Connect with us

National

പുസ്തകങ്ങളോട് അല്‍പം ആദരവ് കാണിക്കൂ; സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ മാറ്റുന്നത് തടഞ്ഞ് സുപ്രീം കോടതി

പൈതൃക ശേഖരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അശ്രദ്ധമായ സമീപനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി പുസ്തകങ്ങളോട് അല്‍പം ആദരവ് കാണിക്കണം എന്ന് ഓര്‍മിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | 135 വര്‍ഷം പഴക്കമുള്ള സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറിയിലെ (സി എസ് എല്‍) പുസ്തകങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നത് സുപ്രീം കോടതി തടഞ്ഞു. പൈതൃക ശേഖരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അശ്രദ്ധമായ സമീപനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി പുസ്തകങ്ങളോട് അല്‍പം ആദരവ് കാണിക്കണം എന്ന് ഓര്‍മിപ്പിച്ചു. ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത വാദം കേള്‍ക്കുന്ന നവംബര്‍ 20 വരെ പുസ്തകങ്ങള്‍ മാറ്റരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി ശാസ്ത്രി ഭവന്‍ പൊളിച്ചുനീക്കുന്ന സാഹചര്യത്തിലാണ് നിലവില്‍ അവിടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറി മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഏകദേശം 8.5 ലക്ഷം പുസ്തകങ്ങളുള്ള ലൈബ്രറിക്ക് പുതിയ പ്ലാനില്‍ മതിയായ ഇടമില്ലെന്ന ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഇടപെടല്‍.

പുസ്തകങ്ങള്‍ മാറ്റാന്‍ അധികൃതര്‍ കാട്ടുന്ന അനാവശ്യ തിടുക്കത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. എല്ലാം വേഗത്തില്‍ തീര്‍ക്കാനുള്ള തിടുക്കം മാത്രമാണ് കാണുന്നതെന്നും ഈ പുസ്തകങ്ങള്‍ വെച്ച് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും നിങ്ങള്‍ക്കിത് വേണ്ടെങ്കില്‍ ഇവക്ക് മൂല്യം കല്‍പ്പിക്കുന്ന മറ്റേതെങ്കിലും രാജ്യത്തിന് നല്‍കൂ എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ എസ് ജി) ഐശ്വര്യ ഭാട്ടിയോട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ ചോദിച്ചു.

നിലവിലെ സ്ഥലത്തും പുതിയ സ്ഥലത്തും ബുക്ക് ഷെല്‍ഫുകള്‍ക്കായി അനുവദിക്കുന്ന ഇടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം രേഖകളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച കോടതി, അടുത്ത വാദം കേള്‍ക്കുന്നതുവരെ പുസ്തകങ്ങള്‍ മാറ്റില്ലെന്ന എ എസ് ജിയുടെ ഉറപ്പ് രേഖപ്പെടുത്തി കേസ് നവംബര്‍ ഇരുപതിലേക്ക് മാറ്റി.

Content Highlights: The Supreme Court halted the relocation of books from the 135-year-old Central Secretariat Library under the Central Vista project. Expressing displeasure over the Centre’s haste, the bench urged authorities to show respect for books and heritage collections. The court ordered status quo until the next hearing on November 20.
---- facebook comment plugin here -----

Latest