Kerala
എല്‍ പി എസ് ടി സമരക്കാരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍; ആശുപത്രിയിലും നിരാഹാരം തുടര്‍ന്ന് വളര്‍മതി
22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ് വളര്‍മതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നേരിട്ടുള്ള ഇടപെടല്‍.
തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് മുന്നില്‍ 134 ദിവസമായി സമരം തുടരുന്ന എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ് വളര്‍മതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നേരിട്ടുള്ള ഇടപെടല്‍. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ സമരസമിതിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളര്‍മതിയെ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, ചര്‍ച്ച എപ്പോള്‍, എവിടെ വെച്ച് നടക്കുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം, ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടും വളര്‍മതി നിരാഹാര സമരം തുടരുകയാണ്. നിര്‍ജ്ജലീകരണവും രക്തത്തിലെ സോഡിയം അടക്കമുള്ള ഇലക്ട്രോലൈറ്റുകളുടെ അളവ് കുറയുന്നതും ജീവന് ഭീഷണിയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വളര്‍മതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ എസ് അഞ്ജുവും ആശുപത്രിയിലെത്തി വളര്‍മതിയെ സന്ദര്‍ശിച്ചിരുന്നു.
ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും, ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടാകുന്നത് വരെ നിരാഹാര സമരം പിന്‍വലിക്കില്ലെന്ന് വളര്‍മതി വ്യക്തമാക്കിയിട്ടുണ്ട്. വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരപ്പന്തലില്‍ ഉദ്യോഗാര്‍ഥി എം ജയകൃഷ്ണനും നിരാഹാരം തുടരുകയാണ്.
Content Highlights: The Kerala government has initiated discussion efforts with LPST protesters. Meanwhile, PSC rank-holder Valarmathi is continuing her indefinite hunger strike from the hospital. The protest focuses on securing employment for eligible candidates.



