International
തായ്ലന്ഡിലെ ഫുക്കറ്റിലെ വാണിജ്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 11 മരണം, 36 പേര്‍ക്ക് പരിക്ക്
മരിച്ചവര്‍ തായ്ലന്ഡ്, മ്യാന്മര് സ്വദേശികളാണ് എന്നാണ് വിവരം.
ബാങ്കോക്ക്| തായ്ലന്ഡിലെ തെക്കന്‍ വിനോദസഞ്ചാര ദ്വീപായ ഫുക്കറ്റിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 പേര് മരിച്ചു. മരിച്ചവര്‍ തായ്ലന്ഡ്, മ്യാന്മര് സ്വദേശികളാണ് എന്നാണ് വിവരം. 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹന വാടക സേവനങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.17ഓടെയാണ് പാറ്റോങ്ങിലെ ഫാംഗ് മുവാങ് സായ് കോര്‍ റോഡിലുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്.
ഫുക്കറ്റിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പാറ്റോങ്ങ് ബീച്ചിന് സമീപം, നഗരപ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. വാഹനങ്ങള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നാണ് തീപടര്‍ന്നതെന്നും പിന്നീട് അത് സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി പടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഏകദേശം രണ്ട് മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 100 മോട്ടോര്‍സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. അവയിലുണ്ടായിരുന്ന ഇന്ധനം, റബ്ബര്‍ ടയറുകള്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ എന്നിവ തീ അതിവേഗം പടരാന്‍ കാരണമായെന്നും പാറ്റോംഗ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയര്‍ സനകോണ് കീസിന് ദി നേഷന്‍ തായ്ലന്ഡിനോട് പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചുവരികയാണ്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം അപകടമുണ്ടായതായെതെന്നാണ് സംശയിക്കുന്നത്.
Content Highlights: A massive fire at a commercial building near Patong Beach in Phuket killed 11 people and left 36 hospitalized. The blaze started early morning in a vehicle rental shop housing 100 motorcycles, causing flames to spread rapidly. Authorities are investigating an electrical short circuit as the likely cause.


