Connect with us

Kerala

പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെട്ട സംഭവം; ദുരൂഹത ആരോപിച്ച് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍

ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ എന്നും ആരെങ്കിലും അടച്ചെങ്കിലല്ലേ വാല്‍വ് അടയുകയുള്ളൂ എന്നും കെ ജയകുമാര്‍

Published

|

Last Updated

പത്തനംതിട്ട  | ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹത ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. സംഭവം യാദൃശ്ചിക മാകാന്‍ ആകാനിടയില്ല. ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ എന്നും ആരെങ്കിലും അടച്ചെങ്കിലല്ലേ വാല്‍വ് അടയുകയുള്ളൂ എന്നും കെ ജയകുമാര്‍ പ്രതികരിച്ചു

വാല്‍വ് ആരോ അടച്ചതാണ്. അത് യാദൃശ്ചികമായോ തെറ്റിയോ ചെയ്തതാണെന്ന് തോന്നുന്നില്ല. അത് പരിശോധിക്കുന്നുണ്ട്. ഒരു ക്രൈസിസിലേക്ക് നയിക്കാന്‍ അതുമതി. ശുചിമുറികളില്‍ വെള്ളമില്ല എന്നു വന്നാല്‍ മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കില്ലേയെന്നും കെ ജയകുമാര്‍ പറഞ്ഞു

ഇപ്പോള്‍ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാരെയും സിസിടിവി കാമറകളും വെച്ചിട്ടുണ്ട്. പോലീസിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ വരുന്ന അയ്യപ്പന്മാര്‍ സുഗമമായി ദര്‍ശനം നടത്തണമെന്നും, അവര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ഉള്ള നല്ല ഉദ്ദേശം മാത്രമേ ദേവസ്വം ബോര്‍ഡിന് ഉള്ളുവെന്നും ജയകുമാര്‍ പറഞ്ഞു

ശബരിമലയില്‍ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കും പോലീസ് മെസിലേക്കുമുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്. പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാല്‍വുകള്‍ ആരോ അടച്ചിട്ടതായി പരിശോധനയില്‍ കണ്ടെത്തി. ശുചിമുറികളുടെ നടത്തിപ്പ് കരാര്‍ നല്‍കുന്നത് ഒഴിവാക്കി ഇത്തവണ മുതല്‍ ദേവസ്വം ബോര്‍ഡ് ശുചിമുറികള്‍ തീര്‍ത്ഥാടകര്‍ക്കായി സൗജന്യമാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ ജലവിതരണം തടസ്സപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്.

Content Highlights: Travancore Devaswom Board President K Jayakumar alleged foul play after water supply to 200 toilets and the police mess at Pamba was disrupted. Inspection revealed main valves were deliberately shut following the free toilet initiative. Security has been tightened with guards and CCTV cameras.

Latest