Kuwait
ബഹ്റൈനിനെതിരായ ഇറാന് ആക്രമണം; അതീവ ജാഗ്രതയോടെ കുവൈത്ത്
രാജ്യത്തെ ഭക്ഷ്യശേഖരം, ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ എന്നിവയും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി പ്രത്യേകം ഒരുക്കങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്.
കുവൈത്ത് സിറ്റി | ബഹ്റൈനിന് നേരെ രണ്ട് ദിവസമായി ഇറാന് നടത്തിവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലും അതീവ ജാഗ്രത. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബഹ്റൈനിനു നേരെ കനത്ത വ്യോമാക്രമണമാണ് ഇറാന് നടത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ദിവസവും അപകട മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയതായി ബഹ്റൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമണങ്ങളിലൂടെ ഇറാന് പ്രധാനമായി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്കന്‍-ഇറാന് യുദ്ധത്തെ തുടര്‍ന്ന് ഏറ്റവും അധികം ആക്രമണത്തിന് വിധേയമായ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്. ഇതിനാല്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന കുവൈത്തും ഏറെ ജാഗ്രതയോടെയാണ് മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തി വരുന്നത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ കുവൈത്ത് നേരത്തെ തന്നെ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി കുവൈത്ത് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു. രാജ്യത്തെ ഭക്ഷ്യശേഖരം, ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ എന്നിവയും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി പ്രത്യേകം ഒരുക്കങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്.
Content Highlights: Kuwait has raised its security alert level following recent Iranian threats and escalating tensions directed at Bahrain. Authorities are closely monitoring regional developments to ensure national stability and border security. The Gulf nations continue to coordinate responses amid growing geopolitical concerns.




