമായ ഒരാള്‍ പള്ളിമൈതാനത്തില്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടുന്ന യജ്ഞവുമായി മുന്നോട്ടു വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ ഇതിനെതിരെ രംഗത്തുവന്നു. “സൈക്കിള്‍ ചവിട്ടുന്നതൊക്കെ പ്രശ്‌നമാക്കണോ’ എന്നായി നാട്ടുകാര്‍. ഒടുവില്‍ ഫറോക്ക് എസ് ഐയുടെ സാന്നിധ്യത്തില്‍ മധ്യസ്ഥ ശ്രമമുണ്ടായി. “48 മണിക്കൂര്‍ തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടുമ്പോള്‍ സ്വാഭാവികമായും നിസ്‌കാരങ്ങള്‍ ഖളാആകും.

ഒരു മുസ്‌ലിമിന് നിസ്‌കാരം ഖളാആക്കിയുള്ള വിനോദത്തിന് പള്ളിമൈതാനം വിട്ടുകൊടുക്കുന്നത് ശരിയല്ല, ഹറാം ആണ്’ എന്ന് വിദ്യാര്‍ഥികള്‍ അവരുടെ ഭാഗം പറഞ്ഞു. ഇത് പോലീസിനും നാട്ടുകാര്‍ക്കും ബോധ്യപ്പെട്ടു. പള്ളി മൈതാനത്തില്‍ നിന്ന് തുടങ്ങി ബാക്കിയെല്ലാം പുറത്തു നടത്താനായിരുന്നു മധ്യസ്ഥ ശ്രമത്തില്‍ തീരുമാനമായത്. എന്നാല്‍ പുറമെ പരിപാടി നടക്കുന്ന സമയമത്രയും മൈക്ക് കെട്ടി ആലിമീങ്ങളെയും മുതഅല്ലിമുകളെയും ചീത്ത പറയാനാണ് സംഘാടകരായ പുത്തനാശയക്കാര്‍ ശ്രമിച്ചത്. മുഹ്്യിദ്ദീന്‍ ശൈഖ്, രിഫാഈ ശൈഖ് പോലുള്ള ഔലിയാക്കളെ അവര്‍ തെറി വിളിച്ചു. കൂട്ടത്തില്‍ ഉസ്താദിനെയും ചീത്തപറഞ്ഞു. ഇതുകേട്ട നാട്ടുകാര്‍ സുന്നത്ത് ജമാഅത്ത് വിശദീകരിക്കുന്ന, നിസ്‌കാരത്തിന്റെ പ്രാധാന്യം പറയുന്ന ഒരു പരിപാടി നടത്തണം എന്ന് ഒ കെ ഉസ്താദിനോട് വന്നുപറഞ്ഞു. “കാന്തപുരത്തിനെ വിളിച്ചോളിന്‍’ എന്ന് ഉസ്താദ് അവരോട് പറഞ്ഞു. ഞാനവിടെ നാല് ദിവസം പ്രഭാഷണം നടത്തി. എന്റെ പ്രഭാഷണം ശൈഖുന പൂര്‍ണമായും ഇരുന്നു കേള്‍ക്കുകയും ചെയ്തു. അത് എനിക്ക് കിട്ടിയ വലിയ അവസരവും അംഗീകാരവുമായിരുന്നു. ആ അനുഗ്രഹവും പ്രാര്‍ഥനകളും പിന്നീട് സുന്നത്ത് ജമാഅത്തിന് വേണ്ടിയുള്ള സംവാദങ്ങളിലും പ്രഭാഷണങ്ങളിലും വലിയ തുണയായി.

മര്‍കസിന്റെ ആരംഭകാലത്ത് ഉസ്താദുമായി കൂടിയാലോചിക്കുകയും പിന്നീട് ശൈഖുനായുടെ ജീവിത കാലത്തെ ഒട്ടുമിക്ക മര്‍കസ് സമ്മേളനങ്ങളിലും അവിടുന്ന് പങ്കെടുത്ത് കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ട്. പല സുന്നി സംഘടനകളിലായി അനേകം ശിഷ്യരുള്ളപ്പോഴും സമസ്ത പുനഃസംഘടിപ്പിച്ച കാലത്തും പുത്തനാശയക്കാരുടെ കുതന്ത്രങ്ങളാല്‍ റിയാദ് ജയിലില്‍ അകപ്പെട്ടപ്പോഴുമൊക്കെയുള്ള എന്റെ ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്ന് ശൈഖുനാ നല്‍കിയ കരുത്ത് ഒരിക്കലും മറക്കാനാകില്ല. 1956-57 കാലത്ത് സ്വന്തം വീട് നിര്‍മാണത്തെ കുറിച്ച് ആലോചിക്കുന്നതിനും മുമ്പാണ് ഇഹ്്യാഉസ്സുന്നയെന്ന കലാലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉസ്താദ് ആരംഭിക്കുന്നത്. സമസ്തയുടെ ഈ സെന്റിനറി കാലത്ത് അവിടുന്ന് പ്രസ്ഥാനത്തിന് നല്‍കിയ പിന്തുണയും സ്മരിക്കപ്പെടേണ്ടതാണ്.

ശൈഖുനായുടെ ഈ ആണ്ടനുസ്മരണ വേളയില്‍ (ജമാദുൽ ആഖിർ ആറ്) അവിടുത്തെ ഓര്‍ക്കുകയും ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്നത് മുതഅല്ലിമുകള്‍ക്കും അധ്യാപകര്‍ക്കും വളരെ ഗുണകരമായിരിക്കും. അല്ലാഹു അവരുടെ പദവികള്‍ ഉയര്‍ത്തുകയും അവിടുത്തെ ബര്‍കത്ത് കൊണ്ട് നമുക്ക് ഉപകാരപ്രദമായ അറിവ് നല്‍കുകയും ചെയ്യട്ടെ.

Content Highlights: Kanthapuram AP Aboobacker Musliyar recalls his transformative years studying under Usthadul Asatheed OK Zainudheen Musliyar at Thalakkadathur and Chaliyam. He highlights the scholar’s deep mastery across Islamic sciences and astronomy, alongside his unwavering support during the founding of Markaz and times of crisis.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

Latest