National
ബില്‍കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം മരിവിപ്പിച്ചു, ജാമ്യം അനുവദിച്ചു
കുറ്റകൃത്യങ്ങളുടെ ഗൗരവവും വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും ഒരേപോലെയുള്ള കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന് ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തിരുന്നു
ന്യൂഡല്‍ഹി | ബില്‍കിസ് ബാനു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിക്കുകയും അവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇവര്‍ ഇതിനകം 17 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും, ഇവരുടെ അപ്പീലില്‍ പരിശോധന ആവശ്യമായ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതികളില്‍ ഒരാളുടെ ശാരീരിക വൈകല്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ബിപിന്‍ചന്ദ് ജോഷി, പ്രദീപ് മോധി എന്നിവര്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുറ്റകൃത്യങ്ങളുടെ ഗൗരവവും വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും ഒരേപോലെയുള്ള കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന് ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികളില്‍ ഒരാളുടെ പേര് ആദ്യത്തെ എഫ് ഐ ആര് ഉണ്ടായിരുന്നില്ലെന്നും കുറ്റകൃത്യം നടന്ന് ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തതെന്നും പ്രതികളിലൊരാളുടെ അഭിഭാഷകന് വാദിച്ചു.ഈ രണ്ട് പേരുടെയും ഭാഗത്തുനിന്ന് യാതൊരുവിധ അക്രമങ്ങളും ഉണ്ടായിട്ടില്ലെന്നും, സംഭവസ്ഥലത്ത് ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ഇവര്‍ ഉണ്ടായിരുന്നു എന്നത് മാത്രമാണ് ഇവര്‍ക്കെതിരെയുള്ള ഏക തെളിവെന്നും അഭിഭാഷകന് പറഞ്ഞു.
2017ല്‍ ബോംബെ ഹൈക്കോടതി പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചിരുന്നു. ഈ വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ 2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മോചിപ്പിച്ചിരുന്നു. എന്നാല്‍, ഈ നടപടി 2024-ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ബില്‍കിസ് ബാനോയ്ക്ക് 21 വയസ്സുള്ളപ്പോഴാണ് കൂട്ടപീഡനത്തിന് ഇരയായത്. അന്ന് അവര്‍ അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. കൂടാതെ, അവരുടെ കുടുംബത്തിലെ ഏഴ് പേര് കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു
Content Highlights: The Supreme Court suspended the life sentences and granted bail to two convicts, Bipinchand Joshi and Pradeep Modhi, in the Bilkis Bano case. The bench noted they have already served over 17 years in prison and cited medical grounds. Their appeals against the Bombay High Court verdict remain pending.




