Connect with us

Kerala

3.64 ലക്ഷം രൂപയുടെ അടക്ക മോഷ്ടിച്ച അഞ്ചു കൗമാരക്കാര്‍ പിടിയില്‍

കിഴിശേരി ചെമ്മക്കോട്ടില്‍ റഹീസ് (18), മുതുവല്ലൂര്‍ മുണ്ടക്കുളം അയിനാത്ത് സല്‍മാന്‍ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദില്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്

Published

|

Last Updated

മലപ്പുറം| മാര്‍ക്കറ്റില്‍ നിന്ന് 3.64 ലക്ഷം രൂപയുടെ അടക്ക മോഷ്ടിച്ച അഞ്ചു കൗമാരക്കാര്‍ പിടിയില്‍. കുഴിമണ്ണ കിഴിശേരി തവനൂര്‍ റോഡിലെ ചെങ്ങിണീരി അടക്ക മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ 16 ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ചത്.

കിഴിശേരി ചെമ്മക്കോട്ടില്‍ റഹീസ് (18), മുതുവല്ലൂര്‍ മുണ്ടക്കുളം അയിനാത്ത് സല്‍മാന്‍ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദില്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്. മാര്‍ക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന അടക്കയാണ് സംഘം കടത്തിയത്. സംഭവത്തില്‍ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.

പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ മോഷ്ടിച്ച അടക്ക പറമ്പില്‍പീടിക ഭാഗത്ത് വില്‍ക്കാനെത്തിയ അഞ്ചുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

മോഷ്ടിച്ച 16 ചാക്കുകളില്‍ 10 ചാക്ക് പറമ്പില്‍പീടികയിലെ ഒരു കടയില്‍നിന്ന് പോലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ സംഗീത പുനത്തില്‍, എസ് ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlights: Kondotty police arrested five teenagers for stealing 16 sacks of areca nuts worth Rs 3.64 lakh from a market in Kuzhimanna, Malappuram. Locals caught the gang while they attempted to sell the stolen produce at Parambilpeedika. Police recovered 10 sacks and seized the vehicle used in the crime.

 

Latest