Kerala
എല്‍പിഎസ്ടി സമരം: ഉദ്യോഗാര്‍ഥികളുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്
ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല
ആലപ്പുഴ| എല്‍പിഎസ്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുമായി വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്. ഉദ്യോഗാര്‍ഥികളുമായി നേരത്തെയും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കിയതുമാണെന്ന് മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ആരോഗ്യം വീണ്ടെടുത്ത് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മയില്‍പ്പീലി വിവാദത്തിലും മന്ത്രി ഷംസുദ്ദീന് വിശദീകരണം നല്കി. ഉത്തരവ് ഏതെങ്കിലും രാഷ്ട്രീയ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചതല്ല. അധ്യാപക സംഘടന നല്കിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയതെന്നു അദ്ദേഹം വ്യക്തമാക്കി. നേരത്തെയും വിവിധ സംഘടനകള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. മയില്‍പ്പീലി വിവാദത്തില്‍ ജോയിന്റ് ഡയറക്ടറുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിലും അത് മനഃപൂര്‍വമല്ലെന്നും സംഭവിച്ച വീഴ്ച പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ ഇടതുപക്ഷത്തിന് വിമര്‍ശനം ഉന്നയിക്കാന്‍ അവകാശമില്ല. ബിജെപി അനുകൂല അധ്യാപക സംഘടനയുടെ പ്രതിനിധികളെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ ചേര്‍ത്തലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി എന്‍ ഷംസുദ്ദീന്.
Content Highlights: Minister N Shamsudheen stated the government is ready for further talks with protesting LPST rank list candidates, though dates are yet to be finalized. Addressing the Mayilpeeli controversy in Cherthala, he clarified the order lacked political interference and criticized the Left over curriculum committee appointments.


